നോട്ട് നിരോധനത്തിന് പിന്നാലെ നഗരമേഖലയിലെ ദാരിദ്ര്യം കുത്തനെ ഉയർന്നതായി ലോകബാങ്ക് പഠനം
text_fieldsന്യൂഡൽഹി: 2016ലെ നോട്ട് നിരോധനത്തിന് പിന്നാലെ നഗരമേഖലയിലെ ദാരിദ്ര്യം കുത്തനെ ഉയർന്നതായി ലോകബാങ്ക് പഠനം. രണ്ട് ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച മാധ്യമങ്ങൾ പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 2011-2019 കാലയളവിൽ ഇന്ത്യയിലെ ദാരിദ്ര്യ നിരക്ക് 12.3 ശതമാനത്തിലേക്ക് താഴ്ന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
'Poverty in India Has Declined over the Last Decade but not as Much as Previously Thought' എന്ന തലക്കെട്ടിൽ സാമ്പത്തിക വിദഗ്ധരായ സുതീർഥ സിൻഹ റോയിയും റോയ് വാൻ ഡെർ വെയ്‌ഡും ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്.
2011 കാലത്ത് ദാരിദ്ര്യ നിരക്ക് 22.5 ശതമാനവും 2019 കാലത്ത് 10.2 ശതമാനവുമായിരുന്നു. 2004-2011 കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2011-2019ൽ ദാരിദ്ര്യ നിരക്ക് താഴ്ന്നതായാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യ നിർമാർജന നിരക്ക് നഗരമേഖലയെ അപേക്ഷിച്ച് കൂടുതലാണെന്നും ദാരിദ്ര്യം വർധിക്കുന്നതിന്റെ രണ്ട് കാരണങ്ങൾ ഉണ്ടെന്നും അഭിപ്രായപ്പെടുന്നു. 2019ൽ ഗ്രാമീണ ദാരിദ്ര്യ നിരക്ക് 10 ബേസിസ് പോയിന്‍റ് ആണ്. ദാരിദ്ര്യം വർധിക്കുന്നത് സാവധാനത്തിലാണെന്ന് ഇത് കാണിക്കുന്നു. അതേസമയം, നഗരങ്ങളിലെ ദാരിദ്ര്യ നിരക്ക് 2016ൽ വർധിച്ചത് 2 ശതമാനമാണ്. നോട്ട് നിരോധനത്തിന് ശേഷം കുത്തനെയാണ് ഈ വർധനവ് രേഖപ്പെടുത്തിയത്.
2016 നവംബർ ആറിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. അഴിമതിയും കള്ളപ്പണവും തടയുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് കേന്ദ്ര സർക്കാർ വിശദീകരിച്ചത്.
കേന്ദ്ര നടപടി ഒറ്റരാത്രി കൊണ്ട് 86 ശതമാനം ഇന്ത്യൻ രൂപയുടെ നിയമസാധുതയില്ലാതാവുകയും രാജ്യത്തെ സാമ്പത്തിക ക്രയവിക്രയങ്ങൾ ഏതാണ്ട് നിലക്കുകയും സാധാരണക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്തു. 2015-2016 കാലയളവിലെ 8.0 ശതമാനം എന്ന രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉൽപാദന വളർച്ച നോട്ട് നിരോധനത്തെ തുടർന്ന് 2018-19 കാലയളവിൽ 6.8 ശതമാനമായി താഴ്ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.