ഹിൻഡൻബർഗ് അദാനിയുടെ വീഴ്ചയുടെ തുടക്കം ?
text_fieldsഇന്ത്യൻ വ്യവസായ ലോകത്ത് കുറച്ച് വർഷങ്ങളായി ഉയർന്നുകേട്ടത് ഗൗതം അദാനിയെന്ന പേരാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ 2014 അധികാരത്തിലെത്തിയതിന് ശേഷം ശരവേഗത്തിലായിരുന്നു അദാനിയുടെ വളർച്ച. ആരുടെയും കണ്ണുതള്ളിക്കുന്ന നേട്ടമാണ് അദാനി ചുരുങ്ങിയ സമയത്തിനുള്ളിലുണ്ടാക്കിയത്. പക്ഷേ, താൽക്കാലികമാണ് അദാനിയെന്ന പ്രതിഭാസമെന്നും അതിന് നിലനിൽപ്പില്ലെന്നും രാജ്യത്തെ ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ മോദിയെന്ന പ്രധാനമന്ത്രിയുടെ പിന്തുണയും ആസൂത്രിതമായ പി.ആർ പ്രവർത്തനങ്ങളും അദാനിയെന്ന വ്യവസായിക്ക് മേൽ സംരക്ഷിത കവചം തീർത്തു. ഒടുവിൽ ആ സോപ്പുകുമിളയിൽ വിള്ളൽ വീഴുകയാണ്. ഹിൻഡൻബർഗ് റിസർച്ച് എന്ന സ്ഥാപനം പുറത്തുവിട്ട വിവരങ്ങൾ അദാനി ഗ്രൂപ്പിന്റെ ആണിക്കല്ല് ഇളക്കുന്ന രേഖകളാണ്.
രണ്ട് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ഹിൻഡൻബർഗ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. 218 ബില്യൺ ഡോളറിന്റെ അദാനി സാമ്രാജ്യം ഗൗതം അദാനി കെട്ടിപ്പടുത്തത് ഓഹരിയിൽ കൃത്രിമം കാണിച്ചും മറ്റ് ചില തട്ടിപ്പുകൾ നടത്തിയുമാണെന്നാണ് ഹിൻഡൻബർഗ് കണ്ടെത്തൽ. 120 ബില്യൺ ഡോളറാണ് അദാനിയുടെ ആകെ ആസ്തി. ഇതിൽ 100 ബില്യൺ ഡോളറും മൂന്ന് വർഷത്തിനുള്ളിലാണ് കൂട്ടിച്ചേർത്തത്. ഏഴോളം അദാനി ലിസ്റ്റഡ് കമ്പനികളുടെ ഓഹരി വില കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 819 ശതമാനം ഉയർന്നുവെന്നത് ദുരൂഹമാണെന്നാണ് ഹിൻഡൻബർഗ് പറയുന്നത്.
അദാനിയുടെ സഹോദരനായ വിനോദ് അദാനിയുടെ ഉടമസ്ഥതയിൽ മൗറീഷസ്, കരീബിയൻ രാജ്യങ്ങൾ എന്നിവയിൽ നിരവധി കടലാസ് കമ്പനികളാണുള്ളത്. ജീവനക്കാരോ കൃത്യമായ അഡ്രസോ പോലുമില്ലാത്ത കമ്പനികളാണ് ഇവയെന്നാണ് ഹിൻഡൻബർഗിന്റെ കണ്ടെത്തൽ. മൗറീഷ്യസിൽ മാത്രം വിനോദ് അദാനിയുടേയും അടുത്തയാളുകളുടേയും ഉടമസ്ഥതയിൽ 38ഓളം കമ്പനികളാണുള്ളത്. നിർജീവമായ ഈ കമ്പനികളിൽ നിന്നും കോടികളാണ് ഇന്ത്യയിലുള്ള അദാനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്ക് ഒഴുകിയെത്തിയത്.
സ്റ്റോക്ക് പാർക്കിങ്, ഓഹരികളിൽ കൃത്രിമം നടത്തൽ, കള്ളപ്പണം വെളുപ്പിക്കൽ, അദാനി കമ്പനികളിലേക്ക് വൻതോതിൽ പണമെത്തിച്ച് സാമ്പത്തികസ്ഥിതി സുസ്ഥിരമായി നിലനിർത്തൽ എന്നിവയാണ് ഇൗ കടലാസ് കമ്പനികളുടെ പ്രധാന ദൗത്യം. അദാനിയെന്ന വ്യവസായിയെ ഇത്രയും കാലം വീഴാതെ പിടിച്ചുനിർത്തിയതിൽ ഈ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തൽ.
ഇതിനൊപ്പം കുതിച്ചുയരുന്ന അദാനിയുടെ കടം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്ക് തന്നെ വെല്ലുവിളിയാണ്. സ്ഥാപനങ്ങളുടെ യഥാർഥ മൂല്യത്തേക്കാൾ കൂടുതൽ തുക പല അദാനി സ്ഥാപനങ്ങൾക്കും വായ്പയായി ലഭിച്ചത്. പലപ്പോഴും ഓഹരികളിൽ ഉൾപ്പടെ കൃത്രിമം കാണിച്ചാണ് കമ്പനികളുടെ മൂല്യം ഉയർത്തിയത്. ഇത്തരത്തിൽ അദാനിക്ക് വായ്പ നൽകിയതിൽ പൊതുമേഖല ബാങ്കുകളും ഉൾപ്പെടും. നാളെ സാമ്രജ്യം തകരുമ്പോൾ വിജയ് മല്യയെ പോലെ മറ്റൊരു രാജ്യത്തിന്റെ സുരക്ഷിതത്വത്തിലേക്ക് ഗൗതം അദാനിയും പറന്നിറങ്ങിയാൽ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ ഉൾപ്പടെ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കും.
ഗൗതം അദാനിയുടെ തട്ടിപ്പിന്റെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ പുതിയ വിവരങ്ങൾ കൂടി പുറത്തു വരുമ്പോൾ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ എന്താണ് സംഭവിക്കുകയെന്നാണ് എല്ലാവരും കൗതുകത്തോടെ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.