എൽ.ഐ.സി ഓഹരി വിൽപന സംശയാസ്പദം -കോൺഗ്രസ്
text_fieldsന്യൂഡൽഹി: എൽ.ഐ.സി ഓഹരി വിൽപനയിൽ നിരവധി സംശയങ്ങൾ ഉയർത്തി കോൺഗ്രസ്. എൽ.ഐ.സിയുടെ മൂല്യവും ഓഹരിവിലയും വളരെ കുറച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. 30 കോടി പോളിസി ഉടമകളുടെ വിശ്വാസമാർജിച്ച കമ്പനിയുടെ ഓഹരി ചുളുവിലക്ക് വിൽക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല പറഞ്ഞു.
ഫെബ്രുവരിയിൽ 14 ലക്ഷം കോടി വരുമെന്ന് കണക്കാക്കിയ എൽ.ഐ.സിയുടെ മൂല്യം രണ്ടു മാസംകൊണ്ട് ആറു ലക്ഷം കോടി രൂപയായി സർക്കാർ കുറച്ചു നിശ്ചയിച്ചതിന്റെ അടിസ്ഥാനമെന്താണെന്ന് സുർജേവാല ചോദിച്ചു. അഞ്ചു ശതമാനം ഓഹരി വിറ്റ് 70,000 കോടി സമാഹരിക്കാനാണ് ഫെബ്രുവരിയിൽ സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ, മൂന്നര ശതമാനം ഓഹരി വിൽപനയിലൂടെ 21,000 കോടി മാത്രം സമാഹരിക്കാനുള്ള ഒരുക്കമാണ് ഇപ്പോഴത്തേത്. ആഭ്യന്തര, ആഗോള സാമ്പത്തിക വിപണികൾ തകർന്നുനിൽക്കുന്നതിനിടയിൽ എൽ.ഐ.സി ഓഹരി വിൽപനക്കു വെക്കുന്നതിന്റെ യുക്തിയും സുർജേവാല ചോദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.