ഹൈലൈറ്റ് ദ ട്രെൻഡ് സെറ്റർ
text_fieldsഓരോദിവസവും വളർന്നുകൊണ്ടിരിക്കുന്നതാണ് നിർമാണ മേഖല. വികസനത്തിന്റെ ഓരോ ചുവടുവെപ്പിലും ഈ മേഖലക്ക് കൃത്യമായ പങ്കാളിത്തവുമുണ്ട്. ഒരു സമൂഹത്തിന്റെ വികസനം സാധ്യമാക്കുന്നതിൽ നിർമാണരംഗം വഹിക്കുന്ന ഈ പ്രാധാന്യംകൊണ്ടുതന്നെയാണ് ഈ മേഖലയിൽ പുതിയ നിരവധി സ്ഥാപനങ്ങൾ പിറവിയെടുക്കുന്നതും. എന്നാൽ ഇങ്ങനെ തുടങ്ങുന്ന സ്ഥാപനങ്ങളിൽ എത്രപേർ നാളെയുടെ ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ട്?
കുറച്ചു നമയംകൊണ്ട് ഒരുപാട് കെട്ടിടങ്ങൾ കെട്ടിപ്പൊക്കുക എന്നതിനപ്പുറം പുതിയൊരു ആശയം നടപ്പാക്കാൻ മുന്നോട്ടു വന്നവർ എത്രപേരുണ്ടാകും? നിലനിന്നുവരുന്ന ട്രെൻഡുകൾക്കൊപ്പം സഞ്ചരിക്കുന്നവരാണ് നിർമാണമേഖലയിലുള്ള മിക്കവരും. അതുകൊണ്ടുതന്നെ നാളെയുടെ ആവശ്യങ്ങൾ എന്താണെന്ന് മനസ്സിലാക്കി പ്രവർത്തിക്കാൻ അവർക്ക് സാധിക്കാറുമില്ല. ഇവിടെയാണ് ‘ഹൈലൈറ്റ് ബിൽഡേഴ്സ്’ എന്ന കമ്പനിയെക്കുറിച്ചും അതിനെ നയിക്കുന്ന ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി. സുലൈമാനെക്കുറിച്ചും ഓരോരുത്തരും അറിയേണ്ടത്.
ഇന്നിനെക്കുറിച്ച് ചിന്തിച്ച് ഇന്നത്തെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുമ്പോൾ അധികം വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കില്ല. എന്നാൽ നാളെയുടെ ട്രെൻഡ് സെറ്റ് ചെയ്തെടുക്കുക എന്നതിനേക്കാൾ വലിയൊരു വെല്ലുവിളി ഈ രംഗത്ത് വേറെയുണ്ടാകില്ല. ആ വെല്ലുവിളി തന്റെ പാഷനായി കൊണ്ടുനടന്ന് തന്റെ പുത്തൻ ആശയങ്ങൾ വിജയിപ്പിച്ചെടുത്തയാളാണ് പി. സുലൈമാൻ. ഹൈലൈറ്റ് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സിനെക്കുറിച്ചും തങ്ങളുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു...
ഹൈലൈറ്റ് 2003-2023
2003ലാണ് ഹൈലൈറ്റ് അതിന്റെ പ്രവർത്തനം തുടങ്ങുന്നത്. ഇപ്പോൾ 2023ൽ എത്തിനിൽക്കുന്നു. ബിൽഡേഴ്സ്&ഡെവലപ്പേഴ്സ് എന്ന കാഴ്ചപ്പാടിൽ വിലയിരുത്തിയാൽ ഈയൊരു കാലയളവിൽ ആളുകളുടെ വാങ്ങാനുള്ള ശേഷി വളരെയധികം കൂടി. നേരത്തേ 900 മുതൽ 1500 സ്ക്വയർ ഫീറ്റ് വരെയുള്ള വീടുകളായിരുന്നു ആളുകളുടെ ബയിങ് കപ്പാസിറ്റി എങ്കിൽ ഇന്ന് 2,000 മുതൽ 12000 വരെ സ്ക്വയർ ഫീറ്റ് വരെയുള്ള അപാർട്ട്മെന്റുകളാണ് ആളുകൾ കൂടുതൽ തിരഞ്ഞെടുക്കുന്നത്.
