താരിഫ് യുദ്ധം തിരിഞ്ഞുകൊത്തുന്നു; ടെസ്‍ലക്ക് ഭീഷണി
text_fieldsഅമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവെച്ച താരിഫ് യുദ്ധം അമേരിക്കൻ ഉൽപന്നങ്ങൾക്ക്, വിശേഷിച്ച് ട്രംപിന്റെ ഉറ്റ സുഹൃത്തായ ലോക കോടീശ്വരൻ ഇലോൺ മസ്കിന്റെ ടെസ്‍ല കാറുകൾക്ക് തിരിച്ചടിയാകുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ടെസ്‍ല ബഹിഷ്‍കരണ കാമ്പയിൻ സജീവമായി. ടെസ്‍ല കാർ വിൽപനയിൽ ജർമനിയിൽ 70 ശതമാനവും പോർചുഗലിൽ 50 ശതമാനവും ഫ്രാൻസിൽ 45 ശതമാനവും സ്വീഡനിൽ 42 ശതമാനും നോർവേയിൽ 48 ശതമാനവും ഇടിവുണ്ടായതാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഒരു മാസത്തിനിടെ ടെസ്‍ലയുടെ ഓഹരി മൂല്യം 32 ശതമാനത്തിലേറെ ഇടിഞ്ഞു. 12,000 കോടി ഡോളറിന്റെ (10.45 ലക്ഷം കോടി രൂപ) ഇടിവാണ് വിപണിമൂല്യത്തിൽ ഉണ്ടായത്. ന്യായമായ വാണിജ്യത്തിനായുള്ള ഇടപെടലുകളെ തങ്ങൾ പിന്തുണക്കുന്നതായും എന്നാൽ, ഇത് യു.എസ് ഉൽപന്നങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും യു.എസ് വാണിജ്യ പ്രതിനിധി ജെമേഴ്സൺ ഗ്രീറിന് അയച്ച കത്തിൽ ടെസ്‍ല ആവശ്യപ്പെട്ടു. ബഹിഷ്‍കരണം മാത്രമല്ല ടെസ്‍ല നേരിടുന്ന വെല്ലുവിളി. കാറിന്റെ ബാറ്ററി ഉൾപ്പെടെ പല ഭാഗങ്ങളും ടെസ്‍ല വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. യു.എസ് താരിഫ് ഉയർത്തുന്നതോടെ ഇറക്കുമതി ചെലവും അതുവഴി ഉൽപാദന ചെലവും കൂടും. ഇത് ലാഭത്തിൽ കുറവുവരുത്തും.
അതേസമയം, ടെസ്‍ല ചൈനയിലും വൻ തിരിച്ചടി നേരിടുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. അമേരിക്ക കഴിഞ്ഞാൽ ടെസ്‍ലയുടെ ഏറ്റവും വലിയ വിപണിയായ ചൈനയിൽ ഷവോമി, ബിവൈഡി തുടങ്ങിയ തദ്ദേശീയ കമ്പനികൾ നൂതന സാങ്കേതിക വിദ്യയും മികച്ച രൂപകൽപനയിലും പുറത്തിറക്കിയ ൈവദ്യുതി കാറുകൾ വിപണിയിൽ തരംഗമായിരിക്കുകയാണ്. ടെസ്‍ലയുടെ പകുതി വിലക്ക് ലഭിക്കുകയും ചെയ്യും.
അതിനിടെ തന്റെ ചങ്ങാതിയെ സഹായിക്കാൻ ട്രംപ് ആവുംവിധം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച അദ്ദേഹം പുതിയ ചുവപ്പ് ടെസ്‍ല കാർ വാങ്ങി അതിമനോഹരം എന്ന് പറയുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഇലോൺ മസ്കും കൂടെയുണ്ടായിരുന്നു. ഇടത് മൗലികവാദ ഭ്രാന്തന്മാർ അനധികൃതമായി ഗൂഢാലോചന നടത്തി ടെസ്‍ലയെ ബഹിഷ്‍കരിക്കുന്നുവെന്ന് കഴിഞ്ഞയാഴ്ച ട്രംപ് ആരോപിച്ചു. മസ്കിന് പണി കിട്ടാതിരിക്കാൻ ട്രംപ് വാണിജ്യനയം (താരിഫ് ഭീഷണി) തിരുത്തിയെഴുതുമോ എന്നാണ് ഉറ്റുനോക്കുന്നത്.
പിൻകുറി: ആഡംബര കാറുകൾക്ക് ഇന്ത്യ നൂറുശതമാനത്തിലധികം താരിഫ് ചുമത്തിയിരുന്നത് കുറക്കാൻ ധാരണയായിട്ടുണ്ട്. 15 ശതമാനമായി കുറക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ എന്നിവരുടെ യു.എസ് സന്ദർശനത്തിനിടെ യു.എസ് ചെലുത്തിയ സമ്മർദത്തിൽ ഇന്ത്യ വീണു. കാനഡയും മെക്സിക്കോയും ചൈനയുമെല്ലാം താരിഫ് ഭീഷണിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിയപ്പോൾ ഇന്ത്യ നിരുപാധികം വഴങ്ങി. ടെസ്‍ലക്ക് വേണ്ടിയാണ് ട്രംപ് ഇന്ത്യക്കുമേൽ ഇക്കാര്യത്തിൽ സമ്മർദം ചെലുത്തിയതെന്നാണ് വിപണി വർത്തമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.