എസ്.ബി.ഐ അക്കൗണ്ടുണ്ടോ? എങ്കിൽ ഇത്തരം മെസേജിൽ ക്ലിക്ക് ചെയ്യരുത്
text_fieldsന്യൂഡൽഹി: എസ്.ബി.ഐ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങൾ സജീവമായതായി റിപ്പോർട്ട്. കെ.വൈ.സി രേഖകൾ അപ്‌ഡേറ്റ് ചെയ്യാനെന്ന പേരിൽ സന്ദേശമയച്ചാണ് തട്ടിപ്പിന് അരങ്ങൊരുക്കുന്നത്. ചൈനയിൽ നിന്നുള്ള ഒരു കൂട്ടം ഹാക്കർമാരാണ് ഇതിന് പിന്നിെലന്ന് ഡൽഹി കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന സൈബർ പീസ് ഫൗണ്ടേഷൻ പറയുന്നു.
"നിങ്ങളുടെ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യുക" എന്ന നിർദേശത്തോടൊപ്പം അതിനുള്ള ലിങ്കും ഉൾപ്പെടുത്തിയാണ് സന്ദേശങ്ങൾ അയക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്ത നിരവധി പേർക്കാണ് പണം നഷ്ടമായത്. ഇത്തരം മെസേജുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് സൈബർ പീസ് ഫൗണ്ടേഷൻ മുന്നറിയിപ്പ് നൽകുന്നു. മറ്റുബാങ്കുകളുടെ പേരിലും ഇത്തരം തട്ടിപ്പ് അരങ്ങേറുന്നുണ്ട്.
പണം തട്ടുന്നത് ഇങ്ങനെ:
എസ്.ബി.ഐ ഔദ്യോഗികമായി അയക്കുന്ന സന്ദേശങ്ങളുടെ അതേ രൂപത്തിലാണ് തട്ടിപ്പുസംഘവും ഉപഭോക്താക്കൾക്ക് എസ്.എം.എസ്/ ഇ മെയിൽ സന്ദേശങ്ങൾ അയക്കുന്നത്. എന്നാൽ, ഒപ്പമുള്ള ലിങ്കിലാണ് വ്യത്യാസമുണ്ടാവുക. ഈ ലിങ്ക് തുറന്നാൽ എസ്.ബി.ഐയുടെ ഒൗദ്യോഗിക വെബ്സെറ്റിന് പകരം അതേ കെട്ടിലും മട്ടിലുമുള്ള ഹാക്കർമാരുടെ സൈറ്റാണ് തുറക്കുക.
ഈ പേജിൽ യൂസർനെയിം, പാസ്‌വേഡ് തുടങ്ങിയ രഹസ്യ വിവരങ്ങൾ ഒരു ക്യാപ്‌ച കോഡിനൊപ്പം സമർപ്പിക്കണം. തുടർന്ന്, ഉപഭോക്താവിന്‍റെ മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി (വൺ ടൈം പാസ്‌വേഡ്) അയക്കും. ഈ ഒ.ടി.പി നൽകിയാൽ അക്കൗണ്ട് ഉടമയുടെ പേര്, മൊബൈൽ നമ്പർ, ജനനത്തീയതി തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെടുന്ന മറ്റൊരു പേജിലേക്ക് റീഡയറക്‌ടുചെയ്യും. ഇതും പൂർത്തീകരിച്ചാൽ വീണ്ടും ഒ.ടി.പി അയക്കുകയും പണം നഷ്ടമാവുകയും ചെയ്യും. തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ലക്ഷങ്ങൾ സമ്മാനം നൽകുന്നുവെന്ന സന്ദേശങ്ങൾ അയച്ചും ഇത്തരം തട്ടിപ്പുകൾ അരങ്ങേറുന്നുണ്ട്.
പറ്റിക്കപ്പെടാതിരിക്കാൻ ചെയ്യണം?
ഒരുമെസേജിൽ സംശയം തോന്നിയാൽ എന്താണ് ചെയ്യുക? സാധാരണഗതിയിൽ എല്ലാവരും ഗൂഗ്ളിൽ സർച്ച് ചെയ്ത് ലഭിക്കുന്ന ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കും. എന്നാൽ, ഇൗ രീതി കൂടുതൽ അപകടകരമാണെന്നാണ് സമീപകാല അനുഭവങ്ങൾ നമ്മോട് പറയുന്നത്. കാരണം, ചില ഹാക്കർമാർ ഹെൽപ്ലൈൻ നമ്പറായി തങ്ങളുടെ നമ്പർ എഡിറ്റ് ചെയ്ത് ചേർത്താണ് തട്ടിപ്പിന് അരങ്ങൊരുക്കുന്നത്. ഇത്തരം നമ്പറിൽ വിളിച്ചാൽ നേരിട്ട് ഹാക്കർമാരുടെ മുന്നിലാണ് നിങ്ങൾ തലവെച്ചുകൊടുക്കുക.
പകരം, ബാങ്കുമായി ബന്ധപ്പെട്ട എന്ത് മെസേജ് ലഭിച്ചാലും നിങ്ങളുടെ ബ്രാഞ്ചിലെ ലാൻഡ് ഫോൺ നമ്പറുകളിൽ വിളിച്ചോ, നേരിൽ പോയോ വിവരങ്ങൾ അന്വേഷിച്ച് ഉറപ്പിക്കുന്നതാവും അഭികാമ്യം. അതല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റോ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടുകളിലോ സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.