നോട്ട് നിരോധിച്ചപ്പോൾ മോദിപറഞ്ഞത് വെറും വാക്കായി; കറൻസിയുടെ എണ്ണം കൂടി
text_fieldsന്യൂഡൽഹി: നോട്ടു നിരോധനത്തിനൊപ്പം കൊണ്ടുവന്ന 2,000 രൂപ നോട്ടുകൾ മിക്കവാറും കാണാമറയത്ത്. പ്രചാരത്തിലുള്ള കറൻസി നോട്ടുകളിൽ 1.6 ശതമാനം മാത്രമാണ് 2,000 രൂപ നോട്ടുകളെന്ന് റിസർവ് ബാങ്ക്. വിപണിയിലും പോക്കറ്റിലും ഈ നോട്ടിന്റെ സാന്നിധ്യം കുറഞ്ഞു. 214 കോടിയുടെ 2,000 രൂപ നോട്ട് മാത്രമാണ് പ്രചാരത്തിൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താൽപര്യ പ്രകാരമാണ് 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച് പുതിയ 500, 2000 രൂപ നോട്ടുകൾ ഇറക്കിയത്. മാറ്റിക്കിട്ടാൻ പ്രയാസമായ 2000 നോട്ടിനെ ജനം തഴയുകയാണ് ചെയ്തത്. അതോടെ റിസർവ് ബാങ്ക് അവ ഘട്ടങ്ങളായി പിൻവലിച്ച് ചെറിയ നോട്ടുകൾ കൂടുതലായി അച്ചടിച്ചുവരുകയാണ്.
നോട്ടു നിരോധനം കള്ളപ്പണം തടയുന്നതിനൊപ്പം കറൻസി നോട്ടുകളുടെ എണ്ണം കുറച്ച് സർക്കാർ ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഡിജിറ്റൽ ഇടപാട് വർധിച്ചെങ്കിലും നോട്ടിന്റെ കാര്യത്തിൽ റിസർവ് ബാങ്കിന്റെ കണക്കുകൾ നൽകുന്ന ചിത്രം മറ്റൊന്നാണ്.
ഇക്കഴിഞ്ഞ മാർച്ചിലെ കണക്കുപ്രകാരം രാജ്യത്ത് പ്രചാരത്തിലുള്ള കറൻസി നോട്ടുകളുടെ എണ്ണം 13,053 കോടിയാണ്. ഫലത്തിൽ ഒരു വർഷം കൊണ്ട് കറൻസി നോട്ടുകളുടെ എണ്ണത്തിൽ 616 കോടിയുടെ വർധനവുണ്ടായി. മൊത്തം കറൻസികളുടെ മൂല്യം 31.05 ലക്ഷം കോടി. 2021 മാർച്ചിൽ 28.27 ലക്ഷം കോടിയായിരുന്നു. ഒരു വർഷം കൊണ്ട് നോട്ടിന്റെ എണ്ണത്തിൽ അഞ്ചു ശതമാനം വർധന; മൂല്യത്തിൽ 9.9 ശതമാനം.
പ്രചാരത്തിലുള്ള കറൻസിയിൽ ഏറ്റവും കൂടുതൽ 500 രൂപ നോട്ടുകളാണ് -34.9 ശതമാനം. അതു കഴിഞ്ഞാൽ 10 രൂപ. 21.3 ശതമാനവും 10ന്റെ നോട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.