വിമാന ഇന്ധനവില വീണ്ടും കുത്തനെ കൂട്ടി; ഒറ്റയടിക്ക് 8.5 ശതമാനം വർധനവ്
text_fieldsന്യൂഡൽഹി: രാജ്യത്ത് വിമാന ഇന്ധനവിലയിൽ വൻ വർധനവ്. 8.5 ശതമാനമാണ് വിലയുയർത്തിയത്. അന്താരാഷ്ട്രതലത്തിലെ വിലവർധനവിനെ തുടർന്നാണ് രാജ്യത്തും വില വർധിപ്പിക്കേണ്ടിവന്നതെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ അവകാശപ്പെടുന്നു.
കിലോലിറ്ററിന് 6,743.25 രൂപയാണ് ഇന്ന് വർധിപ്പിച്ചത്. ഡൽഹിയിൽ കിലോലിറ്ററിന് 86,038.16 രൂപയാണ് പുതിയ വില. ജനുവരി 16ന് വിമാന ഇന്ധനവില കിലോ ലിറ്ററിന് 3,232.87 രൂപ വർധിപ്പിച്ചിരുന്നു. നിലവിൽ എക്കാലത്തെയും ഏറ്റവുമുയർന്ന നിരക്കിലാണ് വിമാന ഇന്ധനം.
2008ൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന് ബാരലിന് 147 ഡോളർ വിലയുണ്ടായിരുന്നപ്പോൾ രാജ്യത്ത് വിമാന ഇന്ധനവില 71,028 രൂപയായി ഉയർന്നിരുന്നു. എന്നാൽ, നിലവിൽ ക്രൂഡോയിലിന് വില ബാരലിന് 91.21 ഡോളറായി കുറഞ്ഞിട്ടും രാജ്യത്തെ ഇന്ധനവില വർധിച്ചിരിക്കുകയാണ്.
എല്ലാ മാസവും ഒന്നാം തിയതിയും 16ാം തിയതിയുമാണ് എണ്ണക്കമ്പനികൾ വിമാന ഇന്ധനവില പുതുക്കുന്നത്. ജനുവരി ഒന്നിന് 2.75 ശതമാനം വിലവർധിപ്പിച്ചിരുന്നു. കോവിഡ്-യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തിരിച്ചടി നേരിടുന്ന വിമാനക്കമ്പനികൾക്ക് ഇന്ധനവിലവർധനവ് ഇരുട്ടടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.