ആളുകളുടെ ലൈഫ്സ്റ്റൈലും സാമ്പത്തിക സ്ഥിതിയും മാറിയതാണ് ഇതിന്റെ പ്രധാന കാരണം. പണ്ടത്തെപ്പോലെ അടച്ചിട്ട് ഒതുങ്ങിക്കൂടി ജീവിക്കുന്ന ഒരു സാഹചര്യമല്ല ഇപ്പോൾ. കമ്യൂണിറ്റി ലിവിങ് ആഗ്രഹിക്കുന്നവരാണ് പലരും. ഓഫിസ് ഉൾപ്പെടെ വീടുകളിൽ തയാറാക്കണം എന്ന് താൽപര്യപ്പെടുന്നവരാണ് അധികവും. 2000ത്തിന്റെ തുടക്കത്തിൽ മലപ്പുറം ജില്ലയിൽ 650 സ്ക്വയർ ഫീറ്റിന്റെ വലിയ ഒരു ഓഫിസ് ആദ്യമായി തുടങ്ങിയത് ഹൈലൈറ്റ്സ് കൺസ്ട്രക്ഷൻസ് ആയിരുന്നു.
‘എന്തിനാണ് ഈ 650 സ്ക്വയർ ഫീറ്റുള്ള ഓഫിസ്?’ എന്നായിരുന്നു അധികംപേരും ചോദിച്ചിരുന്നത്. ഇത്രയും വലിയ ഓഫിസ് സ്പേസ് അത്ഭുതമായിരുന്നു പലർക്കും. എന്നാൽ അതിനുശേഷം ഈ രംഗത്തേക്കു വന്നവർ ഇതിലും വലിയ ഓഫിസുകൾ നിർമിക്കാൻ തുടങ്ങി.
കേരളത്തിലെ ആദ്യത്തെ മാളായ ഫോക്കസ് മാൾ നിർമിച്ചത് ഹൈലൈറ്റ് ആണ്. ആദ്യത്തെ റെഡിമിക്സ്, ആദ്യത്തെ മിക്സ് യൂസ്ഡ് ഡെവലപ്മെന്റ് പ്രൊജക്ജ്, ആദ്യ ബിസിനസ് പാർക്ക് ടവർ, ആദ്യ ‘ഐബി’ സ്കൂൾ തുടങ്ങിയവയെല്ലാം ഹൈലൈറ്റിന്റെ വ്യത്യസ്ത ആശയങ്ങളായിരുന്നു. ഇവയെല്ലാം വിജയമാവുകയും ചെയ്തു. അതിനാൽ തന്നെ ഒരു ട്രെൻഡ് സെറ്ററാണ് ഹൈലൈറ്റ് എന്ന് തീർച്ചയായും പറയാൻ സാധിക്കും.
ഹാൻഡ് ഇൻ ഹാൻഡ് വിത് നേച്ചർ
ഗ്രീൻ ആണ് ഇനി ലക്ഷ്വറി കൺസപ്ട്. വളരെ വിലകൂടിയ ഇറ്റാലിയൻ മാർബിൾ അടക്കം ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമിച്ചാൽ പോലും ഇനി അവയൊന്നും ലക്ഷ്വറിയായി കണക്കാക്കപ്പെടില്ല. ‘ലക്ഷ്വറി മീൻസ് ഗ്രീനറി’ എന്നതാണ് നിലവിലെ ട്രെൻഡ്. അതുകൊണ്ടുതന്നെയാണ് ഹൈലൈറ്റിന്റെ ടാഗ് ലൈനുകളിലൊന്ന് ‘ഹാൻഡ് ഇൻ ഹാൻഡ് വിത്ത് നേച്ചർ’ എന്നായതും. ചെടികൾ വച്ചുപിടിപ്പിച്ച് പച്ചപ്പുനിറഞ്ഞ ഒരു കെട്ടിടത്തിന്റെ ലക്ഷ്വറി എന്നും നിലനിൽക്കും.
