ഹിൻഡൻബർഗിനെ നേരിടാൻ യു.എസ് നിയമസ്ഥാപനത്തെ വാടകക്കെടുത്ത് അദാനി
text_fieldsന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് വന്‍ നഷ്ടമുണ്ടാക്കിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ യു.എസ് ഷോർട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ചിനെതിരെ നിയമയുദ്ധത്തിന് ഗൗതം അദാനി. വൻകിട കമ്പനികൾക്കായി കേസുകൾ വാദിക്കുന്ന ന്യൂയോർക്ക് ആസ്ഥാനമായ നിയമ സ്ഥാപനമായ വാച്ച്ടെല്ലിനെ നിയമ പോരാട്ടത്തിന് അദാനി ഗ്രൂപ് നിയോഗിച്ചതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇതുസംബന്ധിച്ച് വാച്ച്ടെല്‍ ലിപ്ടണ്‍ റോസന്‍ ആന്‍ഡ് കാറ്റ്‌സ് നിയമ സ്ഥാപനത്തിലെ മുതിർന്ന അഭിഭാഷകരുമായി അദാനി ഗ്രൂപ് നേരത്തേ ചര്‍ച്ച നടത്തിയതായി ബ്രിട്ടീഷ് ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോർപറേറ്റ് നിയമത്തില്‍ വൈദഗ്ധ്യം നേടിയ വാച്ച്ടെല്ലിന് വൻകിട- സങ്കീര്‍ണ ഇടപാടുകള്‍ പതിവായി കൈകാര്യം ചെയ്ത് ദീര്‍ഘകാല പരിചയവുമുണ്ട്. വാച്ച്ടെൽ, ലിപ്റ്റൺ, റോസൻ, കാറ്റ്‌സ് എന്ന പേരിലുള്ള ഈ നിയമ സ്ഥാപനം 1965ൽ ഹെർബർട്ട് വാച്ച്ടെൽ, മാർട്ടിൻ ലിപ്ടൺ, ലിയോനാർഡ് റോസൻ, ജോർജ് കാറ്റ്സ് എന്നിവർ സ്ഥാപിച്ചതാണ്.
കഴിഞ്ഞവർഷം ട്വിറ്ററിനെ വാങ്ങാനുള്ള 4400 കോടി ഡോളറിന്റെ ഇടപാടിൽ നിന്ന് ശതകോടീശ്വരൻ ഇലോണ്‍ മസ്ക് പിന്മാറാൻ ശ്രമിച്ചപ്പോൾ വാച്ച്ടെൽ ട്വിറ്ററിന് നിയമോപദേശം നൽകിയിരുന്നു.
സാമ്പത്തിക ക്രമക്കേട് ആരോപിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിറകെ അദാനി ഗ്രൂപ് കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു. അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ 20,000 കോടി രൂപയുടെ തുടർ ഓഹരി വിൽപനയും റദ്ദാക്കേണ്ടിവന്നു. റിപ്പോര്‍ട്ട് അസത്യങ്ങള്‍ നിറഞ്ഞതാണെന്നും ഇന്ത്യക്കെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും ആരോപിച്ച് ജനുവരി 29ന് അദാനി ഗ്രൂപ് 413 പേജുകളുള്ള റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ഹിൻഡൻബർഗിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് അദാനിയെ നിയമ യുദ്ധത്തിനായി യു.എസിലേക്ക് ഹിന്‍ഡന്‍ബര്‍ഗ് ക്ഷണിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.