ഇന്ത്യൻ വിപണിയുടെ ദിശമാറ്റി വിദേശനിക്ഷേപകർ
text_fieldsവിദേശ ധനകാര്യസ്ഥാപനങ്ങളുടെ ചുവടുമാറ്റം ഇന്ത്യൻ ഓഹരി വിപണിയുടെ ദിശതന്നെ മാറ്റി മറിച്ചു. ഏഴാഴ്‌ച്ചകളിൽ വാരികൂട്ടിയ നേട്ടങ്ങൾക്ക് ഒപ്പം സർവകാല റെക്കോർഡ് പ്രകടനങ്ങൾക്കും ഒടുവിൽ അവർ നിക്ഷേപകൻറ മേലങ്കി അഴിചുമാറ്റി. ബോംബെ സെൻസെക്‌സ് 376 പോയിന്റും നിഫ്‌റ്റി 107 പോയിന്റും ബാങ്ക് നിഫ്‌റ്റി 651 പോയിന്റും പ്രതിവാര നഷ്‌ടത്തിലാണ്. നിഫ്‌റ്റി ബാങ്കിന് നേരിട്ട തളർച്ച കണക്കിലെടുത്താൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് ശേഷം വ്യാപാരം പുനരാരംഭിക്കുമ്പോൾ മറ്റ് മേഖലകളിലും വിൽപ്പനക്കാർ തല ഉയർത്താൻ ഇടയുണ്ട്.
വിദേശ ഓപ്പറേറ്റർമാർ വർഷാന്ത്യം അടുത്തതോടെ വിൽപ്പനയ്‌ക്ക് മുൻ തൂക്കം നൽകി. അവർ പിന്നിട്ടവാരം 6423 കോടി രുപയുടെ ഓഹരികൾ വിറ്റു. വിൽപ്പന തരംഗത്തിൽ സൂചിക ആടി ഉലഞ്ഞത് കണ്ട് വിപണിയുടെ രക്ഷയ്‌ക്കായി ആഭ്യന്തര ഫണ്ടുകൾ രംഗത്ത് ഇറങ്ങി ഏകദേശം 9095 കോടി രൂപയുടെ മുൻ നിര രണ്ടാം നിര ഓഹരികൾ ശേഖരിച്ചു. ഇത്ര കനത്ത വാങ്ങലുകൾക്കും വിപണിയെ പ്രതിവാര തളർച്ചയിൽ നിന്നും രക്ഷിക്കാനായില്ല.
സെൻസെക്‌സ് മുൻവാരത്തിലെ 71,605ൽ നിന്നും 71,913 വരെ ഉയർന്നതിനിടയിലാണ് വിപണി സാങ്കേതികമായി ഓവർ ഹീറ്റായി മാറിയത്. ഇതോടെ ഉയർന്ന തലത്തിൽ നിന്നും 70,000 ലെ താങ്ങ് തകർത്ത് 69,920 ലേയ്‌ക്ക് ഇടിഞ്ഞെങ്കിലും വെളളിയാഴ്‌ച്ച വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്‌സ് 71,106 പോയിന്റിലാണ്. ഈവാരം 70,046 ലെ താങ്ങ് നിലനിർത്തിയാൽ പുതുവത്സവവേളയിൽ സൂചിക 72,040 ലേയ്‌ക്ക് ഉയരാം. അതേ സമയം വീണ്ടും വിൽപ്പന സമ്മർദ്ദം ഉടലെടുത്താൽ വിപണി 68,600 ലേയ്‌ക്ക് തിരുത്തൽ കാഴ്‌ച്ചവെക്കാം.
നിഫ്‌റ്റി സൂചിക 21,456 ൽ നിന്നും 21,593 വരെ വാരത്തിൻറ ആദ്യ പകുതിയിൽ ഉയർന്നതിനിടയിലാണ് വിപണി വിൽപ്പന സമ്മർദ്ദത്തിലേയ്‌ക്ക് വഴുതിയത്. ഇതോടെ കനത്ത തകർച്ചയിൽ അകപ്പെട്ട നിഫ്‌റ്റി കഴിഞ്ഞവാരം സൂചിപ്പിച്ച ആദ്യ സപ്പോട്ടായ 20,985 മറികടന്ന് 20,976 ലേയ്‌ക്ക് ഇടിഞ്ഞു. അതിന് ശേഷമുള്ള തിരിച്ച് വരവിൽ നിഫ്‌റ്റി 21,349 ലാണ്.
നിഫ്‌റ്റി ഡിസംബർ ഫ്യൂച്വറിൽ ബുൾ ഓപ്പറേറ്റർമാർ തകർച്ചയ്‌ക്ക് ഇടയിൽ പൊസിഷനുകൾ വിറ്റു. തൊട്ട് മുൻവാരം 163.3 ലക്ഷം കരാറുകളായിരുന്നത് വാരാന്ത്യം 158.5 ലക്ഷമായി. വർഷാന്ത്യമായത് ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഇനിയും പ്രേരിപ്പിക്കാം.
മുൻ നിര ഓഹരികൾ പലതിനും തിരിച്ചടി നേരിട്ടു. ഇൻഫോസീസ്, ടി.സി.എസ്, എച്ച്.സി.എൽ ടെക്, ടെക് മഹീന്ദ്ര, എസ്.ബി. ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഡസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എം ആൻറ് എം, ടാറ്റാ സ്‌റ്റീൽ, എൽ ആൻറ് ടി, എച്ച്. .യു എൽ എന്നിവയിൽ ഇടപാടുകാർ ലാഭമെടുപ്പ് നടത്തി.
ഫോറെക്‌സ് മാർക്കറ്റിൽ രൂപയ്‌ക്ക് മൂല്യ തകർച്ച. ഡോളറിന് മുന്നിൽ രൂപ 82.90 ൽ നിന്നും 83.27 ലേയ്‌ക്ക് ദുർബലമായി, വാരാവസാനം മൂല്യം 83.15 ലാണ്. വിദേശ ഫണ്ടുകൾ രൂപ വിറ്റ് ഡോളർ ശേഖരിക്കാൻ ഈവാരവും തിടുക്കം കാണിച്ചാൽ രൂപ 83.44 ലേയ്‌ക്ക് തളരാം. അന്താരാഷട്ര മാർക്കറ്റിൽ സ്വർണ വില 2018 ഡോളറിൽ നിന്നും 2071 വരെ ഉയർന്ന ശേഷം വ്യാപാരം അവസാനിക്കുമ്പോൾ 2053 ഡോളറിലാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.