പത്തുവർഷം മുമ്പ് ചുവരുൾപ്പെടെ ഗ്രാനൈറ്റിൽ നിർമിച്ച ഒരു കെട്ടിടം ഇന്നുകാണുമ്പോൾ അയ്യേ എന്നു തോന്നും എല്ലാവർക്കും. ആ ട്രെൻഡ് എന്നേ മാറി. നാലുഭാഗവും ഗ്രാനൈറ്റുകൾ ഒട്ടിച്ച് നിർമിച്ച ഇത്തരം വീടുകൾ ഇന്ന് ആർക്കും ഇഷ്ടപ്പെടില്ല. എന്നാൽ ഗ്രീനറിക്ക് പ്രധാന്യം നൽകി നിർമിച്ച വീടാണെങ്കിൽ അന്നും ഇന്നും എന്നും ഒരുപോലെ എല്ലാവരെയും ആകർഷിക്കും. സിംപിൾ ഫിനിഷിങ്, നാച്വറൽ ലുക്കിങ് ഇതാണ് ആളുകൾക്കിഷ്ടം. പ്രകൃതിയോടിണങ്ങുന്ന ഡിസൈൻ തിരഞ്ഞെടുക്കുക എന്നതാണ് ഇതിൽ പ്രധാനം.
ഹൈലൈറ്റ് ബിസിനസ് പാർക്ക്
വിദേശത്ത് ധാരാളമായി കണ്ടുവരുന്നതാണ് ബിസിനസ് പാർക്കുകൾ. എന്നാൽ കേരളത്തിൽ എല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്ന ഇത്തരമൊരു ബിസിനസ് പാർക്ക് ഉണ്ടായിരുന്നില്ല. വിദേശത്തുള്ളതുപോലെ ഒരു ബിസിനസ് പാർക്ക് ഇവിടെയും വേണമെന്നായിരുന്നു പിന്നീടുള്ള ചിന്ത. ഈ ചിന്ത 12 വർഷം മുമ്പായിരുന്നുവെന്ന് മാത്രം. അങ്ങനെ കോഴിക്കോട് ഒരു ബിസിനസ് ഹബ് ഒരുക്കി. ഇവിടെ നൂറുകണക്കിന് ബിസിനസ് സ്പേസുകൾ ഇന്ന് കാണാം.
സ്റ്റാർട്ടപ്സും മറ്റും തുടങ്ങാൻ എല്ലാ സൗകര്യവുമുള്ള ഒരു സ്പേസ് ഇവിടെ ലഭ്യമാക്കി. ജോലി എന്നതിനപ്പുറം യുവാക്കൾക്ക് എൻജോയ് ചെയ്യാനുള്ള എല്ലാ സൗകര്യവും ഇവിടെ ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനം, ഫുഡ് സ്പോട്ട്, എന്റർടെയിൻമെന്റ് സെഷനുകൾ, വിശ്രമകേന്ദ്രം, പാർക്കിങ് സൗകര്യം തുടങ്ങിയവയാണ് മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടത്തെ പ്ലസ് പോയന്റുകൾ. കോവിഡിന് ശേഷം ഈ ബിസിനസ് സ്പേസുകൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. സ്വന്തമായി ഒരു കെട്ടിടം നിർമിച്ച് ഓഫിസ് കെട്ടിപ്പൊക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഇത്തരം ഓഫിസ് സ്പേസുകളിലൂടെ മറികടക്കാം.
എന്തുകൊണ്ട് ഹൈലൈറ്റ്?
എന്തുകൊണ്ട് ഹൈലൈറ്റ് തിരഞ്ഞെടുക്കണം എന്ന് ചോദിക്കുന്നവരോട് എന്തുകൊണ്ട് ഹൈലൈറ്റ് തിരഞ്ഞെടുക്കുന്നില്ല എന്ന ചോദ്യമാണ് എനിക്ക് തിരിച്ച് ചോദിക്കാനുള്ളത്. മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി എല്ലാ സൗകര്യങ്ങളും നൽകുന്നതാണ് ഹൈലൈറ്റ് ബിൽഡേഴ്സ്. മിതമായ വില, ലൊക്കേഷൻ, ഫ്യൂച്ചറിസ്റ്റിക് എന്നിവയിലെല്ലാം ഹൈലൈറ്റ് മുൻപന്തിയിൽ നിൽക്കുന്നു. അതുകൊണ്ടുതന്നെ എന്തുകൊണ്ട് മറ്റുള്ളവ തേടിപോകണം എന്നതാണ് ചോദ്യം.
