നിക്ഷേപകർക്ക് നഷ്ടമായത് നാല് ലക്ഷം കോടി; ഓഹരി വിപണിയിൽ കനത്ത തകർച്ച, സ്വർണവിലയും ഉയർന്നു
text_fieldsമുംബൈ: വാൾസ്ട്രീറ്റ് ഉൾപ്പടെ ആഗോള വിപണികളിലെ വിൽപന സമ്മർദത്തിൽ വീണ് ഇന്ത്യൻ ഓഹരി വിപണികളും. യു.എസിലെ വളർച്ചാനിരക്കിൽ ഉൾപ്പടെആശങ്ക ഉടലെടുത്തതോടെയാണ് ഓഹരി വിപണിയിൽ വിൽപന സമ്മർദം ശക്തമായത്. ഇന്ത്യൻ വിപണികളിൽ ബാങ്കിങ്, ഓട്ടോ, ഐ.ടി, എനർജി തുടങ്ങിയ സെക്ടറുകളിലെല്ലാം നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബോംബെ സൂചിക സെൻസെക്സിൽ 814 പോയിന്റ് നഷ്ടത്തോടെ 81,026ലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റിയിൽ 248 പോയിന്റ് നഷ്ടത്തോടെ 24,728 പോയിന്റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കമ്പനികളുടെ വിപണിമൂല്യത്തിൽ 4.26 ലക്ഷം കോടിയുടെ കുറവാണുണ്ടായത്. 457.36 ലക്ഷം കോടിയായി വിപണിമൂല്യം കുറഞ്ഞു.
നിഫ്റ്റിയിൽ പി.എസ്.യു ബാങ്ക്, മെറ്റൽ എന്നിവ രണ്ട് ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി സ്മോൾ ക്യാപ് 100, നിഫ്റ്റി മിഡ്ക്യാപ് 100 എന്നിവ ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. യു.എസ് വിപണിയിലെ തിരിച്ചടിയാണ് ഇന്ത്യയിലും പ്രതിഫലിച്ചത്. യു.എസിലെ ഉൽപാദനം സംബന്ധിച്ച കണക്കുകൾ സമ്പദ്‍വ്യവസ്ഥയുടെ വളർച്ചയെ സംബന്ധിച്ച് ആശങ്കകൾ ഉയർത്തിയതോടെയാണ് വിപണികളിൽ ഇടിവുണ്ടായത്.
എണ്ണവില ഉയർന്നതും ഓഹരി വിപണിക്ക് പ്രതികൂലമായി മാറി. ബ്രെന്റ് ക്രൂഡിന്റെ ഭാവി വില 62 സെന്റാണ് ഉയർന്നത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഉയർന്നിട്ടുണ്ട്. ഇതിനൊപ്പം ഹമാസിന്റെ ഉന്നത നേതാക്കളിലൊരാളായ ഇസ്മായിൽ ഹനിയ ഇറാനിൽ വെച്ച് കൊല്ലപ്പെട്ടതും ഓഹരി വിപണിയെ സ്വാധീനിച്ചു.
അതേസമയം, സ്വർണവിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് 30 രൂപയുടെ വർധനയാണ് ഇന്ന് കേരളത്തിൽ ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6480 ആയി ഉയർന്നു. പവന്റെ വില 240 രൂപ ഉയർന്ന് 51,840 ആയി കൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.