സാമ്പത്തിക പ്രതിസന്ധി മറികടക്കില്ല; ലക്ഷ്യം തെരഞ്ഞെടുപ്പ്
text_fields'അസാധാരണമായ സാഹചര്യത്തിലെ അസാധാരണ ബജറ്റ്' ബജറ്റവതരണത്തിന് മുമ്പ് ധനമന്ത്രി നിർമല സീതാരാമൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 100 വർഷത്തിനിടയിൽ ഇതുവരെ കാണാത്ത ബജറ്റ് അവതരിപ്പിക്കുമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. കോവിഡ് പ്രതിസന്ധിക്കിടെ അവതരിപ്പിച്ച ബജറ്റിൽ പ്രധാനമായും ഊന്നൽ നൽകുന്നത് കാർഷിക മേഖലക്കും ആരോഗ്യമേഖലക്കുമാണ്. എന്നാൽ, കോവിഡിനെ പ്രതിസന്ധിയെ മറികടക്കാനുള്ള ഭാവനപൂർണമായ നിർദേശങ്ങൾ ബജറ്റിൽ ഇടംപിടിച്ചില്ലെന്ന് ഇപ്പോൾ തന്നെ വിമർശനമുണ്ട്. അതുപോലെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്കായി വലിയ പദ്ധതികൾ പ്രഖ്യാപിച്ചുവെന്നതും ശ്രദ്ധേയമാണ്.
ഊന്നൽ കാർഷിക, ആരോഗ്യ മേഖലക്ക്
ബജറ്റിലെ ഊന്നൽ കാർഷിക വ്യവസായിക മേഖലകൾക്കാണ്. കോവിഡിന്‍റെ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചില്ലെങ്കിലും ആരോഗ്യമേഖലയുടെ വിഹിതം 137 ശതമാനം ഉയർത്തി. വാക്സിനായി 35,000 കോടി നീക്കിവെക്കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്. അതിർത്തികളിൽ തുടരുന്ന കാർഷിക പ്രതിഷേധം തണുപ്പിക്കുന്നതിനുള്ള ചില ഗിമ്മിക്കുകൾക്കും ധനമന്ത്രി മുതിർന്നിട്ടുണ്ട്. കാർഷിക വായ്പ പരിധി ഉയർത്തുക, കാർഷിക സെസ്, താങ്ങുവില എന്നിവയിലെല്ലാമുള്ള പ്രഖ്യാപനങ്ങളിലൂടെ കർഷകരുടെ സമരവീര്യം തണുപ്പിക്കാൻ കഴിയുമെന്നാണ് നിർമല സീതാരാമൻ കണക്കു കൂട്ടുന്നത്.
മാറ്റമില്ലാതെ സ്വകാര്യവൽക്കരണം
കഴിഞ്ഞ ബജറ്റുകളിൽ തുടർന്ന സ്വകാര്യവൽക്കരണത്തിന് ഈ ബജറ്റിലും മാറ്റമില്ല. ബഹുഭൂരിപക്ഷം െപാതുമേഖല സ്ഥാപനങ്ങളുടേയും ഓഹരി വിൽക്കുമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിലൂടെ 1.17 ലക്ഷം കോടി രൂപ സ്വരൂപീക്കാനാണ് ലക്ഷ്യമിടുന്നത്. ഇൻഷൂറൻസ് നിയമം ഭേദഗതി ചെയ്ത് മേഖലയിലെ വിദേശ നിക്ഷേപം 49 ശതമാനത്തിൽ നിന്ന് 74 ശതമാനമാക്കിയാണ് ഉയർത്തിയത്. ഇൻഷൂറൻസ് മേഖലയിൽ വലിയ രീതിയിൽ വിദേശ കമ്പനികൾ കടന്നു വരുന്നതിന് ഇത് ഇടയാക്കും. എൽ.ഐ.സി പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾക്ക് വലിയ പ്രാധാന്യമുള്ള മേഖലയിൽ വിദേശ കമ്പനികളുടെ കടന്നു വരവ് ആശങ്ക സൃഷ്ടിക്കും.
പണം നേരിട്ടെത്തിക്കാനുള്ള പദ്ധതി ഇക്കുറിയുമില്ല
നോട്ട് നിരോധനം, ജി.എസ്.ടി, കോവിഡ് തുടങ്ങി രാജ്യത്തെ സാമ്പത്തികരംഗം വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോൾ സാമ്പത്തിക വിദഗ്ധർ ഒരുപോലെ ആവശ്യപ്പെട്ട ഒന്നായിരുന്നു ജനങ്ങൾക്ക് പണം നേരിട്ടെത്തിക്കുന്നതിനുള്ള പദ്ധതി. ഉപഭോഗം വർധിപ്പിച്ച് സാമ്പത്തിക വളർച്ച വീണ്ടും ട്രാക്കിലാക്കാൻ ഇതിന് കഴിയുമെന്നായിരുന്നു അഭിപ്രായം. എന്നാൽ, മുൻ വർഷങ്ങളിലെ പോലെ ഇക്കുറിയും അത്തരമൊരു പദ്ധതി ഇടംപിടിച്ചിട്ടില്ല. ജനങ്ങൾക്ക് നേരിട്ട് പണമെത്തിക്കുന്നതിനുളള പല കേന്ദ്രസർക്കാർ പദ്ധതികളുടെ വിഹിതം ഉയർത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി കിസാൻ യോജന, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുടെ തുക ഉയർത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇക്കുറിയും അതുണ്ടായില്ല. 75 വയസിന് മുകളിലുള്ളവർക്ക് ആദായ നികുതി ഒഴിവാക്കിയത് മാത്രമാണ് ജനങ്ങളിൽ പണമെത്തിക്കുന്നതിനുള്ള പ്രധാന നീക്കം.