കോവിഡിൽനിന്ന് ടീം പവർ
ലോകം ഒരു നൂറുവർഷമെങ്കിലും പിറകോട്ടു പോകുമെന്നായിരുന്നു ആദ്യത്തെ കോവിഡ് മഹാമാരി സമയത്ത് പ്രതീക്ഷിച്ചിരുന്നത്. ഒരു ബിസിനസ് നല്ല രീതിയിൽ മുന്നോട്ടുപോയികൊണ്ടിരിക്കേ പെട്ടെന്ന് എല്ലാം നിശ്ചലമാകുമ്പോൾ അങ്ങനെ ചിന്തിക്കാൻ മാത്രമേ സാധിക്കൂ. ലോക്ഡൗണിൽ എല്ലാം അടച്ചുപൂട്ടുമ്പോൾ ഇവിടെയുള്ള തൊഴിലാളികൾക്കെല്ലാം ഒരു മാസത്തേക്ക് അരിയും ഉപ്പും വാങ്ങി നൽകിയിരുന്നു.
പട്ടിണിയില്ലാതെ ജീവൻ നിലനിർത്തുക എന്നായിരുന്നു അപ്പോഴത്തെ ചിന്ത. ലോകം പണ്ടത്തെപോലെ തിരിച്ചുവരുമെന്ന ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. സമയം മുഴുവൻ കുടുംബത്തോടൊപ്പം ഒരുമിച്ച് ചെലവിട്ടു. എന്നാൽ, കോവിഡിന്റെ ആദ്യഘട്ടം കഴിഞ്ഞ് തിരിച്ചുവന്നതോടെ ചില പ്രതീക്ഷകൾ തുടങ്ങി. നന്നായി അധ്വാനിക്കുക മാത്രമായിരുന്നു തിരിച്ചുവരാനുള്ള വഴി. എല്ലാവരും കഴിവിന്റെ പരമാവധി ശ്രമിച്ചു.
അത് അനുഗ്രഹമായിരുന്നു ഒരു തരത്തിൽ. സാമ്പത്തികമായി നഷ്ടമുണ്ടായിരുന്നുവെങ്കിലും പുനർചിന്തകളുണ്ടായി. കമ്പനിയിലെ ഏറ്റവും കഴിവുള്ള വിശ്വസ്തരെ ഉൾപ്പെടുത്തി ഒരു ടീം രൂപവത്കരിച്ചു. വർഷങ്ങളായി കൂടെ നിൽക്കുന്നവരും ബന്ധുക്കളുമെല്ലാം ഉൾപ്പെടുന്നവരാണ് ഇവരെല്ലാവരും. കമ്പനി തലയുയർത്തി നിൽക്കാൻ പാകത്തിലായിരുന്നു ആ തിരിച്ചുവരവ്. ഓരോരുത്തർക്കും വ്യത്യസ്ത ഉത്തരവാദിത്തങ്ങൾ നൽകി. അതുതന്നെയാണ് പിന്നീടുള്ള യാത്രക്ക് ഹൈലൈറ്റിന് മുതൽകൂട്ടായതും.
കേരളത്തിലെ ബിസിനസ്
കേരളത്തിൽ ഒരു ബിസിനസ് ചെയ്യുക, വിജയിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യംതന്നെയാണ്. എന്നാൽ ഒരു ബിസിനസുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അവസരവും ഇതാണ്. അത് മനസ്സിലാക്കി മുന്നേറാൻ സാധിക്കണം. വികസനം സർക്കാറുകളുടെ ലക്ഷ്യമായതിനാൽ തന്നെ മറ്റു പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാൻ സാധിക്കും. കൃത്യമായ വീക്ഷണങ്ങളും ആശയങ്ങളുമുണ്ടെങ്കിൽ കേരളത്തിൽ ബിസിനസ് ചെയ്ത് വിജയിക്കാമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.
നെക്സ്റ്റ് ഹൈലൈറ്റ്സ്
എല്ലാവരുടെയും ജീവിതരീതി മാറിയല്ലോ. കോവിഡിന് മുമ്പ് എല്ലാവർക്കും സമ്പാദ്യശീലമുണ്ടായിരുന്നു. ഇന്ന് സമ്പാദ്യശീലം വിട്ട് കിട്ടുന്ന പണം ചെലവാക്കുക എന്നതാണ് രീതി. ഖത്തർപോലുള്ള രാജ്യങ്ങളിൽ വിദേശികൾ ഉൾപ്പെടെ വളരെ കുറഞ്ഞ ജനസംഖ്യ മാത്രമാണുള്ളത്.
