ഓഹരി വിപണിയിലെ വിദേശ നിക്ഷേപം ജനുവരിയിൽ വൻതോതിൽ പിൻവലിച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഓഹരി വിപണിയിലെ വിദേശ നിക്ഷേപം (എഫ്.പി.ഐ-ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ്) കഴിഞ്ഞ മാസം വൻതോതിൽ പിൻവലിച്ചു. ജനുവരിയിൽ 28,852 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്. ഏഴു മാസത്തിനിടയിലെ ഏറ്റവും വലിയ തുകയാണിത്. നവംബറിൽ 36,238 കോടി രൂപയും ഡിസംബറിൽ 11,119 രൂപയും നിക്ഷേപിച്ചിടത്തുനിന്നാണ് ജനുവരിയിലെ വൻ തോതിലുള്ള പിൻവലിക്കൽ.
2022 ജൂണിൽ വിദേശ നിക്ഷേപകർ 50,203 കോടി രൂപ പിൻവലിച്ചതായിരുന്നു ഇതിനുമുമ്പുള്ള വൻ തുക. ആഗോള വിപണിയുമായി താരതമ്യപ്പെടുത്തിയാൽ ഇന്ത്യൻ ഓഹരികളിലുള്ള ചാഞ്ചാട്ടമാണ് വലിയ തോതിലുള്ള വിദേശ നിക്ഷേപകരുടെ പിൻവലിക്കലിന് കാരണമെന്ന് കൊടാക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസർച് ഹെഡ് ശ്രീകാന്ത് ചൗഹാൻ പറഞ്ഞു. ഇന്ത്യയിലെ ഓഹരികൾ വിൽക്കുന്നതും ചൈന, ഹോങ്കോങ്, ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് ഇപ്പോൾ വിദേശ നിക്ഷേപകർക്ക് ഏറെ ആകർഷകമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവിസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാർ പറഞ്ഞു.
വിപണി സ്ഥിരത നിലനിർത്താൻ റിസർവ് ബാങ്കും സെബിയും തയാറായിരിക്കണം -ധനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ ഓഹരി വിപണിയുടെ സ്ഥിരത നിലനിർത്താൻ റിസർവ് ബാങ്കും സെബിയും (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) എപ്പോഴും തയാറായിരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അദാനി ഗ്രൂപ്പിന്റേത് പ്രത്യേക വിഷയമാണെന്നും ഏതെങ്കിലും സ്ഥാപനങ്ങളുടെ ഉയർച്ചതാഴ്ചകൾ രാജ്യത്തെ ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‘വിപണിയിൽ ഇടക്കിടെ താഴ്ചകളുണ്ടാവാം. പക്ഷേ, അത് നിയന്ത്രിക്കാനുള്ള സംവിധാനം നമുക്കുണ്ട്. വിപണി സ്ഥിരത നിലനിർത്താൻ ആവശ്യമായ നടപടികൾക്ക് റിസർവ് ബാങ്കും സെബിയും തയാറായിരിക്കണം’ -നിർമല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.