കോവിഡിൽ നിന്നുള്ള തിരിച്ചു വരവിന്‍റെ മുഴുവൻ ക്രെഡിറ്റും കേന്ദ്രസർക്കാറിന്; പൊതുമേഖല സ്ഥാപനങ്ങൾ വിറ്റതും ഗുണകരമെന്ന് ശക്തികാന്തദാസ്
text_fieldsന്യൂഡൽഹി: കോവിഡിന് ശേഷം സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവിന്‍റെ മുഴുവൻ ക്രെഡിറ്റും കേന്ദ്രസർക്കാറിനാണെന്ന്ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. കേന്ദ്രസർക്കാറിനെ പിന്തുണക്കുക മാത്രമാണ് ആർ.ബി.ഐ ചെയ്തത്. ഈ സാമ്പത്തിക വർഷം ജി.ഡി.പിയിൽ 9.5 ശതമാനം വളർച്ചയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനികുതി കുറവ്, ടെലികോം സെക്ടറിലെ നികുതി മാറ്റങ്ങൾ, എയർ ഇന്ത്യയുടെയും ചില പൊതു മേഖല ബാങ്കുകളുടേയും വിൽപന തുടങ്ങിയ കേന്ദ്രസർക്കാറിന്‍റെ തീരുമാനങ്ങളെല്ലാം സമ്പദ്വ്യവസ്ഥക്ക് ഗുണകരമായെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. വലിയ പരിഷ്കാരങ്ങളെല്ലാം വളർച്ചയെ സഹായിക്കുന്നതായിരുന്നു. എന്നാൽ, ആഗോളതലത്തിൽ എണ്ണവില ഉയരുന്നതും ചില രാഷ്ട്രീയ അസ്ഥിരതകളും ഇന്ത്യക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്. എങ്കിലും ഇന്ത്യയുടെ വളർച്ച നിരക്ക് ഇപ്പോഴും പോസിറ്റീവായി തന്നെ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, കോവിഡ് പ്രതിസന്ധിയിൽ നിന്നും മോചനം നേടിയ ചില വികസിത രാജ്യങ്ങളിലെ സ്ഥിതി സസൂക്ഷ്മം നിരീക്ഷിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറിയ രാജ്യങ്ങൾ ആദ്യം നല്ല വളർച്ചയുണ്ടാക്കുകയും പിന്നീട് ഇതിന്‍റെ തോതിൽ ഇടിവ് വരികയും ചെയ്തിരുന്നു. ആഗോള സമ്പദ്വ്യവസ്ഥയുടെ വളർച്ച 5.9 ശതമാനം മാത്രമായിരിക്കുമെന്നതും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ചില ബാങ്കുകളിൽ നിന്നുള്ള വിവരമനുസരിച്ച് നിക്ഷേപവും വായ്പകളും വർധിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷത്തോടെ ഇതിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കുകളുടെ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോർപ്പറേറ്റ് വായ്പകളെ ഗാർഹിക വായ്പകൾ മറികടന്നുവെന്ന് അവർ അറിയിച്ചതായും ആർ.ബി.ഐ ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.