എന്നാൽ അവിടെ 100ലധികം മാളുകൾ കാണാൻ സാധിക്കും. അതുപോലെ അഞ്ചുലക്ഷംപേർ തങ്ങുന്ന സ്ഥലത്ത് ഒരു മാളിന് സാധ്യതയുണ്ടെന്നാണ് എന്റെ വിലയിരുത്തൽ. കേരളത്തിൽ 65 സ്ഥലങ്ങളിലെങ്കിലും വിവിധ രീതിയിലുള്ള മാളുകൾ നിർമിക്കാൻ സാധിക്കും. വലിയ നഗരത്തിൽ ഹൈലൈറ്റ് മാൾ, ചെറിയ നഗരങ്ങളിൽ ഹൈലൈറ്റ് സെന്റർ, ചെറിയ ടൗണുകളിൽ ഹൈലൈറ്റ് കൺട്രി സൈഡ് എന്നിങ്ങനെ മൂന്ന് രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ് നിലവിലെ ലക്ഷ്യം.
ഹൈലൈറ്റ് സിറ്റിക്കുള്ളിലായി ഒരു റസിഡൻഷ്യൽ ടവറാണ് മറ്റൊരു പ്ലാൻ. എല്ലാ ഫ്ലാറ്റിന്റെ മുന്നിലും കാർ പാർക്ക് ചെയ്യാൻ കഴിയുന്ന രീതിയിലായിരിക്കും അതിന്റെ നിർമാണം. ഓരോ അപ്പാർട്ട്മെന്റിന് മുന്നിലും കാർ പാർക്ക് ചെയ്യാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ പ്രോജക്ട്. ലോകത്താദ്യമായാണ് ഇതുപോലൊരു കൺസപ്റ്റ്. ഹൈലൈറ്റ് അറ്റ്ലാന്റിസ് എന്ന പേരിലുള്ള ടവറിൽ 160 അപ്പാർട്ട്മെന്റുകൾ ഉണ്ടാകും. കോഴിക്കോട്ട് ബൈപ്പാസിനോട് ചേർന്ന ഹൈലൈറ്റ് മാളിന്റെ തൊട്ടുപിറകിലായാണ് ഈ പ്രൊജക്ട് പണിതുയർത്തുക. ഡിസംബറിൽ പദ്ധതി ആരംഭിക്കും. ഹൈലൈറ്റ് ഒളിമ്പസിന്റെ സെക്കൻഡ് ഫേസ് ആണ് മറ്റൊരു പ്രോജക്ട്.
‘ഐബി’ സിലബസ് ഫോളോ ചെയ്യുന്ന വൈറ്റ്സ്കൂളാണ് മറ്റൊരു പ്രോജക്ട്. എൽ.കെ.ജി മുതൽ പ്ലസ്ടുവരെയുള്ള ക്ലാസുകളുണ്ട് ഇവിടെ. വിദേശ സിലബസാണ് ഫോളോ ചെയ്യുന്നത്. പഠനത്തോടൊപ്പം വിദ്യാർഥികളുടെ താൽപര്യവും കണക്കിലെടുത്താണ് ഇവിടുത്തെ പാഠ്യരീതി. വിവിധ വിഷയങ്ങളിൽ ഇഷ്ടമുള്ളത് കുട്ടികൾക്ക് തിരഞ്ഞെടുത്ത് പഠിക്കാം. ഒരു സാധാരണ കുടുംബത്തിൽനിന്ന് വന്നയാളാണ് ഞാൻ.
അതുകൊണ്ടുതന്നെ ഒരു സമൂഹം വികസിക്കണമെങ്കിൽ വിദ്യാഭ്യാസം കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും കഴിയില്ലെന്ന് എനിക്കറിയാം. അതിനായി എന്റെ സംഭാവനയാണ് ഈ വൈറ്റ്സ്കൂൾ. ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ-സമൂഹത്തിന്റെ മൂല്യം ഒരു അഞ്ചുശതമാനമെങ്കിലും ആ സ്കൂളിലൂടെ ഉയർത്തിക്കൊണ്ടുവരാൻ കഴിയുമെന്നാണ് വിശ്വാസം. അതുവഴി സമൂഹത്തിനും വളർച്ചയുണ്ടാക്കാൻ കഴിയും. നിർമാണകമ്പനി, ഫ്ലാറ്റുകൾ, സ്കൂളുകൾ, റസ്റ്റാറന്റുകൾ, മാളുകൾ തുടങ്ങിയവ ചേർന്നതാണ് ഹൈലൈറ്റ് ഗ്രൂപ്. ഇന്ന് 25000 ത്തോളം കുടുംബങ്ങൾ ഹൈലൈറ്റിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്.
