നടുവൊടിച്ച് ഇന്ധനവില;എണ്ണക്കമ്പനികൾ നേടിയത് കോടികളുടെ കൊള്ളലാഭം
text_fieldsകൊച്ചി: നികുതിയിലൂടെയും സബ്സിഡി ഒഴിവാക്കിയും കേന്ദ്രസർക്കാറും വില വർധിപ്പിച്ച് എണ്ണക്കമ്പനികളും ഇതിനകം നേടിയത് കോടികളുടെ കൊള്ളലാഭം. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില സമീപകാലത്തെ കുറഞ്ഞ നിലയിൽ. എന്നിട്ടും സാധാരണക്കാരുടെ നടുവൊടിച്ച് ഇന്ധനവില കുതിക്കുന്നു. രാജ്യത്തിെൻറ ശ്രദ്ധയാകർഷിച്ച് കർഷകസമരവും സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പും സജീവമായിരിക്കെ വലിയ ചർച്ചകൾക്കും പ്രതിഷേധത്തിനുമിടനൽകാതെയാണ് ഇന്ധനവിലയുടെ മറവിലെ കൊള്ള.
എക്സൈസ് നികുതിയിലൂടെ കേന്ദ്രസർക്കാറും മൂല്യവർധിത നികുതിയിലൂടെ സംസ്ഥാനങ്ങളും കോടികളുടെ വരുമാനം ഉണ്ടാക്കിയപ്പോഴും അസംസ്കൃത എണ്ണ വിലയിടിവിെൻറ ആനുകൂല്യം ഇന്ധനവിലക്കുറവിലൂടെ ഉപഭോക്താക്കൾക്ക് കൈമാറാൻ തയാറായില്ല. മാസങ്ങളായി പാചകവാതക സബ്സിഡി ഒഴിവാക്കി ആ വഴിക്കും കേന്ദ്രം നേട്ടമുണ്ടാക്കി. എണ്ണക്കമ്പനികളും ഈ കാലയളവിൽ വലിയ ലാഭമുണ്ടാക്കിയതായി അവരുടെ സാമ്പത്തികഫലങ്ങൾ വ്യക്തമാക്കുന്നു. കാര്യമായ പ്രതിഷേധങ്ങൾ ഒരു കോണിൽനിന്നുമില്ലാത്തത് ബന്ധപ്പെട്ടവർ മുതലെടുക്കുകയും ചെയ്യുന്നു.
പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിെൻറ 2019-20ലെ പ്രാഥമിക കണക്ക് പ്രകാരം പെട്രോളിയം ഉൽപന്നങ്ങളുടെ എക്സൈസ് നികുതിയിലൂടെ കേന്ദ്ര ഖജനാവിലെത്തിയത് 1,47,975 കോടിയാണ്. അഞ്ചുവർഷം മുമ്പ് ഇത് 99,068 കോടി മാത്രമായിരുന്നു. ഈ കാലയളവിൽ സംസ്ഥാനങ്ങൾക്ക് വാറ്റിലൂടെ 1,43,952 കോടി കിട്ടി. 2014ൽ മോദി അധികാരത്തിൽ വരുമ്പോൾ പെട്രോൾ ലിറ്ററിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു എക്സൈസ് നികുതി. പത്തുതവണയായി വർധിപ്പിച്ച് ഇതിപ്പോൾ യഥാക്രമം 32.98 രൂപയിലും 31.83 രൂപയിലുമെത്തി.
ഈ വർഷം സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷന് 6227.31 കോടിയും ബി.പി.സി.എല്ലിന് 2247.75 കോടിയും എച്ച്്.പി.സി.എല്ലിന് 2477.45 കോടിയുമാണ് ലാഭം. ആറുമാസമായി പാചകവാതക സബ്സിഡി വിതരണം നിർത്തിയതിലൂടെ കേന്ദ്രത്തിന് ലഭിക്കുന്ന ലാഭം 20,000 കോടിയിലധികമാണ്. അസംസ്കൃത എണ്ണവില ബാരലിന് 47.95 ഡോളർ മാത്രമാണെങ്കിലും വെള്ളിയാഴ്ചയും പെട്രോളിന് 20 പൈസയും ഡീസലിന് 21 പൈസയും കൂടി. നവംബർ ഒന്നിനുശേഷം വർധന യഥാക്രമം 1.97 രൂപയും 2.05 രൂപയും. തിരുവനന്തപുരത്ത് ഇന്നലെ പെട്രോളിന് 84.86 രൂപയും കൊച്ചിയിൽ 83.02 രൂപയുമാണ്. ഡീസലിന് യഥാക്രമം 88.12 രൂപയും 86.28 രൂപയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.