'തട്ടിപ്പ് തട്ടിപ്പ് തന്നെ, അതിനെ ദേശീയത കൊണ്ട് മറയ്ക്കാനാകില്ല'; അദാനിക്ക് മറുപടിയുമായി ഹിൻഡൻബർഗ്
text_fieldsതട്ടിപ്പിനെ ദേശീയത കൊണ്ട് മറയ്ക്കാനാകില്ലെന്ന് അദാനിക്ക് ഹിൻഡൻബർഗ് റിസർച്ചിന്‍റെ മറുപടി. ഹിൻഡൻബർഗ് ഉയർത്തിയ തട്ടിപ്പ് ആരോപണങ്ങൾക്ക് ഇന്നലെ അദാനി മറുപടി നൽകിയിരുന്നു. ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങൾ ഇന്ത്യക്കെതിരായ ആക്രമണമാണെന്നാണ് അദാനി ഗ്രൂപ്പ് 413 പേജുകളുള്ള മറുപടിയിൽ പറഞ്ഞത്. ഇതിനോടാണ് ഹിൻഡൻബർഗ് പ്രതികരിച്ചിരിക്കുന്നത്.
ലോകത്തെ അതിസമ്പന്നരിൽ ഒരാളാണ് ചെയ്യുന്നതെങ്കിൽ പോലും തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. ദേശീയതയുടെ മറവില്‍ തട്ടിപ്പിനെ മറയ്ക്കാനാവില്ല. ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു. വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല. 413 പേജുള്ള അദാനിയുടെ കുറിപ്പില്‍ മറുപടികളുള്ളത് 30 പേജില്‍ മാത്രമാണെന്നും ഹിന്‍ഡന്‍ബര്‍ഗ് മറുപടിയില്‍ വ്യക്തമാക്കുന്നു.
അദാനിയുടെ മറുപടിയോടുള്ള തങ്ങളുടെ വിശദമായ പ്രതികരണം ഹിൻഡർബർഗ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും രാജ്യത്തെ സ്ഥാപനങ്ങളുടെ ആത്മാർഥതക്കും ഗുണനിലവാരത്തിനും നേരെയുള്ള ആക്രമണമാണ് ഹിൻഡൻബർഗിന്‍റെ ആരോപണമെന്നായിരുന്നു അദാനി പ്രധാനമായും ഉന്നയിച്ചത്. ഓഹരി വിപണിയിലെ കള്ളക്കളികളടക്കമുള്ള ആരോപണങ്ങൾ കളവല്ലാതെ മറ്റൊന്നുമല്ല. ഹിൻഡൻബർഗിന് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഗൂഢോദ്ദേശ്യത്തോടുള്ളതും വ്യാജ വിപണി സൃഷ്ടിക്കാനുമുള്ളതാണ് ഹിൻഡർബർഗിന്റെ റിപ്പോർട്ട്. അദാനി എന്റർപ്രൈസസ് തുടർ ഓഹരി വിൽപന തുടങ്ങുന്ന സമയത്തുതന്നെ റിപ്പോർട്ട് വന്നത് ഹിൻഡൻബർഗിന്റെ വിശ്വാസ്യതയും നൈതികതയും ചോദ്യം ചെയ്യുന്നതാണ്. ഓഹരി വിപണിയിൽ ഇടപെടുന്ന ഹിൻഡൻബർഗിന്റെ ഇടപെടൽ വ്യാജ വിപണി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും അദാനി ഗ്രൂപ് കുറ്റപ്പെടുത്തിയിരുന്നു.
നേരത്തെ, ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളാണ് അദാനിക്കെതിരെ ഉന്നയിച്ചിരുന്നത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് ഇവര്‍ പറയുന്നു. ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമുയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടർന്ന് ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.