എസ്.ബി.ഐ ക്ലർക്കുമാരെ പിൻവലിക്കൽ: കൂടുതൽ ബാധിക്കുന്നത് ഗ്രാമീണ മേഖലയെ
text_fieldsമലപ്പുറം/ തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) കേരള സർക്കിളിലെ നിവിധ ബ്രാഞ്ചുകളിൽനിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിൻവലിച്ചത് കൂടുതൽ ബാധിക്കുന്നത് ഗ്രാമീണ മേഖലയെ. വിവിധ ശാഖകളിൽനിന്നായി 1294 ക്ലറിക്കൽ ജീവനക്കാരെയാണ് മാർക്കറ്റിങ് മേഖലയിലേക്ക് (മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്സ്) മാറ്റി വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് ഇത് 900 ആയി കുറച്ചെങ്കിലും ശാഖകളുടെ പ്രവർത്തനത്തെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്.
ഗ്രാമങ്ങളിൽ നിലവിൽ തന്നെ വളരെ കുറച്ചുപേർ മാത്രമാണ് ജോലി ചെയ്യുന്നത്. ഇവരെ പിൻവലിച്ചതോടെ മറ്റുളളവരുടെ ജോലിഭാരം വർധിക്കുകയും ഇടപാടുകാർക്ക് സേവനം കൃത്യമായി ലഭ്യമാകാതിരിക്കുകയും ചെയ്തിട്ടുണ്ട്. കൃത്യസമയത്ത് സേവനം ലഭിക്കാതെ വരുമ്പോൾ ഉപഭോക്താക്കൾ മറ്റ് ബാങ്കുകളെ സമീപിക്കുമെന്ന ആശങ്കയും ജീവനക്കാർക്കിടയിലുണ്ട്. ഏറ്റവും കൂടുതൽ സ്വകാര്യ ബാങ്കുകളുള്ള സംസ്ഥാനമാണ് കേരളം. പുതിയ തീരുമാനത്തോടെ ഉപഭോക്താക്കൾ ബാങ്കുകളെ സമീപിക്കുന്നതിന് പകരം ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുമെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ.
ക്ലറിക്കൽ ജീവനക്കാരെ മുന്നറിയിപ്പ് പോലുമില്ലാതെ ഒറ്റയടിക്ക് മാർക്കറ്റിങ് (മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്സ് -എം.പി.എസ്.എഫ്) ജോലികൾക്കായി പിൻവലിച്ചതും അതിനെതിരെ ജീവനക്കാർ നടത്തുന്ന പ്രക്ഷോഭവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിളിൽ സാഹചര്യങ്ങൾ അങ്ങേയറ്റം മോശമാക്കിയിരിക്കുകയാണെന്ന് ഓഫിസർ സംഘടന പറഞ്ഞു. പലയിടത്തും ജീവനക്കാരും ഓഫിസർമാരും ശത്രുക്കളെപ്പോലെ രണ്ടു തട്ടിൽ ആയിരിക്കുകയാണ്. സാധാരണ നില പുനഃസ്ഥാപിക്കാൻ എത്രയുംവേഗം ഇടപെടൽ ഉണ്ടാകണമെന്നും ഈ ഭാരവുമായി മുന്നോട്ടുപോകാനാകില്ലെന്നും കാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസേഴ്സ് അസോസിയേഷൻ ചീഫ് ജനറൽ മാനേജർക്ക് കത്ത് നൽകി. എം.പി.എസ്.എഫിനെ ആദ്യം സ്വാഗതംചെയ്ത സംഘടനയാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്. ആവശ്യത്തിന് ആളില്ലാത്തതിനാൽ അക്കൗണ്ട് തുറക്കൽ, ചെക്ക് ക്ലിയറിങ്, കെ.വൈ.എസ് പുതുക്കൽ, എ.ടി.എം കാർഡിനുള്ള അപേക്ഷ പരിശോധിക്കൽ തുടങ്ങി ഏതാണ്ടെല്ലാ ജോലികളും കെട്ടിക്കിടപ്പാണ്.
എസ്.ബി.ഐ ചെയർമാൻ സ്ഥിതി വിലയിരുത്തി
തൃശൂർ: എസ്.ബി.ഐയുടെ ഇൻഷുറൻസ് പോലുള്ള ഉൽപന്നങ്ങൾ വിൽക്കാൻ കേരള സർക്കിളിൽ രൂപവത്കരിച്ച എം.പി.എസ്.എഫിലേക്ക് (മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്സ്) ശാഖകളിൽനിന്ന് 1294 ക്ലർക്കുമാരെ ഒറ്റയടിക്ക് പിൻവലിച്ചതുവഴി കേരളത്തിൽ ഉണ്ടായ പ്രത്യേക സ്ഥിതിവിശേഷം ബാങ്ക് ചെയർമാൻ ദിനേശ് കുമാർ ഖര വിലയിരുത്തി.
കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയ അദ്ദേഹം തിരുവനന്തപുരം ലോക്കൽ ഹെഡ് ഓഫിസിൽ ചീഫ് ജനറൽ മാനേജറുമായി ഇക്കാര്യം ചർച്ച ചെയ്തതായാണ് വിവരം. അതിന് തൊട്ടുമുമ്പ് ബാങ്ക് എം.ഡിയും കേരളത്തിൽ എത്തിയിരുന്നു. ശാഖകളിൽ ജീവനക്കാർ ഒറ്റയടിക്ക് കുറഞ്ഞതും അതോടെ സേവനങ്ങൾ തടസ്സപ്പെട്ടതും ബാങ്കിന്റെ ബിസിനസിൽ ദിവസങ്ങൾക്കകം വലിയ ഇടിച്ചിലിന് ഇടയാക്കിയിട്ടുണ്ട്. റേറ്റിങ്ങും താഴ്ന്നു. ഈ നില തുടർന്നാൽ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ ബാങ്ക്, പ്രത്യേകിച്ച് കേരള സർക്കിൾ വൻ പ്രതിസന്ധി നേരിടും.
ഈ സാഹചര്യത്തിൽ ഇപ്പോൾ എം.പി.എസ്.എഫ് നടപ്പാക്കിയ രീതി ബാങ്കിന് വൈകാതെ പിൻവലിക്കേണ്ടിവരുമെന്ന് ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടന നേതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.