എൻ.എസ്.ഇ മുൻ ഓപ്പറേറ്റിങ് ഓഫീസർ ആനന്ദ് സുബ്രമണ്യം അറസ്റ്റിൽ
text_fieldsന്യൂഡൽഹി: എൻ.എസ്.ഇ മുൻ ഓപ്പറേറ്റിങ് ഓഫീസർ ആനന്ദ് സുബ്രമണ്യത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ചെന്നൈയിലെത്തി വ്യാഴാഴ്ച അർധ രാത്രിയോടെയാണ് സുബ്രമണ്യത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ഡൽഹിയിലുള്ള സി.ബി.ഐ ആസ്ഥാനത്തെത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കി ആനന്ദ് സുബ്രമണ്യത്തെ കസ്റ്റഡിയിൽ വാങ്ങും. കോ-ലോക്കേഷൻ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
കേസിലെ സി.ബി.ഐ അന്വേഷണത്തോടെ സുബ്രമണ്യം സഹകരിച്ചിരുന്നില്ല. എൻ.എസ്.ഇ മുൻ സി.ഇ.ഒയായ ചിത്ര രാമകൃഷ്ണയും വിവാദ യോഗിയുമായി നടന്ന ഇമെയിൽ സന്ദേശങ്ങൾ സംബന്ധിച്ചുള്ള കേസിലും ആനന്ദ് സുബ്രമണ്യം ആരോപണവിധേയനായിരുന്നു. 2018ലാണ് സെബി ഇതുമായി ബന്ധപ്പെട്ട് കേസെടുത്തത്. എൻ.എസ്.ഇയുടെ സെർവറുകളിൽ ചില ബ്രോക്കർമാർക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയിലായിരുന്നു കേസ്. ഈ കേസിന്‍റെ അന്വേഷണത്തിനിടെ എൻ.എസ്.ഇ മുൻ സി.ഇ.ഒ ചിത്ര രാമകൃഷ്ണയും വിവാദ യോഗിയും തമ്മിലുള്ള ഇമെയിൽ സന്ദേശങ്ങൾ പുറത്ത് വന്നത്.
നേരത്തെ ചിത്ര രാമകൃഷ്ണയേയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. 12 മണിക്കൂറോളമാണ് ചിത്രയെ സി.ബി.ഐ ചോദ്യം ചെയ്തത്. രഹസ്യവിവരങ്ങൾ ചോർത്തിയതിന് സെബി ചിത്രക്ക് മൂന്ന് കോടി രൂപ പിഴയും ചുമത്തിയിരുന്നു. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ എൻ.എസ്.ഇയുടെ പല തീരുമാനങ്ങളെടുത്തത് വിവാദ യോഗിയുടെ നിർദേശപ്രകാരമായിരുന്നുവെന്ന് ചിത്ര മൊഴി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.