ക്രൂഡ് ഓയിൽ വിലയിൽ വൻ കുതിപ്പ്; ബാരലിന് 130 ഡോളർ കടന്നു
text_fieldsമുംബൈ: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളർ കടന്നു. 13 വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ബ്രന്‍റ് ക്രൂഡ് ഓയിലിന് ബാരലിന് 11.18 ഡോളർ ഉയർന്ന് 129.3 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 9.47 ശതമാനമാണിത്. ജനുവരി ഒന്നിന് ബാരലിന് 89 ഡോളറായിരുന്നു ക്രൂഡ് ഓയിലിന്‍റെ വില. ഫെബ്രുവരി 22നാണ് വില 100 ഡോളർ കടന്നത്.
അതേസമയം, ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിൽ ബാസ്കറ്റിന്‍റെ ഇന്നത്തെ വില ബാരലിന് 117.39 ഡോളർ ആണ്. 5.40 ഡോളർ വില കൂടി. 4.82 ശതമാനം വർധനവാണിത്. ഇന്ത്യയിൽ ഇന്ധന വില ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പെട്രോൾ വില ലിറ്ററിന് 22 രൂപ വരെ കൂടിയേക്കും.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ധന വില ഉയർന്നത്. ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ എണ്ണയുടെ എക്സൈസ് തീരുവ കുറക്കുന്ന കാര്യം കേന്ദ്ര സർക്കാറിന്‍റെ പരിഗണനയിലാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് നികുതി കുറച്ച് കേന്ദ്ര സർക്കാർ എണ്ണ വില താഴ്ത്തിയത്. ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഇന്ധന വില വീണ്ടും എണ്ണ കമ്പനികൾ ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.