തൊഴിൽ സൃഷ്ടിക്കാൻ അടിസ്ഥാന സൗകര്യ വികസനം
രാജ്യത്ത് തൊഴിൽ സൃഷ്ടിക്കാൻ ഇക്കുറിയും ധനമന്ത്രി അടിസ്ഥാന സൗകര്യ വികസന മേഖലയെ തന്നെയാണ് കൂട്ടുപിടിക്കുന്നത്. മുൻ വർഷങ്ങൾക്ക് സമാനമായി ഇക്കുറിയും മേഖലക്കായി വലിയ തുക നീക്കിവെച്ചിട്ടുണ്ട്. പക്ഷേ, ഈ പദ്ധതികൾ യാഥാർഥ്യമാക്കണമെങ്കിൽ വലിയ തുക ആവശ്യമായി വരും. ധനകമ്മിയിൽ ഉഴലുന്ന സർക്കാറിന് ഈ തുക കണ്ടെത്തുന്നത് ബുദ്ധിമുേട്ടറിയ കാര്യമാവും.
ധനകമ്മി പ്രതിസന്ധിയാവും
രാജ്യത്ത് വർധിച്ച് വരുന്ന ധനകമ്മി വരും വർഷങ്ങളിൽ നരേന്ദ്രമോദി സർക്കാറിന് വെല്ലുവിളിയാവും. 2020-21 സാമ്പത്തിക വർഷത്തിൽ 9.5 ശതമാനമായിരിക്കും ധനകമ്മി. 2022 സാമ്പത്തിക വർഷത്തിൽ ഇത് 6.8 ശതമാനമാക്കി കുറയുമെന്നും 2025ൽ ഇത് അഞ്ച് ശതമാനമാക്കാണ് ലക്ഷ്യമിടുന്നത്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ 80,000 കോടി സർക്കാറിന് ചെലവിനായി ആവശ്യം വരുമെന്നും ധനമന്ത്രി പറയുന്നുണ്ട്. വർധിച്ചു വരുന്ന ധനകമ്മി മറികടക്കാൻ ഏകദേശം 12 ലക്ഷം കോടി കടമെടുക്കേണ്ടി വരുമെന്നാണ് ധനമന്ത്രിയുടെ പ്രസ്താവന. വലിയ രീതിയിലുള്ള കടമെടുപ്പും ധനകമ്മിയും സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച് അത്ര ഗുണകരമാവില്ലെന്ന് ഉറപ്പാണ്.
തെരഞ്ഞെടുപ്പും ലക്ഷ്യം
ബജറ്റിന്‍റെ മറ്റൊരു പ്രധാനലക്ഷ്യം വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പാണ്. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങൾക്കായി വലിയ പ്രഖ്യാപനങ്ങളുണ്ട്. കേരളത്തിന് 65,000 കോടിയുടെ പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ദേശീയപാത വികസനത്തിനൊപ്പം കൊച്ചി മെട്രോയും ബജറ്റിൽ ഇടംപിടിച്ചു. ഇതേ രീതിയിൽ തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങൾക്കും ബജറ്റിൽ വലിയ വിഹിതമുണ്ട്. എന്നാൽ, കേരളം കാത്തിരുന്ന ശബരി റെയിൽപാത, എയിംസ് ഉൾപ്പടെ പ്രധാനപ്പെട്ട പദ്ധതികളെ കുറിച്ച് ബജറ്റിൽ പരാമർശമില്ലെന്നതും ശ്രദ്ധേയമാണ്.
കോവിഡ് തകർത്തെറിഞ്ഞ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും കാര്യമായി പരിഗണിക്കാതെയാണ് ഈ വർഷത്തെ ബജറ്റ് കടന്നു പോകുന്നത്. മിനി ബജറ്റുകളെന്ന് അറിയപ്പെട്ട പാക്കേജുകൾക്കപ്പുറം കോവിഡിനെ നേരിടാൻ വലിയ പദ്ധതികളില്ല. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം തൊഴിലാളികളെയും ബജറ്റ് കാര്യമായി പരിഗണിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. കേരളത്തിനുള്ള വലിയ പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന വിമർശനം ഇപ്പോൾ തന്നെ ഉയർന്നു കഴിഞ്ഞു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.