എട്ടുനിലയിൽ പൊട്ടി കൊക്കോ വില
text_fieldsചോക്ലറ്റ് വ്യവസായികൾ കൊക്കോ സംഭരണവില ഇടിച്ചത് കർഷകരെ പരിഭ്രാന്തരാക്കി. സർവകാല റെക്കോഡ് വിലയിൽ നീങ്ങിയ ഉൽപന്ന വില പൊടുന്നനെ എട്ടുനിലയിൽ പൊട്ടിയത് കണ്ട് തരിച്ചുനിൽക്കുകയാണ് കാർഷിക മേഖല. സംസ്ഥാനത്ത് കൊക്കോ വിളവെടുപ്പ് പുരോഗമിക്കുകയാണ്. മാസാരംഭത്തിൽ ഹൈറേഞ്ച് ചരക്ക് കിലോ 1070 രൂപ വരെ ഉയർന്ന് ഉൽപാദകരെ അക്ഷരാർഥത്തിൽ മോഹിപ്പിച്ചത് വിളവെടുപ്പിന് ആവേശം പകർന്നിരുന്നു.
പുതിയ കായകൾ വിളവെടുത്ത് സംസ്കരണം പൂർത്തിയാക്കി ഉയർന്ന വിലയുടെ മാധുര്യം നുകരാനുള്ള നീക്കത്തിനിടയിലാണ് വിലനിലവാര ഗ്രാഫ് തകർന്നടിഞ്ഞത്. ഉൽപന്ന വില കിലോ 650 രൂപ വരെ താഴ്ന്നത് കർഷകർക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. വാരാവസാനം ഹൈറേഞ്ചിലെ ചെറുകിട കർഷകർ കായ ഉണക്കാൻ നിൽക്കാതെ പച്ച കൊക്കോ വിറ്റുമാറാനും തിടുക്കം കാണിച്ചു. അതിന്റെ വിലയാവട്ടെ, ഈ അവസരത്തിൽ കിലോ 200-220 രൂപയിലേക്ക് ഇടിഞ്ഞു. നേരത്തെ നിരക്ക് 370-400 രൂപ വരെ ഉയർന്നിരുന്നു.
മാസം പകുതി പിന്നിടുന്നതോടെ കുടുതൽ ചരക്ക് വിൽപനക്ക് ഇറങ്ങാൻ ഇടയുണ്ട്. വ്യവസായികൾ അവസരം നേട്ടമാക്കാനുള്ള സാധ്യതകൾ മുൻനിർത്തി കർഷകർ കരുതലോടെ കൊക്കോ നീക്കം നിയന്ത്രിച്ചാൽ തിരിച്ചുവരവിൽ വില 700ന് മുകളിൽ ഇടം പിടിക്കാം. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ കൊക്കോ വില കിലോ 220 രൂപ മാത്രമായിരുന്നു.
തമിഴ്നാട്ടിലെ തോട്ടങ്ങളിൽ നാളികേര വിളവെടുപ്പ് മുന്നേറിയതോടെ കർഷകർ പച്ചത്തേങ്ങ വിപണിയിൽ ഇറക്കാൻ ഉത്സാഹിക്കുന്നു. അധികം വൈകാതെ ആന്ധ്രയും കർണാടകവും പുതിയ നാളികേര വിൽപനക്ക് സജ്ജമാകുന്നതോടെ കൊപ്രക്ക് വ്യവസായിക ആവശ്യകത അൽപം കുറയാൻ സാധ്യത. പൊള്ളാച്ചി, പഴനി, കോയമ്പത്തൂർ മേഖലയിലെ തോട്ടങ്ങളിൽനിന്നുള്ള ചരക്ക് വരവ് മുന്നിൽകണ്ട് കാങ്കയത്തെ വൻകിട മില്ലുകാർ സംഭരണം കുറച്ചത് വിലയെ ബാധിച്ചു.
കൊപ്ര 9,775ൽനിന്ന് 9,475 രൂപയായി. അവിടെ വെളിച്ചെണ്ണ 14,000ൽനിന്ന് 13,475ലേക്ക് താഴ്ന്നത് വിലയിരുത്തിയാൽ ഈ വാരം കേരളത്തിലും ഉൽപന്ന വിലയിൽ ചാഞ്ചാട്ടസാധ്യതകൾക്ക് ശക്തിയേറാം. അതേസമയം, വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ചുരുങ്ങിയത് ആഭ്യന്തര പാചകയെണ്ണ വിപണികൾക്ക് താങ്ങ് പകരും.
നാടൻ കുരുമുളകിന് ആവശ്യക്കാർ ഏറിയെങ്കിലും കാർഷിക മേഖല വിൽപനയിൽനിന്ന് വിട്ടുനിന്നത് അന്തർസംസ്ഥാന വാങ്ങലുകാരെ സമ്മർദത്തിലാക്കി. ആഗോള കുരുമുളക് ഉൽപാദനം ചുരുങ്ങുമെന്ന വിലയിരുത്തലുകൾ കർഷകരെയും സ്റ്റോക്കിസ്റ്റുകളെയും വിൽപനയിൽനിന്ന് പിന്തിരിപ്പിക്കുന്നു. ഇതിനിടയിൽ അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ചരക്ക് എത്തിച്ച് വിപണി നിയന്ത്രണം കൈപിടിയിൽ നിലനിർത്താനുള്ള ഉത്തരേന്ത്യൻ ലോബിയുടെ ശ്രമങ്ങളും വിജയം കണ്ടില്ല.
ഇടുക്കി, വയനാട്, പത്തനംതിട്ട ഭാഗങ്ങളിൽനിന്നും വിൽപനക്കാർ കുറഞ്ഞു. ഉത്തരേന്ത്യയിൽ ഉത്സവ സീസണിന് തുടക്കം കുറിക്കുന്നതോടെ വാങ്ങൽ താൽപര്യം ശക്തമാകുമെന്ന നിലപാടിലാണ് കർഷകർ മുളക് പിടിക്കുന്നത്. അൺഗാർബിൾഡ് കുരുമുളക് വില 500 രൂപ വർധിച്ച് 57,500 രൂപയായി. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 7350 ഡോളറാണ്.
കേരളത്തിൽ സ്വർണവില വീണ്ടും വർധിച്ചു. ആഭരണ വിപണികളിൽ പവന് 52,680 രൂപയിൽനിന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 53,800 രൂപയായി. ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഔൺസിന് 2301 ഡോളറിൽനിന്നും 2371 ഡോളർ വരെ ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.