Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഓഹരി വിപണി...

ഓഹരി വിപണി എളുപ്പമായിരിക്കില്ല; കനത്ത ചാഞ്ചാട്ടവും തിരുത്തലും പ്രതീക്ഷിക്കാം

text_fields
bookmark_border
ഓഹരി വിപണി എളുപ്പമായിരിക്കില്ല; കനത്ത ചാഞ്ചാട്ടവും തിരുത്തലും പ്രതീക്ഷിക്കാം
cancel

ഞാഞ്ഞൂലിനും പത്തിവെക്കുന്ന കാലമാണ് ഓഹരി വിപണിയിലെ ബുൾ റൺ. അടിത്തറ ശക്തമല്ലാത്ത കുഞ്ഞൻ ഓഹരികൾ മുതൽ കോടികളുടെ കടക്കെണിയും നഷ്ടങ്ങളുടെ കണക്കുപുസ്തകവുമുള്ള കമ്പനികളുടെ ഓഹരികൾ വരെ വിപണിയിലേക്ക് കുത്തിയൊഴുകുന്ന ഫണ്ടിന്റെ ഓളത്തിലങ്ങ് കയറിപ്പോകും. സ്മാൾ കാപ് സൂചികയെടുത്താൽ (അതിലാണല്ലോ വൻ കുതിപ്പുണ്ടായത്) കോവിഡ് കാലത്തെ കൂപ്പുകുത്തലിനുശേഷം 2020 മാർച്ച് മുതൽ 2022 ജനുവരി വരെ ഇങ്ങനെയൊരു കാലമായിരുന്നു. പുതുതായി വിപണിയിലെത്തിയ പലർക്കും നല്ല ലാഭം ഇങ്ങനെ കിട്ടി. പിന്നീട് കുറച്ചുകാലം കയറിയും ഇറങ്ങിയും കടന്നുപോയി. അടുത്ത ബുൾ റൺ ആരംഭിക്കുന്നത് കഴിഞ്ഞ വർഷം മാർച്ചിലാണ്. ചെറിയ തിരുത്തലുകൾ വന്നാലും ഏതാനും ദിവസങ്ങൾക്കകം തിരിച്ചുകയറി സൂചികയങ്ങനെ കയറിക്കൊണ്ടിരുന്നു. എല്ലാകാലവും അങ്ങനെ മുകളിലേക്കുതന്നെ പോകാൻ കഴിയി​ല്ലല്ലോ. തിരുത്തലുണ്ടാവുക സ്വാഭാവികമാണ്. ആ തിരുത്തലിന് ഏറക്കുറെ സമയമായെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

പിടിത്തംവിട്ട് കയറിപ്പോയതുകൊണ്ട് മൊത്തത്തിൽ വിപണിയുടെയും പല കമ്പനികളുടെയും പ്രത്യേകിച്ചും ഓഹരിമൂല്യം അർഹതപ്പെട്ടതിലും ഉയരത്തിലാണ്. യു.എസ് ട്രഷറി ബോണ്ട് യീൽഡ് (പലിശ നിരക്ക്) ഉയരുമ്പോൾ വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽനിന്ന് പണം പിൻവലിച്ച് ബോണ്ടിലേക്ക് മാറ്റിയിടുന്ന പ്രവണതയുണ്ടാകും. ​

പത്തുവർഷ ബോണ്ട് യീൽഡ് ഇപ്പോൾ നാലേകാൽ ശതമാനത്തിനു മുകളിലാണ്. അത് അഞ്ചു ശതമാനമായാൽ വിദേശ നിക്ഷേപകരുടെ കൂട്ടവിൽപനയുണ്ടാകും. യു.എസ് ഫെഡ് റിസർവ് പലിശ നിരക്ക് ഉയർത്തുമ്പോഴും ഓഹരി വിപണിയിൽനിന്ന് പണം പുറത്തേക്കൊഴുകും. വിപണിക്ക് ക്ഷീണം സംഭവിച്ചാൽ പിന്നെ പിൻവലിയലൊരു ട്രെൻഡ് ആകും. ആഴങ്ങളിൽനിന്ന് ആഴങ്ങളിലേക്കു പതിക്കും. 2024 മുക്കാൽ ഭാഗമെങ്കിലും കഠിനമാകാനിടയുണ്ടെന്ന വിലയിരുത്തലിനെ അവഗണിക്കേണ്ട. ഓഹരി വിപണിയിൽ തിരുത്തലും വീഴ്ചയും സ്വാഭാവികമാണ്.

നിക്ഷേപകർക്ക് നല്ല ഓഹരികൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഇത് നൽകുന്നത്. ഒരു ഡിസ്കൗണ്ട് സെയിൽ ആയി കണ്ടാൽ മതി. കമ്പനിയുടെ ബിസിനസ് അടിത്തറയും ഭാവിസാധ്യതയും നല്ലതാണെങ്കിൽ കൈയിലുള്ള ഓഹരി ക്ഷമയോടെ നിലനിർത്താം. ബിയർ ഘട്ടത്തിലേക്കു കടന്നുവെന്ന് ഉറപ്പിച്ച് പറയാനായിട്ടില്ല. ഇനി കടന്നാലും എക്കാലവും അതങ്ങനെ തുടരുകയില്ല. വീണ്ടും നല്ലകാലം വരും. കാപിറ്റൽ ഒലിച്ചുപോകാതെ നമ്മൾ അവിടെത്തന്നെ ഉണ്ടാവുക എന്നതാണ് പ്രധാനം.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

