Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കല്യാണക്കാലം
cancel


'ആരാരും മനസ്സിൽനിന്നൊരിക്കലും മറക്കുവാൻ
ആവാത്ത വിധമുള്ളതായ എല്ലാ ആഡംബരങ്ങളുമൊന്നായ്
കൂട്ടിക്കെട്ടി കൊണ്ടാടുന്ന ആനന്ദാമൃത കല്ലിയാണം...'

സിനിമയിലൂടെയും റിയാലിറ്റി ഷോയിലൂടെയും സമീപകാലത്ത് ശ്രദ്ധനേടിയ ഈ പഴയ പാട്ട് നാട്ടിലെ കല്യാണങ്ങളുടെ സ്വഭാവം വരച്ചിടുന്നതാണ്. പൊന്നും മിന്നും ​പട്ടുവസ്ത്രങ്ങളും തിന്നാൽ തീരാത്തത്ര ഭക്ഷ്യവിഭവങ്ങളുമൊക്കെയായി ആഡംബരത്തിന്റെ പൊടിപ്പ് തന്നെയാണ് ഒട്ടുമിക്ക വിവാഹങ്ങളും. ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ മുഹൂർത്തം അവിസ്മരണീയമാക്കാൻ ​ഓരോരുത്തരും ആഗ്രഹിക്കുക സ്വാഭാവികം. വിവാഹിതരാകുന്നവരെക്കാൾ ഇക്കാര്യത്തിൽ കൂടുതൽ താൽപര്യം മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കുമൊക്കെയാണെന്നതാണ് യാഥാർഥ്യം.

മഞ്ഞക്കല്യാണം, പിങ്ക് കല്യാണം,മൈലാഞ്ചി തുടങ്ങി പല പേരുകളിൽ മൂന്നും നാലും ദിവസമൊക്കെയാണ് ആഘോഷങ്ങൾ. പണമുള്ളവൻ ധൂർത്തടിക്കുമ്പോൾ ഇല്ലാത്തവരും കടം വാങ്ങി ആവുന്നത് പോലെയൊക്കെ നോക്കും.

ധൂർത്തിന്റെ സാമൂഹിക പാഠങ്ങളൊക്കെ വേറെ കാര്യം. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ വിവാഹത്തോടനുബന്ധിച്ച സാമ്പത്തിക ഇടപാടുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇന്ത്യയിൽ ഒരുവർഷം ഒരുകോടി വിവാഹം നടക്കുന്നതായാണ് കണക്ക്. 13 ലക്ഷം കോടിയിലധികം രൂപ ഒരുവർഷം രാജ്യത്ത് വിവാഹങ്ങളുമായി ബന്ധപ്പെട്ട് ചെലവഴിക്കപ്പെടുന്നുവെന്നാണ് കോ​ൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് കണക്കുകൂട്ടുന്നത്.

വിവാഹ രജിസ്ട്രേഷനും കമ്പനികളുടെ ബില്ലിലും ബിസിനസിലുമുണ്ടാകുന്ന വർധനവും മറ്റും നോക്കിയാണ് ഏ​കദേശ കണക്ക് തയാറാക്കിയത്. അസംഘടിത മേഖലയിലെ ചെലവുകൾക്ക് കൃത്യമായ കണക്ക് ലഭിക്കാറില്ല. ഇതുകൂടി കണക്കിലെടുക്കുമ്പോൾ ചെലവ് എത്രയോ അധികമാകും. ജ്വല്ലറി, ടെക്സ്റ്റൈൽസ്, വലിയ ഹോട്ടലുകൾ, ഓഡിറ്റോറിയം, വീടൊരുക്കൽ, പന്തൽ അലങ്കാരം, ആഡംബര വസ്തുക്കൾ, ഉപഹാരം, ട്രാവൽ വ്യവസായം, വാഹന വിപണി, കാറ്ററിങ് മേഖല തുടങ്ങിയവക്ക് വിവാഹ സീസൺ ചാകരക്കാലമാണ്. പ്രാദേശിക വിപണി മുതൽ കോർപ്പറേറ്റ് ലോകത്തെ വരെ ചലിപ്പിക്കുന്നതിൽ വിവാഹങ്ങൾക്ക് വലിയ പങ്കുണ്ട്. വിവാഹം കഴിഞ്ഞാലും ചെലവ് നിലക്കുന്നില്ല. പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ ഒരുക്കേണ്ട സൗകര്യങ്ങൾ, ഒന്നിച്ചൊരു യാത്ര, സൽക്കാരങ്ങൾ, സ്വീകരണം... ഇതെല്ലാം ചെലവുകളാണ്. മറ്റൊരർഥത്തിൽ ഇതെല്ലാം വിപണിയെ ചലിപ്പിക്കുന്ന, സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന സാമ്പത്തിക ഇടപാടുകൾ കൂടിയാണ്.

