കാലാവസ്ഥ പ്രതികൂലം; റബർ ഉൽപാദന മേഖല മ്ലാനതയിൽ
text_fieldsകനത്ത മഴയിൽ സംസ്ഥാനത്ത് റബർ വെട്ട് പൂർണമായി സ്‌തംഭിച്ചത് കർക്കടകത്തിന് മുന്നേ പുതിയ ഷീറ്റ് വിൽപനയക്ക് എത്താനുള്ള സാധ്യതകൾക്ക് മങ്ങലേൽപിക്കും. പ്രതികൂല കാലാവസ്ഥയിൽ നാല് മാസമായി റബർ ഉൽപാദന മേഖല മ്ലാനതയിലാണ്. പുതിയ ചരക്ക് വരവിന് കാലതാമസം നേരിടുമെന്ന് വ്യക്തമായത് വ്യവസായികളെ സമ്മർദത്തിലാക്കി. ആഭ്യന്തര വില ഉയർത്തിയിട്ടും ആവശ്യാനുസരണം ഷീറ്റും ലാറ്റക്‌സും കണ്ടെത്താൻ ടയർ നിർമാതാക്കൾക്കായില്ല.
കാലവർഷത്തിന്റെ തുടക്കം റബർ ടാപ്പിങ്ങിന് അനുകൂല സാഹചര്യം ഒരുക്കുമെന്ന് നേരത്തേ തോട്ടം മേഖല വിലയിരുത്തിയെങ്കിലും കർഷകരുടെ പ്രതീക്ഷയക്ക് ഒത്ത് മരങ്ങളിൽ വെട്ടു നടത്താൻ മാസത്തിന്റെ ആദ്യ പകുതിയിൽ കഴിഞ്ഞില്ല. ഒട്ടുമിക്ക തോട്ടങ്ങളിലും മഴമറ ഒരുക്കാൻ യഥാസമയം ഉൽപാദകർക്കാവാഞ്ഞത് തിരിച്ചടിക്ക് കാരണമായി.
മേയ് രണ്ടാം പകുതിയിലെ കനത്ത മഴതന്നെയാണ് കർഷകരെ ഇതിൽനിന്നും പിൻതിരിപ്പിച്ചത്. അന്ന് കിലോ 190 രൂപയിൽ നീങ്ങിയ നാലാം ഗ്രേഡ് ജൂണിൽ 200 കടന്ന് 207ൽ എത്തി. ഷീറ്റ് ക്ഷാമം വിപണികളിൽ അനുഭവപ്പെട്ടത് വിലക്കയറ്റത്തിന് വേഗം കൂട്ടി. എന്നാൽ, ഉൽപാദകരിലും മധ്യവർത്തികളിലും കാര്യമായി റബർ സ്‌റ്റോക്കില്ലാത്തതിനാൽ വിപണിയിലെ മികവ് നേട്ടമാക്കാനായില്ല.
ഇതിനിടയിൽ കണ്ടെയ്‌നർ ക്ഷാമത്തിൽ യഥാസമയം ഓർഡർ പ്രകാരമുള്ള ഷിപ്മെൻറുകൾ പൂർത്തിയാക്കുന്നതിൽ ബാങ്കോക്കിലെ കയറ്റുമതിക്കാർക്ക് വീഴ്‌ച സംഭവിച്ചു. ഇത് ഇന്ത്യൻ ടയർ മേഖലക്ക് കനത്ത പ്രഹരമായി. മേയ് -ജൂൺ ഷിപ്മെൻറുകളിൽ സംഭവിച്ച തടസ്സം റബർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന രാജ്യത്തെ പല വ്യവസായികളുടെ പ്രവർത്തനത്തെ ബാധിക്കും.
● കാലവർഷത്തിന്റെ വരവ് അടുത്ത സീസണിൽ കുരുമുളകിന് ഗുണകരമാവുമെന്ന വിലയിരുത്തലാണ് കർഷകരിൽ നിന്ന് ലഭ്യമാവുന്നത്. മഴ അനുകൂലമായതിനാൽ വിളവ് അടുത്ത വർഷം മെച്ചപ്പെടാം. എന്നാൽ, കാലാവസ്ഥ മാറ്റങ്ങൾക്ക് ഇടയിലും കൈവശമുള്ള മുളക് വിൽപനക്ക് ഇറക്കാൻ കർഷകർ തയാറായില്ല.
