കാർഷികമേഖല ബജറ്റിൽ നിന്നും എന്ത് പ്രതീക്ഷിക്കണം ?
text_fieldsന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിക്കുമ്പോൾ പ്രതീക്ഷയർപ്പിക്കുന്ന മേഖലകൾ നിരവധിയാണ്. കോവിഡ് മഹാമാരിയെ തുടർന്ന് തകർച്ചയിലായ വിവിധ മേഖലകൾ ബജറ്റിലാണ് ഇപ്പോഴും പ്രതീക്ഷയർപ്പിക്കുന്നത്. ടൂറിസം-ഹോസ്പിറ്റാലിറ്റി പോലുള്ള മേഖലകൾ പ്രത്യേക പാക്കേജുകൾ തന്നെ ഉണ്ടാവുമെന്ന് കരുതുന്നു. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ അത് പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാവുമെന്നാണ് യുവാക്കളുടേയും പ്രതീക്ഷ. ഇതിനൊപ്പം തന്നെ ബജറ്റ് വലിയ പിന്തുണകൊടുക്കേണ്ട മേഖലയാണ് കാർഷിക മേഖല.
കഴിഞ്ഞ വർഷം വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിച്ച് കർഷകർക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച മോദി സർക്കാർ പക്ഷേ അവരുടെ കാതലായ ചില പ്രശ്നങ്ങൾക്ക് ഇനിയും ചെവിക്കൊടുത്തിട്ടില്ല. കാർഷിക ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവിലയെന്ന കർഷകർ നിരന്തരമായി ഉയർത്തുന്ന ആവശ്യത്തിന് ഇതുവരെ പരിഹാരം കാണാൻ സർക്കാറിന് സാധിച്ചിട്ടില്ല. ഇത്തരത്തിൽ കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് വിവിധകോണുകളിൽ നിന്നും ഉയരുന്നത്.
സാങ്കേതികവിദ്യയുടെ വ്യാപനം കാർഷിക മേഖലയിലും നടപ്പാക്കാനുള്ള നീക്കങ്ങൾക്ക് സർക്കാർ തുടക്കമിട്ടിരുന്നു. ഇത് കൂടുതൽ വ്യാപകമാക്കാനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാവും. കാർഷിക ഉൽപന്നങ്ങൾ സംഭരണത്തിന് വിപുലമായ സംവിധാനങ്ങൾ ഈ വർഷത്തിലെ ബജറ്റിലും പ്രഖ്യാപിക്കുമെന്നാണ് സൂചന. വിപണിയിൽ നിന്നും കർഷകന് ഉൽപന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കുന്നതിനുള്ള നിർദേശങ്ങളും ബജറ്റിൽ ഉൾപ്പെടും. കാർഷിക വായ്പകൾക്കായുള്ള തുക വർധിപ്പിക്കുമെന്നും സൂചനയുണ്ട്. അതേസമയം കർഷകർക്ക് നൽകുന്ന വിവിധ സബ്സിഡികളിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്. കഴിഞ്ഞ വർഷം പ്രതീക്ഷിച്ചതിലും കൂടുതൽ തുക സബ്സിഡിയായി നൽകേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിൽ കാർഷിക-ഭക്ഷ്യസബ്സിഡികളിൽ സർക്കാർ കുറവ് വരുത്തുമോയെന്ന് ആശങ്കയുണ്ട്. എന്നാൽ, അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അത്തരമൊരു നീക്കത്തിന് സർക്കാർ മുതിരില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.