കുതിപ്പ് തുടർന്ന് അദാനി ഓഹരികൾ; തുണയായത് സുപ്രീംകോടതി സമിതിയുടെ ക്ലീൻ ചിറ്റ്
text_fieldsമുംബൈ: ഓഹരിവിപണിയിൽ രണ്ടാം ദിനവും കുതിപ്പ് തുടർന്ന് അദാനി ഗ്രൂപിന് കീഴിലെ കമ്പനികൾ. അദാനി എന്‍റർപ്രൈസാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. 13 ശതമാനത്തോളം ഉയർന്നാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണത്തിൽ, ഓഹരി വിപണി നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി സമിതി ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഓഹരികൾ മുന്നേറ്റം തുടങ്ങിയത്.
അദാനി വിൽമർ 10 ശതമാനം വർധിച്ച് ഇന്നത്തെ ഏറ്റവും ഉയർന്ന വിലയിലാണ് (അപ്പർ സർക്യൂട്ട്) വ്യാപാരം നടക്കുന്നത്. അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, എൻ.ഡി.ടി.വി എന്നിവ അഞ്ച് ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലാണുള്ളത്. അദാനി പോർട്സ് 2.67 ശതമാനം ഉയർന്നു. എ.സി.സി (0.66%), അംബുജ സിമന്‍റ് (0.91%) എന്നിവയാണ് ഇന്ന് വലിയ നേട്ടമുണ്ടാക്കാത്ത അദാനി കമ്പനികൾ.
ജനുവരി 24ന് പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി കമ്പനികളുടെ ഓഹരിമൂല്യം മൂക്കുകുത്തിവീണിരുന്നു. ഓഹരി വില കൃത്രിമമായി ഉയർത്തി എന്നതുൾപ്പെടെ നിരവധി ആരോപണങ്ങളാണ് ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഉന്നയിച്ചിരുന്നത്. ആരോപണങ്ങൾ അന്വേഷിക്കുന്നതിൽ സെബിയുടെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടില്ലെന്നാണ് സുപ്രീംകോടതി സമിതി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.