പഠനത്തിനൊപ്പം ജോലി
വികസിത രാജ്യങ്ങളിലെപോലൊരു സംസ്കാരം ഇവിടെയും വരണം. എങ്കിൽ മാത്രമേ ഇനി ഓരോ കുടുംബത്തിനും മുന്നോട്ടുപോകാൻ സാധിക്കൂ. ഇപ്പോൾ തന്നെ ഒരു വീട്ടിലെ ഭാര്യയും ഭർത്താവും ജോലി ചെയ്യുന്ന സാഹചര്യം കേരളത്തിൽ ഉടലെടുത്തുതുടങ്ങി. നേരത്തേ ഒരു വീട്ടിൽ എത്ര അംഗങ്ങളുണ്ടെങ്കിലും അവിടത്തെ മുതിർന്ന പുരുഷൻ മാത്രമേ ജോലി ചെയ്തിരുന്നുളൂ.
ഇന്ന് സ്ത്രീകൾ സ്വന്തമായി ഒരു പ്രഫഷനും ജോലിയും കണ്ടെത്തിതുടങ്ങി. വിദേശത്ത് പഠനത്തിനൊപ്പം ജോലി എന്നതാണ് കൺസപ്റ്റ്. നിരവധിപേർ ഇപ്പോൾ സ്വന്തമായി പഠനത്തിനൊപ്പം ജോലി മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. എന്നാൽ ഇവിടെ കൂടുതലും പഠനത്തിന് ശേഷം ജോലി അന്വേഷിക്കാറാണ് പതിവ്.
അത് മാറിവരണം. സ്കൂളിലും കോളജിലും പഠിക്കുമ്പോൾ തന്നെ ജോലി ചെയ്യാനുള്ള സ്വന്തം ചിലവിനുള്ള പണം കണ്ടെത്താനുള്ള മനസ് കുട്ടികളിൽ രൂപപ്പെടുത്തണം. വിദേശത്ത് എത്ര വലിയ സ്വത്തുണ്ടെന്ന് പറഞ്ഞാലും കുട്ടികൾ തങ്ങൾക്ക് ഇഷ്ടമുള്ള തൊഴിൽ ചെയ്ത് പണം കണ്ടെത്തുന്നത് കാണാം. ആ ഒരു ശീലം മലയാളികൾക്കിടയിലും വരണം. സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയും അതിലൂടെ കൈവരും.
കുടുംബ വർത്തമാനം
ഭാര്യ നഷീദ സുലൈമാൻ എൻജിനീയറാണ്. സ്കൂളുകളുടെ ചുമതല വഹിക്കുന്നത് അവരാണ്. മകൻ അജിൽ മുഹമ്മദ് ഹൈലൈറ്റ് ഹോൾഡിങ്സിന്റെ സി.ഇ.ഒ ആണ്. ഒരു മകൾ നിമ സുലൈമാൻ സിംഗപ്പൂരിൽ പഠിക്കുന്നു. ഇളയമകൾ നേക സുലൈമാൻ പ്ലസ്ടുവിന് പഠിക്കുന്നു. എൻജിനീയറിങ്ങിന് ശേഷം ഞാൻ നേരെ ഗൾഫിൽ പോയി. സഹോദരൻമാർ ഗൾഫിലാണുള്ളത്. പഠിച്ചതുമായി യാതൊരു ബന്ധവുമില്ലാത്ത ജോലി ഒരു നാലുവർഷത്തോളം ചെയ്തു. പിന്നീട് നാട്ടിലേക്ക് തിരിച്ചുവന്ന് പിറ്റേദിവസം തന്നെ ഇവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനി തുടങ്ങി. എല്ലാത്തിന്റെയും തുടക്കം അവിടെനിന്നായിരുന്നു.
