ഓഹരി മൂല്യത്തട്ടിപ്പ്: അദാനി ഗ്രൂപ് ഓഹരികൾ രണ്ടാം ദിവസവും തകർന്നടിഞ്ഞു
text_fieldsമുംബൈ: ഓഹരി മൂല്യത്തിൽ തട്ടിപ്പിലൂടെ വർധനവുണ്ടാക്കിയെന്ന ഒ.സി.സി.ആർ.പി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ രണ്ടാം ദിവസവും അദാനി ഗ്രൂപ് കമ്പനികളുടെ ഓഹരികൾ തകർന്നടിഞ്ഞു. അദാനി എന്റർപ്രൈസസ്, അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ, അദാനി വിൽമർ അടക്കമുള്ള ഓഹരികളാണ് തിരിച്ചടി നേരിട്ടത്. അദാനി ഓഹരികളിൽ 0.5 മുതൽ 3 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്.
അദാനി എന്റർപ്രൈസസ് 0.5 ശതമാനവും അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ 0.75 ശതമാനവും അദാനി പവർ 2.2 ശതമാനവും അദാനി എനർജി സൊലൂഷൻസ് 1.2 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 1.32 ശതമാനവും അദാനി ഗ്രീൻ എനർജി 2.1 ശതമാനവും അദാനി വിൽമർ 3 ശതമാനവും മുംബൈ ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ ഇടിവ് രേഖപ്പെടുത്തി.
അന്വേഷണാത്മക പത്രപ്രവർത്തക കൂട്ടായ്മയായ ‘ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട്സ്’ (ഒ.സി.സി.ആർ.പി) റിപ്പോർട്ട് ഇന്നലെ പുറത്തു വന്നതിന് പിന്നാലെ അദാനി ഗ്രൂപ് കമ്പനികളുടെ ഓഹരികളിൽ തകർച്ച നേരിട്ടിരുന്നു. അദാനി ഗ്രൂപ് തലവൻ ഗൗതം അദാനിയുടെ ജ്യേഷ്ഠൻ വിനോദ് അദാനിയുടെ വ്യവസായ പങ്കാളികളും സുഹൃത്തുക്കളും ചേർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തിൽ തട്ടിപ്പിലൂടെ വർധനവുണ്ടാക്കിയെന്നാണ് ഒ.സി.സി.ആർ.പി കണ്ടെത്തിയിരിക്കുന്നത്.
ഗ്രൂപ്പിന് കീഴിലുള്ള ഒമ്പത് കമ്പനികളുടെ ഓഹരികൾ വ്യാഴാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എ.സി.സി മാത്രമാണ് ഗ്രൂപ് കമ്പനികളിൽ നേട്ടമുണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.