ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയുമെന്ന് ലോകബാങ്ക്
text_fieldsവാഷിംഗ്ടൺ: ഈ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പ്രവചനം.കഴിഞ്ഞ ജൂണിൽ 7.5 ശതമാനമാണ്, ഇന്ത്യൻ വളർച്ചാനിരക്കായി ലോകബാങ്ക് കണക്കാക്കിയിരുന്നത്. അന്തർദേശീയ സാഹചര്യം മോശമായ പശ്ചാത്തലത്തിലാണ് വളർച്ചാനിരക്കിൽ ഇടിവ് പ്രവചിക്കുന്നത്.
എന്നാൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നും, ഐ.എം.എഫിന്റെയും ലോക ബാങ്കിന്റെയും വാർഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ പുതിയ സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസിൽ ബാങ്ക് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം ഇന്ത്യ 8.7 ശതമാനം വളർച്ച കൈവരിച്ചിരുന്നു.ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ഉണ്ടായ ഇടിവിൽനിന്ന് ഇന്ത്യ കരകയറിയെന്നും ലോക ബാങ്കിന്റെ ദക്ഷിണേഷ്യയിലെ ചീഫ് ഇക്കണോമിസ്റ്റ് ഹാൻസ് ടിമ്മർ പറഞ്ഞു.
വലിയ വിദേശ കടമില്ലെന്നത് ഇന്ത്യക്ക് സഹായകരമാണ്. സേവന മേഖലയിലും സേവന കയറ്റുമതിയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്തർദേശീയ സാമ്പത്തിക സാഹചര്യം മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നത് പരിഗണിച്ചാണ് വളർച്ചാനിരക്കിൽ ഇടിവ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.