അടുത്ത വിളവെടുപ്പിന് ആറ് മാസം കാത്തിരിക്കേണ്ടി വരുമെന്നതിനാൽ സ്‌റ്റോക്കുള്ള ചരക്കിന് ഉയർന്ന വില ഉറപ്പുവരുത്താൻ കഴിയുമെന്നാണ് കാർഷിക മേഖലയുടെ പൊതുവേയുള്ള വിലയിരുത്തൽ.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വൻകിട സ്‌റ്റോക്കിസ്‌റ്റുകൾ ചരക്ക് സംഭരണം തുടരുന്നു. ആഗസ്‌റ്റ് -ഒക്‌ടോബർ വിൽപന മുന്നിൽ കണ്ടാണ് അവർ മുളക് ശേഖരിക്കുന്നത്. മുളക് സംഭരണം പൂർത്തിയാവുന്നതോടെ വിപണി നിയന്ത്രണം അവരുടെ കരങ്ങളിലാവും. ഉൽപന്ന വില അതോടെ കുതിച്ചുകയറാം. അൺ ഗാർബിൾഡ് മുളക് വില 67,800 രൂപ.
● അനുകൂല കാലാവസ്ഥയിൽ തേയിലത്തോട്ടങ്ങളിൽ കൊളുന്തു നുള്ള് വ്യാപകമായി. കനത്ത വരൾച്ചയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും മുന്ന് മാസതോളം വിളവെടുപ്പ് നിർത്തിവെച്ചിരുന്നു. മഴയും തണുത്ത കാലാവസ്ഥയും ഉൽപാദനം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് വൻകിട തോട്ടങ്ങൾക്ക് ഒപ്പം ചെറുകിട കർഷകരും.
● മുഖ്യ ലേല കേന്ദ്രങ്ങളിൽ പുതിയ തേയില എത്തിയതോടെ വിദേശ രാജ്യങ്ങളിൽനിന്നും ആഭ്യന്തര വിപണികളിൽനിന്നും കൂടുതൽ അന്വേഷണങ്ങൾ പ്രതീക്ഷിക്കുന്നു. യൂറോപ്യൻ രാജ്യങ്ങൾ ദക്ഷിണേന്ത്യൻ തേയിലയിൽ താൽപര്യം കാണിക്കുന്നുണ്ട്. സി.ടി.സി തേയില ശേഖരിക്കാൻ മധ്യപുർവേഷ്യൻ രാജ്യങ്ങളും സി.ഐ.എസും രംഗത്തുണ്ട്.
● ലേല കേന്ദ്രങ്ങളിൽ ഏലക്ക വരവ് ചുരുങ്ങി. അതേസമയം, ലേലത്തിൽ ചരക്ക് ഇറക്കാൻ മധ്യവർത്തികൾ തിടുക്കം കാണിക്കുന്നുണ്ട്. സീസൺ മുന്നിൽക്കണ്ടാണ് സ്‌റ്റോക്കിസ്‌റ്റുകൾ രംഗത്ത് ഇറങ്ങിയത്. ആഭ്യന്തര വിദേശ വാങ്ങലുകാർ ലേലത്തിൽ സജീവമെങ്കിലും സീസൺ അടുത്തിനാൽ നിരക്ക് ഉയർത്താൻ തയാറായില്ല. ശരാശരി ഇനങ്ങൾക്ക് കിലോ 2200 രൂപ റേഞ്ചിലും മികച്ചയിനങ്ങൾ 2500 രൂപയിലുമാണ്.
● കേരളത്തിലെ ആഭരണ വിപണികളിൽ സ്വർണ വില കയറിയിറങ്ങി. പവൻ 53,080 രൂപയിൽനിന്ന് 52,600ലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 53,000 രൂപയിലാണ്. ഒരു ഗ്രാം സ്വർണ വില 6625 രൂപ. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 2326 ഡോളർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.