ചക്കിലാട്ടിയ വെളിച്ചെണ്ണ ഷാർജയിൽ കിട്ടും!
text_fields'ഗൾഫിലെ മരുഭൂമിയിൽ ശുദ്ധമായ വെളിച്ചെണ്ണ കിട്ടുമോ? അതായത് നാടൻ ചക്കിലാട്ടിയ വെളിച്ചെണ്ണ.'
'ഉണ്ടല്ലോ ..! വേണമെങ്കിൽ നിങ്ങളുടെ കണ്മുന്നിൽ ആട്ടി കൈയിൽ തരും! ഷാർജ മദാം വരെ ഒന്നുപോകണമെന്ന് മാത്രം.'
കന്യാകുമാരിക്കാരൻ ഹരികുമാറും കൊടുങ്ങല്ലൂർ സ്വദേശി ഹഷീഫ് ഹനീഫും ചേർന്നാണ് ഗൾഫിൽ അധികം കണ്ടുപരിചയമില്ലാത്ത രീതിയിൽ നാടൻ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നത്. ഈ കൂട്ടുകെട്ടിലെ മൂന്നാമൻ മലപ്പുറം മേൽമുറി സ്വദേശി അബ്ദുല്ലയാണ് നാട്ടിൽ നിന്നും തേങ്ങയും മറ്റ് അസംസ്‌കൃത വസ്തുക്കളും എത്തിച്ചു നൽകാൻ ചുക്കാൻ പിടിക്കുന്നത്. മായമില്ലാത്ത ഭക്ഷ്യോൽപന്നങ്ങൾ ശുചിത്വമുള്ള ചുറ്റുപാടിൽ ഉൽപാദിപ്പിച്ചു ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പ്രവർത്തനം. 10 വർഷം മുന്നേ കേരളത്തിൽ നിന്നും ചില ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും തേങ്ങ ഇറക്കുമതി ചെയ്ത് വിതരണം ചെയ്തു തുടങ്ങിയ സംരംഭം വിലയിലെ ചാഞ്ചാട്ടം കാരണം തുടരാൻ കഴിഞ്ഞില്ല. വില കുറയുമ്പോഴുള്ള നഷ്ടം എങ്ങനെ മറികടക്കാം എന്ന ചിന്തയിൽ നിന്നാണ് നാളികേരോല്പന്നങ്ങളിലേക്കുള്ള ചുവടുമാറ്റം.
2015ൽ തുടങ്ങിയ ചിരവിയ തേങ്ങയുടെ വിതരണം നല്ലനിലയിൽ പുരോഗമിച്ചതോടെയാണ് പടിപടിയായി പുതിയ സാധനങ്ങൾ ഇവരുടെ ലിസ്റ്റിൽ സ്ഥാനം പിടിച്ചത്. തെങ്ങിൽ നിന്നും ഇട്ട ശേഷം 40 ദിവസത്തോളം കഴിഞ്ഞു മാത്രം പൊതിക്കുന്ന തേങ്ങയിൽ നിന്നാണ് നല്ല വെളിച്ചെണ്ണ ലഭിക്കുക എന്ന് ഇതിന്‍റെ സാരഥികൾ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ നിശ്ചിത വലിപ്പവും അത്യാവശ്യം. അത്തരം തേങ്ങകൾ തമിഴ്‌നാട്ടിലെ പൊള്ളാച്ചി ഭാഗങ്ങളിൽ നിന്നുള്ള കർഷകരിൽ നിന്നാണ് ഇപ്പോൾ സംഭരിക്കുന്നത്. 20 ഓളം പച്ചമരുന്നുകളുടെ ചേരുവകൾ ചേർത്തുണ്ടാക്കിയ (മിക്കതും അവിടെ തന്നെ കൃഷി ചെയ്യുന്നു) കാച്ചിയ എണ്ണയും വൃത്തിയിൽ വീട്ടുവീഴ്ചയില്ലാതെ തയ്യാറാക്കുന്ന നാടൻ പപ്പടവും വറുത്ത തേങ്ങയും ചമ്മന്തിപ്പൊടിയും ഒക്കെയാണ് ഇവരുടെ ജനപ്രിയ ഉൽപന്നങ്ങൾ.
നാട്ടിൽ കാലിത്തീറ്റയായി ഉപയോഗിക്കുന്ന പിണ്ണാക്ക് ഇവിടെ അറബികളുടെ ഇടയിൽ അത്ര പ്രചാരമില്ലാത്തതാണ്. ഇതിന്‍റെ ഗുണങ്ങളെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കാനായാൽ ഫാമുകളിലും മറ്റും കൂടുതൽ ആവശ്യക്കാർ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇവർ. ഭാവിയിൽ തേങ്ങാപ്പാലും പോഷകസമ്പന്നമായ തേങ്ങാവെള്ളത്തിൽ നിന്നുള്ള പാനീയവും നിർമ്മിക്കാനുള്ള തയാറെടുപ്പിലാണ് ഇവർ. ആവശ്യക്കാർക്ക് യഥേഷ്ടം ചിരട്ടയും ലഭ്യമാണ്. പ്രവർത്തനം ജനങ്ങളിലേക്ക് എത്തിക്കാനും താല്പര്യമുള്ളവർക്ക് ഉല്പാദനപ്രക്രിയ നേരിട്ട് കണ്ട് മനസിലാക്കാനും ഇവരുടെ സ്ഥാപനമായ 'ഫുഡ് എനർജി'യിലേക്ക് ശനി ഞായർ ദിവസങ്ങളിൽ നാല് മുതൽ ഏഴ് വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.