ഫാക്ടിന്‍റെ ഓഹരി വിലയിൽ കുതിപ്പ്
text_fieldsകൊച്ചി: കേന്ദ്ര പൊതുമേഖല രാസവള നിർമാണ കമ്പനിയായ ഫാക്ടിന്‍റെ (ദ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്) ഓഹരി വിലയിൽ കുതിപ്പ് തുടരുന്നു. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 268.55 രൂപയായി. ഒരുമാസത്തിനകം 100 രൂപയോളമാണ് വർധിച്ചത്. കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നില.
പൊതുമേഖല കമ്പനികളുടെ ഓഹരി വില പൊതുവെ വർധിക്കുന്ന പ്രവണതയാണ് സമീപകാലത്തെന്നും അതിന്‍റെ പ്രതിഫലനമാണ് ഫാക്ടിലും ദൃശ്യമാകുന്നതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൂടുതല്‍ വളം സബ്സിഡി സര്‍ക്കാര്‍ നല്‍കുമെന്ന വാര്‍ത്തയും ഓഹരി മുന്നേറ്റത്തിന് വഴിവെച്ചു. വളം കമ്പനികളുടെ നേട്ടവും വിലയിലുണ്ടായ ഉയർച്ചയും ഇതിന് ഗുണകരമായി. ഈ സാഹചര്യത്തിൽ ഓഹരി മുഴുവനായും കൈക്കലാക്കാൻ അദാനിയടക്കം വമ്പൻ കമ്പനികൾ കണ്ണുവെക്കുന്നതായി വിവരമുണ്ട്.
ടയര്‍ കോര്‍ഡ്സ്, ഫിഷിങ് നെറ്റ്, ഫിലമെൻറ് യാണ്‍, എന്‍ജിനീയറിങ് പ്ലാസ്റ്റിക്സ് തുടങ്ങിയവ നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുവായ നൈലോണ്‍ -6 ഉൽപാദനത്തിന് ഉപയോഗിക്കുന്ന കാപ്രോലാക്ടം വീണ്ടും നിർമാണം ആരംഭിക്കുകയാണ് എഫ്.എ.സി.ടി. 2012 ഒക്ടോബറിൽ ഇതിന്‍റെ ഉൽപാദനം നിർത്തിവെച്ചിരുന്നു.
1943ല്‍ സ്ഥാപിതമായ കമ്പനിക്ക് 2022 -23 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയില്‍ 281.59 കോടി രൂപ ആദായം ലഭിച്ചു. മുന്‍വർഷം ഇത് 76.25 കോടിയായിരുന്നു. കമ്പനിയുടെ ആകെ ഉൽപാദനശേഷി 50,000 ടണ്ണാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.