ഒന്നരമാസം; 35 ലക്ഷം വിവാഹം

ഇന്ത്യയിലെ മൊത്തം വിവാഹത്തിന്റെ 35 ശതമാനവും നടക്കുന്നത് വർഷാവസാനത്തിന് മുമ്പുള്ള ഒന്നരമാസ കാലയളവിലാണ്. നവംബർ ആദ്യം മുതൽ ഡിസംബർ പകുതിവരെയായി ഇന്ത്യയിൽ 35 ലക്ഷം വിവാഹം നടക്കുമെന്നാണ് കോ​ൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് പറയുന്നത്. 4.25 ലക്ഷം കോടി രൂപ ഈ വിവാഹങ്ങളുമായി ബന്ധപ്പെട്ട് ചെലവഴിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 32 ലക്ഷം വിവാഹം നടന്നു. ജനുവരി 15 മുതൽ ജൂലൈ 15 വരെ 42 ലക്ഷം വിവാഹം നടന്നു. 5.5 ലക്ഷം കോടി രൂപ ആറുമാസ കാലയളവിൽ ചെലവഴിക്കപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. മൊത്തം സമ്പദ് വ്യവസ്ഥക്ക് തന്നെ ഉണർവ് പകരുന്നതാണ് വിവാഹ സീസൺ.

ചങ്കിടിപ്പായി സ്വർണവില

വിവാഹത്തിനൊരുങ്ങുന്നവർക്ക് ചങ്കിടിപ്പേറ്റിയാണ് സ്വർണവില ഓരോ ദിവസവും കുതിച്ചുയരുന്നത്. കുറച്ചെങ്കിലും സ്വർണം വാങ്ങാത്ത കല്യാണം അത്യപൂർവമാണ്. ഇന്ത്യയിലെ മൊത്തം സ്വർണം വാങ്ങലിന്റെ പകുതിയും വിവാഹവുമായി ബന്ധപ്പെട്ടാണെന്ന് സാമ്പത്തിക പഠന ഏജൻസിയായ ജെഫെറീസ് റിപ്പോർട്ടിൽ പറയുന്നത്. പവൻ വില 57,000 രൂപ കടന്നു. ഡിസൈൻ അനുസരിച്ച് അഞ്ചുമുതൽ 20 ശതമാനം വരെ പണിക്കൂലിയും നൽകണം. പത്തുപവന് പണിക്കൂലിയടക്കം മിനിമം ആറ് ലക്ഷത്തിലധികം ചെലവ് വരും.

വരൂ വിവാഹം ഇവിടെ നടത്താം ...

വിവാഹം ഇന്ത്യയിൽ നടത്താൻ വിദേശികളെ ക്ഷണിച്ച് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം പ്രചാരണം ആരംഭിച്ചിരുന്നു. വിദേശനാണ്യം ലഭിക്കാനുള്ള നല്ലൊരു അവസരമായി കാണുന്നതിനാൽ വിവാഹ ടൂറിസത്തിൽ ഇന്ന് പല രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യയിലെ 25 കേന്ദ്രങ്ങൾക്ക് ഊന്നൽ നൽകിയാണ് മന്ത്രാലയത്തിന്റെ പ്രചാരണം. ഇന്ത്യക്കാർ വിവാഹ ചടങ്ങ് നടത്താനും ഹണിമൂണിനും വിദേശത്ത് പോകുന്നതിന് പകരം അവരെ ഇന്ത്യയിലെതന്നെ വിവിധ സ്ഥലങ്ങളിലേക്ക് ആകർഷിക്കാനും അധികൃതർ ശ്രമിക്കുന്നു. കേരളത്തെ വിവാഹത്തിന് അനുയോജ്യമായ സ്ഥലമായി ടൂറിസം വകുപ്പ് അവതരിപ്പിക്കുകയും അത് മാർക്കറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. കടൽ-കായൽ തീര റിസോർട്ടുകളിലും നക്ഷത്ര ഹോട്ടലുകളിലും ഹിൽ സ്റ്റേഷനുകളിലെ കേന്ദ്രങ്ങളിലുമെല്ലാമാണ് പുറത്തുനിന്നു വരുന്നവരുടെ വിവാഹ ആഘോഷം നടക്കാറ്. കുമരകവും കോവളവും മൂന്നാറും ഫോർട്ട് കൊച്ചിയും ആലപ്പുഴയുമെല്ലാം കേരളത്തിലെ ഇത്തരം വിവാഹകേന്ദ്രങ്ങളാണ്.

