പലചരക്ക് വിപണിയിൽ വൻ വിലക്കയറ്റം; പയറിനങ്ങളും ഉള്ളിയും കുതിക്കുന്നു
text_fieldsകോഴിക്കോട്: ഓണം എത്തും മുമ്പേ പലചരക്ക് വിപണിയിൽ വൻ വിലക്കയറ്റം. പയർ ഇനങ്ങൾക്കും ഉള്ളിക്കുമാണ് വൻതോതിൽ വില വർധിച്ചിരിക്കുന്നത്. വൻപയർ, പച്ചപ്പട്ടാണി, സവാള, ശർക്കര ഇനങ്ങൾക്കെല്ലാം വില കുതിച്ചുയരുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. ചില ഇനത്തിന് മാസത്തിനിടെ കിലോക്ക് 70 രൂപയുടെവരെ വർധനയാണ് ചില്ലറ വിപണിയിൽ ഉണ്ടായിരിക്കുന്നത്.
വെളുത്തുള്ളിക്കും റെക്കോഡ് വിലക്കയറ്റമാണ്. ചില്ലറ വിപണിയിൽ കിലോക്ക് 300 രൂപ കൊടുക്കണം. ഗ്രാമങ്ങളിൽ ഇതിലും കൂടുതൽ വാങ്ങുന്നുണ്ട്. കോഴിക്കോട് പാളയം മാർക്കറ്റിലെ മൊത്തവിപണിയിൽ കിലോക്ക് 260-270 രൂപവരെ നൽകണം. തമിഴ്‌നാട്ടിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമാണ് കേരളത്തിലേക്ക് വെളുത്തുള്ളി എത്തുന്നത്. ഇവിടങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
വലിയ ഉള്ളിക്ക് ചില്ലറ വിപണിയിൽ 55-60 വരെയാണ്. പാളയത്ത് 42-45 രൂപവരെ കൊടുക്കണം. പച്ചപ്പട്ടാണിക്ക് റെക്കോഡ് വിലയാണിപ്പോൾ. ഒരു മാസം മുമ്പ് 120-130 വരെയായിരുന്നത് ഇപ്പോൾ 180-200 ആയി. ചേന വില ഞെട്ടിക്കുന്നതാണ്.
കിലോക്ക് 100ഉം അതിന് മുകളിലുമാണ് സൂപ്പർ മാർക്കറ്റുകളിൽ അടക്കം ഈടാക്കുന്നത്. പാളയം പാർക്കറ്റിൽ 60-65 രൂപയുണ്ട്. എന്നാൽ പയർ, പച്ചമുളക്, മുരിങ്ങ വില കുറഞ്ഞിട്ടുണ്ട്. ഓണത്തിന് മുമ്പ് തന്നെ ഇനിയും വില കൂടാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.