സ്വർണത്തിൽ നിക്ഷേപിച്ച് ആദായം കൊയ്യാം; എസ്.ജി.ബി പദ്ധതിയുമായി ആർ.ബി.ഐ
text_fieldsസോവറിൻ ഗോൾഡ് ബോണ്ട്(എസ്.ജി.ബി) സ്കീം കേന്ദ്രസർക്കാറിനായി വീണ്ടും അവതരിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബർ 15 വരെ പദ്ധതിയിൽ ചേരാം. കേന്ദ്രസർക്കാറിന്റെ മികച്ച സ്വർണ നിക്ഷേപ പദ്ധതികളിലൊന്നാണിത്. ഫിസിക്കൽ ഗോൾഡിന് പകരം സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മറ്റൊരു മാർഗം കൂടിയാണിത്. സോവറിൻ ഗോൾ ബോണ്ടിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇതാണ്.
1. എസ്.ജി.ബിയുടെ പുറത്തിറക്കലും വിലയും: കേന്ദ്രസർക്കാറിന് വേണ്ടി ആർ.ബി.ഐയാണ് ബോണ്ടുകൾ പുറത്തിറക്കുന്നത്. കഴിഞ്ഞയാഴ്ചയിലെ ശരാശരി സ്വർണവിലയെ അടിസ്ഥാനമാക്കിയാവും ബോണ്ടിന് വില നിശ്ചയിക്കുക. ഒരു ഗ്രാമാണ് ബോണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം. ഒരാൾക്ക് ഒരു വർഷത്തിൽ നാല് കിലോ ഗ്രാം സ്വർണത്തിൽ വരെ ഇങ്ങനെ നിക്ഷേപിക്കാം.
ഇതനുസരിച്ച് ഗ്രാമിന് 5,923 രൂപയായിരിക്കും ബോണ്ടിന്റെ മുഖവില. ഓൺലൈനായി ബോണ്ടുകൾ വാങ്ങുകയും ഓൺലൈനായി തന്നെ പണമടക്കുകയും ചെയ്യുന്നവർക്ക് മുഖവിലയിൽ 50 രൂപയുടെ ഇളവുണ്ടാകും.
2.പലിശയും കാലാവധിയും: ആർ.ബി.ഐ പുറത്തിറക്കുന്ന എസ്.ജി.ബി ബോണ്ടുകൾക്ക് 2.5 ശതമാനം പലിശ ലഭിക്കും. വർഷത്തിൽ രണ്ട് തവണ ബോണ്ട് വാങ്ങിയ ആളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പലിശ നൽകും. എട്ട് വർഷമാണ് ബോണ്ടിന്റെ കാലാവധി. അഞ്ചാം വർഷത്തിൽ ബോണ്ടിൽ നിന്ന് പുറത്ത് പോകാനുള്ള അനുമതിയുണ്ട്.
3.സബ്സ്ക്രിപ്ഷൻ: ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റോഫീസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ഏജന്റുമാർ എന്നിവയിലൂടെയെല്ലാം ബോണ്ടുകൾ വാങ്ങാം.
4.റിസ്കും സുരക്ഷയും: നഷ്ട സാധ്യത പൊതുവെ കുറവുള്ളതാണ് സ്വർണ ബോണ്ടുകളിലെ നിക്ഷേപം. പലിശ ലഭിക്കുന്നുവെന്നതും ഗുണകരമാണ്. ഇതിനൊപ്പം ഫിസിക്കൽ ഗോൾഡ് സ്റ്റോർ ചെയ്യുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷനേടുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.