ഒ.സി.സി.ആർ.പി വെളിപ്പെടുത്തൽ: അദാനി ഓഹരികൾ കൂപ്പുകുത്തി; 35,600 കോടിയുടെ ഇടിവ്
text_fields
മുംബൈ: അദാനി ഗ്രൂപ്പ് കമ്പനികളിൽ രഹസ്യ നിക്ഷേപം നടത്തിയ വിദേശികളുടെ പേരുകൾ പുറത്തായതിന് പിന്നാലെ അദാനി ഓഹരികളിൽ വൻ ഇടിവ്. വിപണി മൂലധനത്തിൽ 35,600 കോടി രൂപയുടെ ഇടിവാണ് 10 കമ്പനികൾ രേഖപ്പെടുത്തിയത്.
അദാനി എന്‍റർപ്രൈസസ് ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി പോർട്ട്സ്, അദാനി പവർ, അദാനി എനർജി സോലൂഷൻസ്, അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ്, എൻ.ഡിടിവി, സ്പെഷ്യൽ എക്കണോമിക് സോൺ ലിമിറ്റഡ് എന്നിവയുടെ ഓഹരികളിലാണ് തിരിച്ചടി നേരിട്ടത്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അദാനി എന്‍റർപ്രൈസസ് ഓഹരികൾ 5.11 ശതമാനം ഇടിഞ്ഞ് 2,385 രൂപയിലെത്തി. അദാനി പോർട്ട്സ് 2.92 ശതമാനം ഇടിഞ്ഞ് 795.10 രൂപയിലും അദാനി പവർ 4.45 ശതമാനം ഇടിഞ്ഞ് 313.80 രൂപയിലുമെത്തി.
അദാനി എനർജി സൊല്യൂഷൻസ് (അദാനി ട്രാൻസ്മിഷൻ) 3.53 ശതമാനവും ഇടിഞ്ഞു. അദാനി ഗ്രീൻ 4.37 ശതമാനം ഇടിഞ്ഞ് 928.25 രൂപയിലെത്തി. അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ്, എസിസി, എൻ.ഡി.ടി.വി എന്നിവ 3.2 ശതമാനം വരെയും ഇടിഞ്ഞു.
ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് കമ്പനികളിൽ രഹസ്യ നിക്ഷേപം നടത്തിയ വിദേശികളുടെ പേരുകൾ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മമായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (ഒ.സി.സി.ആർ.പി) ആണ് പുറത്തുവിട്ടത്. തായ് വാൻ സ്വദേശി ചാങ് ചുങ് ലിങ്, യു.എ.ഇ സ്വദേശി നാസർ അലി ഷഹബാൻ അലി എന്നിവരാണ് രഹസ്യ നിക്ഷേപം നടത്തിയ വിദേശികൾ.
ചാങ് ചുങ് ലിങ്ങും നാസർ അലി ഷഹബാൻ അലിയും ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ കമ്പനിയിലെ ഡയറക്ടർമാരാണ്. മൗറീഷ്യസ് ആസ്ഥാനമായ കമ്പനി വഴിയാണ് ഇവർ ഓഹരി വാങ്ങി കൂട്ടിയതെന്നും ഒ.സി.സി.ആർ.പി വെളിപ്പെടുത്തുന്നു.
അദാനി കമ്പനികളുടെ ഓഹരി മൂല്യം ഉയർത്തുന്നതിന് വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടത്തിയെന്ന് യു.എസ് ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷക സ്ഥാപനമായ ഹിൻഡൻബെർഗിന്‍റെ റിപ്പോർട്ട് കഴിഞ്ഞ ജനുവരിയിൽ പുറത്തുവിട്ടിരുന്നു. ഇത് ആഗോള തലത്തിൽ വലിയ ചലനങ്ങൾക്കും ആരോപണങ്ങൾക്കും വഴിവെച്ചു. ഇതിന് പിന്നാലെ അദാനി കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.