പുതുവഴികളിലേക്ക് മുന്നേറാം; ‘എജുകഫെ’ക്ക് ഇന്ന് തുടക്കം
text_fieldsദുബൈ: പുതുകാലത്തിന്റെ പുതുവഴികളെ പരിചയപ്പെടുത്തി ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ ‘ഗൾഫ് മാധ്യമം എജുകഫെ’ ഒമ്പതാം സീസൺ ബുധനാഴ്ച ദുബൈ മുഹൈസിന ഇത്തിസലാത്ത് അക്കാദമിയിൽ ആരംഭിക്കും. രണ്ട് ദിവസത്തെ മേളക്ക് വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖ വിദ്യാഭ്യാസ, കരിയർ സ്ഥാപനങ്ങളുടെ പ്രദർശനവും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി വിവിധ സെഷനുകളുമാണ് ഒരുക്കിയിട്ടുള്ളത്.
ഫ്രാൻസിൽ നടന്ന ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച നിദ അൻജുമിന്റെ സംവാദമാണ് വേദിയിൽ ആദ്യം നടക്കുക. രാവിലെ 11ന് പ്രമുഖർ പങ്കെടുക്കുന്ന ഉദ്ഘാടന സെഷൻ അരങ്ങേറും. തുടർന്ന് പ്രമുഖ ഡേറ്റ അനലിസ്റ്റ് മുഹമ്മദ് അൽഫാന്റെ സെഷനും വേദിയിൽ നടക്കും. ഉച്ചക്ക് ശേഷം എ.പി.ജെ. അബ്ദുൽ കലാം ഇന്നവേഷൻ അവാർഡിനായുള്ള പ്രസന്റേഷനും വിവിധ സെഷനുകളും ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച പ്രശസ്ത എഴുത്തുകാരിയും മനഃശാസ്ത്ര വിദഗ്ധയുമായ ആരതി സി. രാജരത്നം, മജീഷ്യൻ മാജിക് ലിയോ എന്നിവരുടേതടക്കം പ്രമുഖരുടെ സെഷനുകളാണ് ഒരുക്കിയിട്ടുള്ളത്.
വിജ്ഞാനത്തിന്റെയും കരിയർ സാധ്യതകളുടെയും പുതുവഴികൾ വിദ്യാർഥികൾക്ക് സമ്മാനിക്കുന്ന മേളയിൽ 50,00 വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുക്കും. യൂനിവേഴ്സിറ്റികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ എന്നിങ്ങനെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവിധ സ്ഥാപനങ്ങൾ ഇത്തവണ ‘എജുകഫെ’യിൽ പ്രദർശനത്തിലുണ്ട്. ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയ മേഖലകളിലേക്കെല്ലാം പഠനത്തിനാവശ്യമായ നിർദേശങ്ങൾ യൂനിവേഴ്സിറ്റി പ്രതിനിധികളിൽനിന്ന് നേരിട്ട് മനസ്സിലാക്കാൻ സ്റ്റാളുകൾ സന്ദർശിക്കുന്നതിലൂടെ സാധിക്കും.
ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് മേളയുടെ ഡിസൈൻ. മേളയോടനുബന്ധിച്ച് വിദ്യാർഥികളുടെ മികച്ച ആശയങ്ങൾക്ക് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ഇന്നവേഷൻ അവാർഡും സമ്മാനിക്കും. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെ വെബ്സൈറ്റിൽ (https://www.myeducafe.com/) രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.