ഇന്നോവേറ്റിവ് പ്രോജക്ടുകൾ
ഇന്നോവേറ്റിവ് പ്രോജക്ടുകൾതന്നെയാണ് ഹൈലൈറ്റ് ബിൽഡേഴ്സിന്റെ ഹൈലൈറ്റ്സ്. 2003ൽ ഒരു ചെറിയ അപ്പാർട്ട്മെന്റ് നിർമിച്ച് തുടങ്ങിയതാണ് ഞങ്ങൾ. പിന്നീട് 63 അപ്പാർട്ട്മെന്റുകളുള്ള കോഴിക്കോട്ടെ അന്നത്തെ ഏറ്റവും വലിയ ബിൽഡിങ് നിർമിച്ചതും ഹൈലൈറ്റ് ആയിരുന്നു. എല്ലാവിധ സൗകര്യങ്ങളോടുംകൂടിയുള്ള 272 അപ്പാർട്ട്മെന്റുകളുള്ള മെട്രോമാക്സ് അത്തരത്തിൽ കേരളത്തിൽതന്നെ ആദ്യമായിട്ടായിരുന്നു.
കേരളത്തിൽ എല്ലായിടത്തും മാൾ സാധ്യമാകുമോ എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. കൊച്ചി, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ മാത്രമല്ലേ ഇവ സാധ്യമാകൂ എന്നായിരുന്നു എല്ലാവരുടെയും സംശയം. എന്നാൽ അഞ്ചുവർഷംകൊണ്ട് എല്ലാവരിലേക്കും വളരെ വലിയ മാറ്റമെത്തും. അതോടെ ചെറിയ ടൗണുകളിൽ പോലും വലിയ മാളുകൾക്ക് ആവശ്യക്കാരുണ്ടാകും. ഹൈലൈറ്റ് കുറച്ച് മുൻകൂട്ടി ചിന്തിക്കുന്നു എന്നുമാത്രം.
കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിന്റെ ആദ്യ ടവർ നിർമാണം പൂർത്തിയാകുന്നതിന് മുമ്പുതന്നെ രണ്ടാമത്തെ ടവറിന്റെ നിർമാണം ആരംഭിച്ചിരുന്നു. ആദ്യത്തേതിന്റെ നിർമാണം പൂർത്തിയാക്കാതെ രണ്ടാമത്തേത് എങ്ങനെ പൂർത്തീകരിക്കും എന്നായിരുന്നു അന്ന് പലരും ചോദിച്ച ചോദ്യം. അന്ന് ഏറ്റവും എതിർപ്പ് നേരിട്ടതും രണ്ടാമത്തെ ടവറിന്റെ നിർമാണം തുടങ്ങിയതോടെയായിരുന്നു.
എന്നാൽ, അതിവേഗം ആദ്യത്തെയും രണ്ടാമത്തെയും ടവറുകളുടെ നിർമാണം പൂർത്തീകരിച്ച് വിജയകരമായി പ്രവർത്തനം തുടങ്ങാൻ സാധിച്ചു. റിസ്ക് ഏറ്റെടുക്കാൻ സാധിച്ചാൽ മാത്രമേ വിജയവുമുണ്ടാകൂ, അതിനൊപ്പം താൽപര്യവും വേണമെന്നു മാത്രം. കമേഴ്സ്യൽ, റീട്ടെയ്ൽ, റസിഡൻഷ്യൽ കെട്ടിടങ്ങളുടെ നിർമാണം ഒരുമിച്ച് കൊണ്ടുപോകുന്നത് കേരളത്തിൽ ഹൈലൈറ്റ് ബിൽഡേഴ്സ് മാത്രമാണ്.
അപ്പാർട്ട്മെന്റുകൾ നിർമിച്ച് വിൽപന നടത്തിക്കഴിഞ്ഞാൽ അതോടെ ബിൽഡേഴ്സിന്റെ റോൾ കഴിഞ്ഞു. എന്നാൽ മാൾ ഉൾപ്പെടെയുള്ളവ അങ്ങനെയല്ല, ലൈഫ് ലോങ് അവ റൺ ചെയ്യണം. ഇത് ഹൈ റിസ്ക് ആണ്, അതോടൊപ്പം ലാഭമുണ്ടാക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.