ഡീസൽ തീർന്നു; ശ്രീലങ്കയിൽ കടുത്ത പ്രതിസന്ധി
text_fieldsകൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന ശ്രീലങ്കക്ക് കനത്ത തിരിച്ചടിയായ രാജ്യത്തെ ഡീസൽ തീർന്നു. ലങ്കയിൽ എവിടെയും ഡീസൽ ഇപ്പോൾ ലഭ്യമല്ലെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ രാജ്യത്തെ 22 മില്യൺ ജനങ്ങളുടെ ജീവിതം വീണ്ടും പ്രതിസന്ധിയിലായി. ഡീസൽ ക്ഷാമം വലിയ പവർകട്ടിലേക്ക് നയിക്കുമെന്നാണ് ആശങ്ക.
കടുത്ത പ്രതിസന്ധിയിലായ ലങ്കക്ക് ഇന്ധന ഇറക്കുമതിക്കുള്ള വിദേശനാണ്യം കൈയിലില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. പെട്രോളിന്റെ വിതരണം ഇപ്പോൾ നടക്കുന്നുണ്ടെങ്കിലും വൈകാതെ അതും തീരുമെന്നാണ് റിപ്പോർട്ട്. ഗാരേജിലുള്ള ബസുകളിൽ നിന്ന് ഡീസൽ എടുത്താണ് ഇപ്പോൾ ചില ബസുകളുടേയെങ്കിലും സർവീസ് നടത്തുന്നതെന്ന് ലങ്കൻ ഗതാഗത മന്ത്രി പറഞ്ഞു. ഡീസൽ ക്ഷാമത്തെ തുടർന്ന് 13 മണിക്കൂർ പവർകട്ട് ഏർപ്പെടുത്താൻ നിർബന്ധിതമായിരിക്കുകയാണെന്ന് വൈദ്യുതി വിതരണ കമ്പനികൾ അറിയിച്ചു.
രണ്ട് ദിവസത്തിന് ശേഷം ഡീസലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം പവർകട്ടിന്റെ ദൈർഘ്യം കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിലോൺ ഇലക്ട്രിസിറ്റി ബോർഡ് ചെയർമാൻ എം.എം.സി ഫെർഡിനാൻഡോ പറഞ്ഞു. ജലവൈദ്യുതി പദ്ധതികളിൽ നിന്നുള്ള വൈദ്യുതി വിഹിതവും കുറയുകയാണ്.
ദീർഘമായ പവർകട്ട് വന്നതോടെ കൊളംബോ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രവർത്തനസമയം ചുരുക്കി. രണ്ടര മണിക്കൂറാക്കിയാണ് സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവർത്തനസമയം നിജപ്പെടുത്തിയത്. വൈദ്യുതി ക്ഷാമം മൊബൈൽ ഫോൺ ടവറുകളുടെ പ്രവർത്തനത്തേയും ബാധിച്ചിട്ടുണ്ട്. പല ആശുപത്രികളും ശസ്ത്രക്രിയകളും നിർത്തിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.