എല്ലാം ഈവന്റ് കമ്പനി നോക്കും

വര​നെയും വധുവിനെയും തീരുമാനിച്ച് തീയതി നിശ്ചയിച്ചാൽ ബാക്കിയെല്ലാം നോക്കി നടത്തുന്ന ഈവന്റ് മാനേജ്മെന്റ് കമ്പനികൾ ധാരാളമുണ്ട്. വെഡ്ഡിങ് പ്ലാനർമാർ എന്നൊരു വിഭാഗംതന്നെ ഇവന്റ് മാനേജ്മെന്റ് കമ്പനികൾക്ക് കീഴിലുണ്ടാകും. വിവാഹവേദി മുതൽ വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും തീരുമാനിക്കുന്നതുവരെ... അതിഥികളെ ക്ഷണിക്കുന്നത് മുതൽ വിഭവസമൃദ്ധമായ തീൻമേശക​ളൊരുക്കുന്നത് വരെ എല്ലാംഇവർ ഏറ്റെടുക്കും. സെലിബ്രിറ്റി ഷെഫുകൾ മുതൽ സിനിമാ താരങ്ങളെവരെ അതിഥികളായി എത്തിക്കണോ? ഇവർ റെഡി !.

വിദേശത്തുനിന്നുവരെ കലാകാരന്മാരെ എത്തിച്ച് സ്റ്റേജ് ഷോ പോലെയുള്ള വിവാഹങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. പഞ്ചാബി നൃത്തവും സൂഫി സംഗീതവും ഒപ്പനയും ഗാനമേളയുമെല്ലാം ചേർന്നതാണ് ഇന്നത്തെ ആഡംബര വിവാഹം. ഫോട്ടോ ഷൂട്ടും റീൽസുണ്ടാക്കി സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുന്നതുവരെ ചെയ്യാൻ ആളുകളുണ്ട്. വധുവിനെയും വരന്മാരെയും കുടുംബാംഗങ്ങളെയും ഒന്നിച്ചിരുത്തി അവരുടെ സ്വപ്നത്തിലെ വിവാഹത്തിനു വേണ്ടതെല്ലാം മനസ്സിലാക്കുകയാണ് ആദ്യ പടി. വിവാഹവേദി ആരെയും മോഹിപ്പിക്കുന്ന രീതിയിൽ അലങ്കരിക്കുന്നതിനുള്ള തീമും ശരിയാക്കും. എല്ലാം വിവാഹ ബജറ്റിനെ ആശ്രയിച്ചിരിക്കും.

ഇത്തരമൊരു ചെറിയ വിവാഹത്തിനുതന്നെ 15 മുതൽ 50 ലക്ഷം രൂപവരെ ചെലവ് വരുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ഡിസൈനർമാരും മാനേജർമാരും പാചകക്കാരും നൂറുകണക്കിന് തൊഴിലാളികളുമെല്ലാം ദിവസ​ങ്ങളോളം ഇതിനായി പ്രവർത്തിക്കും. കോടികൾ പൊടിപൊടിച്ചുള്ള വിവാഹങ്ങളും നാട്ടിൽ അത്യപൂർവമല്ല. ഉത്തരേന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വിവാഹധൂർത്ത് കൂടുതലുള്ള സംസ്ഥാനമാണ് കേരളം.

ഗുണം ലഭിക്കുന്ന മേഖലകൾ

ജ്വല്ലറി

ടെക്സ്റ്റൈൽസ്

പെർഫ്യൂം

ഹോട്ടലുകൾ

ഓഡിറ്റോറിയങ്ങൾ

കാറ്ററിങ്

വീ​ട് നവീകരണ വസ്തുക്കൾ

പന്തൽ-അലങ്കാര വ്യവസായം

ആഡംബര വസ്തുക്കൾ

വാഹന വിപണി

ട്രാവൽ വ്യവസായം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - wedding season
Next Story