തെരഞ്ഞെടുപ്പും ഓഹരി വിപണിയും
text_fieldsനരേന്ദ്ര മോദി സർക്കാർ നല്ല ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തും എന്ന മുൻവിധിയിലായിരുന്നു ഒരു വർഷത്തിലധികമായി ഇന്ത്യൻ ഓഹരി വിപണി. മാസങ്ങളായി നാം കാണുന്ന കുതിപ്പിന് ഈ മുൻവിധി ഊർജം പകർന്നിട്ടുണ്ട്.
ഇത് ബി.ജെ.പിയുടെ ആശയങ്ങളോട് നിക്ഷേപകർക്കുള്ള മതിപ്പ് കൊണ്ടല്ല. ലോകത്തെവിടെയായാലും നിലവിലെ സർക്കാർ സ്ഥിരതയോടെ ഭരണം തുടരുന്നത് ഓഹരി വിപണിക്ക് താൽപര്യമുള്ള കാര്യമാണ്. അനിശ്ചിതത്വങ്ങളോട് നിക്ഷേപകർക്ക് അനിഷ്ടമുണ്ട്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എൻ.ഡി.എ സർക്കാർ അധികാരം നിലനിർത്തും എന്ന പ്രവചനം ഈ അർഥത്തിലാണ് വിപണിക്ക് ഊർജം പകർന്നത്.
എൻ.ഡി.എയുടെ എതിർപക്ഷത്തുള്ള ഇൻഡ്യ സഖ്യം 37 പാർട്ടികൾ ഉൾപ്പെട്ട മുന്നണിയാണ്. സഖ്യ സർക്കാറിന്റെ സ്ഥിരതയെക്കുറിച്ച് സംശയം സ്വാഭാവികം. കൂടുതൽ പാർട്ടികൾ ഉൾപ്പെട്ട, ഒരു കക്ഷിക്കും തനിച്ച് ഭൂരിപക്ഷമില്ലാത്ത സഖ്യമാണെങ്കിൽ വിശേഷിച്ചും. അതുകൊണ്ടുതന്നെ വൻകിട നിക്ഷേപകർക്ക് താൽപര്യം എൻ.ഡി.എയുടെ തുടർഭരണമായിരുന്നു. ബി.ജെ.പിയുടേത് കോർപറേറ്റ് സൗഹൃദ സർക്കാർ ആയിരുന്നുവെന്നതും യാഥാർഥ്യമാണ്.
എന്നാൽ, ബി.ജെ.പിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാകില്ലെന്നും ഭരണത്തുടർച്ച തന്നെ ഉറപ്പില്ലെന്നുമുള്ള സൂചനകളാണ് സമീപ ദിവസങ്ങളിൽ പുറത്തുവരുന്നത്. ഇന്ത്യൻ ഓഹരി വിപണിയിൽ കഴിഞ്ഞയാഴ്ചയുണ്ടായ വൻ ഇടിവിന് കാരണമായി വിലയിരുത്തപ്പെടുന്നത് ഇതാണ്.
ആത്മവിശ്വാസം നഷ്ടമായ പോലെയുള്ള മോദിയുടെ ശരീരഭാഷയും വിറളി പിടിച്ച വർഗീയ പ്രചാരണവും, ദേശീയ മാധ്യമങ്ങളുടെ നിലപാട് മാറ്റം, ആദ്യ മൂന്ന് ഘട്ടങ്ങളിലെ വോട്ടെടുപ്പിന് ശേഷം ഫീൽഡിൽനിന്ന് ലഭിക്കുന്ന സൂചനകൾ എന്നിവയെല്ലാം വിപണിയിലും പ്രതിഫലിച്ചു.
അഞ്ചുദിവസമാണ് തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ചെറിയ തിരിച്ചുവരവ് നടത്തിയെങ്കിലും വരും ദിവസങ്ങളിലും കരുതിയിരിക്കണം. ബി.ജെ.പി സർക്കാറിന്റെ നിറഞ്ഞ പിന്തുണയിൽ വളർന്ന അദാനിയുടെയും അംബാനിയുടെയും ഓഹരികൾ കൈവശം ഇരിക്കുന്നവർ ജാഗ്രത പുലർത്തണം.
ഭരണമാറ്റത്തിന്റെ സൂചനകൾ അവരെ വളരെ വേഗത്തിൽ ബാധിക്കും. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കൂട്ട വിൽപന നടത്തുന്നത് തിരിച്ചടിയാണ്. മേയിൽ ഇതുവരെ 22,000 കോടിയുടെ വിൽപനയാണ് അവർ നടത്തിയത്. ഇന്ത്യയിൽ രാഷ്ട്രീയ അസ്ഥിരത അവർ പ്രതീക്ഷിക്കുന്നുണ്ടാകണം.
ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയാണ് നിലവിൽ വരുന്നതെങ്കിൽ തകർച്ചയുടെ ആഴം കൂടും. തൂക്കുസഭക്കുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. വ്യക്തമായ ഭൂരിപക്ഷത്തോടെ പ്രതിപക്ഷം അധികാരത്തിൽ വന്നാലും ചെറിയൊരു ഇടിവിന് ശേഷം പുതിയ സർക്കാറിൽ വിശ്വാസമർപ്പിച്ച് വൈകാതെ വിപണി തിരിച്ചുകയറും.
പുതിയ സർക്കാറിന്റെ ഊന്നലുകളും മുൻഗണനകളും പ്രധാനമാണ്. ജൂലൈയിൽ അവതരിപ്പിക്കുന്ന ആദ്യ ബജറ്റ് ഇക്കാര്യത്തിൽ ദിശ നൽകുന്നതാകും. വിപണി സൂചനകളിൽനിന്ന് കാര്യങ്ങൾ മുൻകൂട്ടി കാണാൻ ശ്രമിക്കും. അതുകൊണ്ടുതന്നെ വോട്ടെണ്ണലിന്റെ തലേ ദിവസം നോക്കാം എന്ന അലസ മനോഭാവത്തിൽ ഇരുന്നാൽ ചിലപ്പോൾ വലിയ നഷ്ടത്തിലേക്ക് നയിക്കും.
എക്സിറ്റ് പോൾ ഫലം പുറത്തുവരുന്ന ദിവസം നിർണായകമാണ്. അതിന് മുമ്പുള്ള സൂചനകളും വിപണിയുടെ പോക്കും ശ്രദ്ധിക്കണം. പേടിച്ചു മാറിനിൽക്കണം എന്നല്ല. ജാഗ്രതയുള്ള സ്മാർട്ട് നിക്ഷേപകരായ അവസരങ്ങൾ ബുദ്ധിപൂർവം ഉപയോഗപ്പെടുത്തുക. ചാഞ്ചാട്ടത്തിന് സാധ്യത കൂടുതലുള്ള ഇനിയുള്ള ദിവസങ്ങളിൽ ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ ട്രേഡിങ്ങും ലിവറേജ് എടുത്തുള്ള ഇൻട്രാഡേ വ്യാപാരവും ഒഴിവാക്കുന്നതാകും ബുദ്ധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.