കുരുമുളകിന്റെ വിലത്തകർച്ച; ഇറക്കുമതി രാജ്യങ്ങളുടെ ശ്രദ്ധ ഇന്ത്യയിലേക്ക്
text_fieldsരാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളക് നാല് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ സാങ്കേതിക തിരുത്തൽ കാഴ്‌ചവെച്ചത് ഇറക്കുമതി രാജ്യങ്ങളുടെ ശ്രദ്ധ തിരിച്ചുപിടിക്കാൻ അവസരമൊരുക്കി. ജനുവരിയിൽ ടണ്ണിന് 7500 ഡോളറിൽ നീങ്ങിയ ഇന്ത്യൻ കുരുമുളക് വിലയിൽ ഇതിനകം ഏകദേശം 1500 ഡോളറിന്റെ തിരുത്തൽ സംഭവിച്ചത് യൂറോപ്യൻ വ്യാപാരികളെ ആകർഷിച്ചു. എന്നാൽ, പുതിയ വിദേശ വ്യാപാരങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ കയറ്റുമതി മേഖല പുറത്തുവിടുന്നില്ലെന്നാണ് വ്യാപാര രംഗത്തുള്ളവരുടെ പക്ഷം.
അന്താരാഷ്‌ട്ര മാർക്കറ്റിലെ കടുത്ത മത്സരങ്ങൾ മൂലം ഏതാനും വർഷങ്ങളായി പിന്തള്ളപ്പെട്ട കയറ്റുമതിക്കാർ പലരും തിരിച്ചു വരവിനുള്ള ശ്രമത്തിലാണ്. അതേ സമയം വിദേശ മത്സരത്തിനുമുന്നിൽ കാലിടറിയ പലരും ആശങ്കയിലുമാണ്. വിദേശനാണയ വിനിമയത്തിൽ ഡോളറിനുമുന്നിൽ രൂപ ശക്തമായ നിലയിലേക്ക് തിരിച്ചുവരവ് നടത്തിയതും ചെറുകിട കയറ്റുമതിക്കാരുടെ കണക്കുകൂട്ടലുകൾ തകിടം മറിക്കുന്നു. വാരാവസാനം വിനിമയ മൂല്യം ആറുമാസത്തെ മികച്ച നിലവാരമായ 82.78ലേക്ക് ശക്തിപ്രാപിച്ചു.
ഇതിനിടയിൽ ഇറക്കുമതി ലോബി കൈവശമുള്ള മുളക് ഉത്തരേന്ത്യയിൽ വിറ്റഴിക്കാൻ നടത്തുന്ന നീക്കങ്ങൾ ഉൽപന്ന വിലയിൽ സമ്മർദമുളവാക്കുന്നു. ഇടുക്കി, വയനാട്, പത്തനംതിട്ടക്കുപുറമെ സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിലെയും കർഷകർ ഉൽപന്നത്തിന് അൽപം മെച്ചപ്പെട്ട വില പ്രതീക്ഷിച്ച അവസരത്തിലാണ് ഇറക്കുമതി മുളക് ഭീഷണിയായത്. കൊച്ചിയിൽ വാരാന്ത്യം അൺ ഗാർബിൾഡ് കുരുമുളക് 49,100ലും ഗാർബിൾഡ് 51,100 രൂപയിലുമാണ്.
രാജ്യാന്തര മാർക്കറ്റിൽ റബർ വില ഡിസംബറിലെ 15,300 നിലവാരത്തിൽ നിന്ന് ഇതിനകം 20,500ലേക്ക് കയറിയത് ഇറക്കുമതിക്കാർക്ക് കനത്ത പ്രഹരമായി. എന്നാൽ, ആഭ്യന്തര വിപണിയിൽ പിന്നിട്ടവാരം 16,700ൽ നിന്നും 17,100ലേക്ക് നാലാം ഗ്രേഡ് ഉയർന്നെങ്കിലും നിരക്ക് ഇനിയും കയറുമെന്ന പ്രതീക്ഷയിൽ ഉൽപാദകർ ഷീറ്റും ലാറ്റക്‌സും പിടിക്കുകയാണ്. ഇതിനിടയിൽ കനത്ത ചൂടിനെ തുടർന്ന് ഒട്ടുമിക്ക ഭാഗങ്ങളിലും ടാപ്പിങ് സ്‌തംഭിച്ചത് സ്‌റ്റോക്കുള്ള റബർ വിപണിയിലേക്ക് നീക്കുന്നതിൽനിന്നും മധ്യവർത്തികളെ പിന്തിരിപ്പിച്ചു.
കൊപ്രയാട്ട് മില്ലുകാർ സ്‌റ്റോക്കുള്ള വെളിച്ചെണ്ണ വിപണിയിൽ ഇറക്കാൻ നീക്കം നടത്തുന്നുണ്ട്. എന്നാൽ, കൊപ്ര സംഭരണത്തിൽ അവർ കാര്യമായ ഉത്സാഹം കാണിച്ചില്ല. തമിഴ്‌നാട്ടിൽ വിളവെടുപ്പ് ഊർജിതമാകും മുമ്പേ എണ്ണ വിറ്റുമാറാൻ പലരും രംഗത്തിറങ്ങി. ഈസ്‌റ്റർ ഡിമാൻഡ് വിപണിക്ക് പുതുജീവൻ പകരുമെന്ന പ്രതീക്ഷയിലാണ് വൻകിട മില്ലുകാർ. കൊച്ചിയിൽ എണ്ണ 13,800ലും കോഴിക്കോട്ട് 15,600ലുമാണ്. ഇതിനിടയിൽ പാം ഓയിൽ വില ഉയരുന്നത് വെളിച്ചെണ്ണക്ക് താങ്ങാകാൻ ഇടയുള്ളതിനാൽ കൊപ്ര വിലയിൽ മാസത്തിന്റെ രണ്ടാം പകുതിയിൽ ഉണർവിന് സാധ്യത. പാം ഓയിൽ വില 8950 രൂപയായി ഉയർന്നു.
ഏലം വില പിന്നിട്ടവാരം ഉൽപാദന മേഖലയിൽ നടന്ന ലേലത്തിൽ ആറുമാസത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞത് ഉൽപാദകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
വാരാവസാനം ശാന്തൻപാറയിൽ നടന്ന ലേലത്തിൽ ശരാശരി ഇനങ്ങളുടെ വില കിലോ 1339ലേക്ക് താഴ്‌ന്നു. മികച്ചയിനങ്ങൾ 1766 രൂപയിലും കൈമാറി. രാജ്യാന്തര വിപണിയിൽ കൊക്കോയുടെ മുന്നേറ്റ വാർത്ത കേരളത്തിലും അനുകൂല തരംഗം സൃഷ്‌ടിച്ചു. സംസ്ഥാനത്ത് കൊക്കോ വില കിലോ 560 രൂപ വരെ ഉയർന്ന് ഇടപാടുകൾ നടന്നു. പച്ച കൊക്കോ 220 രൂപയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.