സംസ്ഥാനത്തിന്റെ ധനകമ്മി കുതിക്കുന്നു; 40,969.69 കോടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിെൻറ ധനകമ്മി കുതിച്ചുയർന്നു. 20-21ൽ മൊത്തം ചെലവിെൻറ 29.50 ശതമാനമായ 40,969.69 കോടിയായി ധനകമ്മി ഉയർന്നു. റവന്യൂ കമ്മി 25,829.50 കോടിയായും വർധിച്ചതായും നിയമസഭയിൽ സമർപ്പിച്ച സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. പൊതുകടത്തിൽനിന്ന് 30,807.51 കോടിയും മറ്റ് ബാധ്യതകളിൽനിന്ന് 10,162.18 കോടിയുമടങ്ങുന്നതാണ് കമ്മി.
റവന്യൂ കമ്മി 16-17ലെ 15,484.59 കോടിയിൽ നിന്നാണ് 25,829.50 കോടിയിലെത്തിയത്. ധനകമ്മി 26,448.35 കോടിയിൽനിന്ന് 40,969.69 കോടിയായി. കഴിഞ്ഞ വർഷത്തേക്കാൾ 17132 കോടിയുടെ വർധന ധനകമ്മിയിലും 11334.25 കോടി റവന്യൂ കമ്മിയിലും ഉണ്ടായി. മൂലധന വരവുകൾ കുറഞ്ഞതും വായ്പയും മുൻകൂറുകളും നൽകുന്നതിൽ വന്ന വർധനയുമാണ് ഇത്രയും കമ്മിക്ക് കാരണം. 20-21ൽ റവന്യൂ കമ്മി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുവെങ്കിലും 3. 40 ശതമാനമായി നിലനിൽക്കുന്നു. ധനകമ്മി മൂന്ന് ശതമാനമാക്കാൻ ലക്ഷ്യമിട്ടത് 5.40 ശതമാനമായി.
റവന്യൂ വരുമാനങ്ങളുടെ 69.38 ശതമാനവും ശമ്പളം, പെൻഷൻ, പലിശ എന്നിവക്ക് വിനിയോഗിക്കുകയാണ്. ഇവക്ക് 97,616.83 കോടിയാണ് വേണ്ടി വന്നത്. ശമ്പളത്തിന് മാത്രം 27810.94 കോടിയും പലിശ തിരിച്ചടവുകൾക്ക് 20975.36 കോടിയും പെൻഷന് 18942.85 കോടിയുമാണ് ചെലവിട്ടത്. ഒരു രൂപ വരവിൽ 39 പൈസയും കടം വാങ്ങിയതായിരുന്നു. നികുതി വരുമാനം 33 രൂപയേ ഉള്ളൂ. 18 ശതമാനം കേന്ദ്ര സഹായമായിരുന്നു.
ബാധ്യത 40.63 ശതമാനം വർധിച്ചു. 19-20നും 20-21നും ഇടയിൽ ജി.എസ്.ഡി.പി 7.94 ശതമാനം കുറഞ്ഞപ്പോൾ റവന്യൂ വരവ് 8.19 ശതമാനം വർധിച്ചു. റവന്യൂ ചെലവുകൾ ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ 21776 കോടി കുറവായിരുന്നു. മൂലധന ചെലവ് 15,438.16 കോടി കണക്കാക്കിയെങ്കിലും 2205.13 കോടി കുറവായിരുന്നു. പെൻഷന് കരുതിയതിൽ 2027.56 കോടി വിനിയോഗമുണ്ടായില്ല. 20-21 അവസാനം വീട്ടാനുള്ള പൊതുകടം 2,05,447.73 കോടി രൂപയാണ്. മറ്റ് ബാധ്യതകൾ 1,02,938.27 കോടിയും.
ലഘുസമ്പാദ്യങ്ങൾ, പി.എഫ് നിക്ഷേപങ്ങൾ എന്നിവയിൽ 12,045.02 കോടി വർധിച്ചു. പലിശ ബാധ്യതയായ 20,940.98 കോടി രൂപ റവന്യൂ ചെലവിെൻറ 16.96 ശതമാനമാണ്. പലിശ ബാധ്യത ഒരുവർഷം കൊണ്ട് 1755.72 കോടി വർധിച്ചു. 20-21ൽ 62,716.62 കോടി ആഭ്യന്തര കടമെടുത്തു. 38,202.56 കോടിയുടെ കടം തീർത്തു. 20-21ൽ 49076.88 കോടിയുടെ ഗാരന്റിയാണ് സർക്കാർ നിന്നത്. 36,600.98 കോടിയുടെ ഗാരന്റി തുക വീട്ടാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.