  • സ്റ്റോപ് ലോസ് വെക്കുകയും അത് കർശനമായി പാലിക്കുകയും ചെയ്യുക
  • അനുയോജ്യമായ അവസരങ്ങളിൽ വിറ്റ് ലാഭമെടുത്ത് അടുത്ത അവസരത്തിന് കാത്തിരിക്കുക
  • അടിത്തറ ശക്തമല്ലാത്ത പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കാതിരിക്കുക
  • ഒരുപാട് കയറിപ്പോയ സ്റ്റോക്കിൽ പുതിയ എൻട്രി എടുക്കുമ്പോൾ ശ്രദ്ധിക്കണം
  • ശക്തമല്ലാത്ത ഓഹരികളിൽ ആവറേജ് ചെയ്ത് കൂടുതൽ ഫണ്ട് കുടുങ്ങിക്കിടക്കാൻ നിൽക്കരുത്
  • സെക്ടർ ട്രെൻഡ് മാറുന്നത് ശ്രദ്ധിക്കുക (ഉദാ: ഐ.ടിയിൽനിന്ന് ഡിഫൻസിലേക്കും സോളാറിലേക്കും)
  • വൈദഗ്ധ്യമില്ലാതെ ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ ട്രേഡിങ് ചെയ്താൽ വലിയ ബാധ്യതയാകും
  • ഘട്ടം ഘട്ടമായി നിക്ഷേപിക്കുക. വൈവിധ്യവത്കരണം ഉറപ്പുവരുത്തുക

കാളയും കരടിയും കളി

ഓഹരി വിപണിക്ക് ബുൾ റൺ, സൈഡ് വേസ്, ബിയർ ഫേസ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളുണ്ട്. ബുൾ റൺ കുതിപ്പിന്റെ കാലമാണ്. സൈഡ് വേസിൽ ഒരു റേഞ്ചിനകത്ത് കയറിയിറങ്ങുന്നതിനാൽ മൊത്തത്തിൽ സൂചിക വല്ലാതെ മുകളിലേക്കോ താഴേക്കോ പോവില്ല. ബിയർ ഘട്ടം വിപണിയുടെ തിരുത്തൽ കാലമാണ്. കനത്ത ചാഞ്ചാട്ടവും മൊത്തത്തിലുള്ള തിരിച്ചിറക്കവും ഈ ഘട്ടത്തി​ന്റെ പ്ര​ത്യേകതയാണ്.

വിപണി ബിയർ​ ​ഘട്ടത്തിലേക്കു കടന്നാൽ വളരെ ശ്രദ്ധിച്ചുവേണം നീങ്ങാൻ. പ്രതീക്ഷിക്കുന്നതിലും വേഗത്തിലാകും പലപ്പോഴും വീഴ്ച. അടിത്തറ ഉറപ്പില്ലാത്ത ചില സ്റ്റോക്കുകളിൽ പെട്ടുപോയാൽ തിരിച്ചുവരവ് എളുപ്പമാകില്ല. കാത്തിരുന്നാൽ നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തും. ക്ഷമ നശിച്ച് വിൽക്കുന്നതിന്റെ പിറ്റേ ദിവസം മുതൽ നല്ലകാലം ആരംഭിക്കും. കമ്പനികളുടെ ബിസിനസ് മോഡലും പാദഫലങ്ങളും കൃത്യമായി പഠിക്കുകയും അനുപാതങ്ങളും മറ്റു വിവരങ്ങളും നിരീക്ഷിക്കുകയും വേണം. പ്രമോട്ടർമാർ ഓഹരി വിറ്റൊഴിയുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.

ഇടക്കിടെ കനത്ത വിൽപന സമ്മർദവും വീഴ്ചയുമുണ്ടാകും. സൂചിക തിരിച്ചുകയറുമ്പോൾ എല്ലാ സ്റ്റോക്കും തിരിച്ചുകയറില്ല. അടിത്തറ ശക്തമല്ലാത്തതും ഭാവിസാധ്യത കുറവുള്ളതും അവിടെ കിടക്കും. നമ്മുടെ കൈയിലുള്ള കമ്പനിയുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധിക്കുക. കമ്പനി വെബ്സൈറ്റ് പരിശോധിക്കുക. അറിവ് വർധിപ്പിക്കുക. വിപണിയുടെ സ​ങ്കേതങ്ങളും സാ​ങ്കേതിക പദങ്ങളും പഠിക്കുക. കമ്പനിയുടെ കരുത്തും ഓഹരിയുടെ മൂല്യവും മറ്റും താരതമ്യം ചെയ്യാനുള്ള അനുപാതങ്ങൾ മനസ്സിലാക്കുക (ഫണ്ടമെന്റൽ അനാലിസിസ്). വില പട്ടികയിൽ സപ്പോർട്ടും റെസിസ്റ്റൻസും എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നിരീക്ഷിക്കുക (ടെക്നിക്കൽ അനാലിസിസ്). പണം മാത്രമല്ല, സമയവും അധ്വാനവുംകൂടിയാണ് ഓഹരി വിപണിയിൽ നിക്ഷേപിക്കേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stock MarketU.S Fed Reserve
News Summary - The stock market will not be easy
Next Story