വീണ്ടും റെക്കോഡിലെത്തി സ്വർണ്ണം; പവന് 400 രൂപ കൂടി
text_fieldsകൊച്ചി: ദിവസങ്ങളുടെ ഇടവേളക്ക് ശേഷം സ്വർണ്ണവില വീണ്ടും റെക്കോഡിലെത്തി. പവന്റെ വില 400 രൂപ വർധിച്ച് 54,520 രൂപയായി ഉയർന്നു. ഗ്രാമിന് 50 രൂപ വർധിച്ച് 6815 രൂപയായും ഉയർന്നു. കഴിഞ്ഞ ദിവസം സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. മിഡിൽ ഈസ്റ്റിൽ ഉടലെടുത്ത സംഘർഷ സാധ്യതയാണ് സ്വർണ്ണവിലയേയും സ്വാധീനിക്കുന്നത്.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ 10 ഗ്രാം സ്വർണ്ണത്തിന്റെ വില 72,689 രൂപയായാണ് ഉയർന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്‍പോട്ട് ഗോൾഡിന്റെ വിലയും ഉയരുകയാണ്. ഔൺസിന് 2395 ഡോളറിനാണ് സ്‍പോട്ട് ഗോൾഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഇറാനിൽ ഇസ്രായേൽ ആക്രമണം നടത്തിയെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഇത് മിഡിൽ ഈസ്റ്റിൽ യുദ്ധമുണ്ടാക്കുന്നമെന്ന ആശങ്ക മൂലം നിക്ഷേപകർ സ്വർണ്ണം പോലുള്ള സുരക്ഷിതനിക്ഷേപം തേടി പോവുകയാണ്. ഇത് സ്വർണ്ണത്തിന് കരുത്താവുകയാണ്.
ഇതിനൊപ്പം ചൈനയിൽ നിന്നുള്ള സ്വർണ്ണ ആവശ്യകത വർധിച്ചതും വിലയെ സ്വാധീനിക്കുന്നുണ്ട്. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ ഉടൻ പലിശനിരക്കുകൾ കുറക്കാൻ സാധ്യതയില്ലെന്ന് അറിയിച്ചിരുന്നു. ഇതും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
അതേസമയം, ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയും ഉയർന്നു. മൂന്ന് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണവിതരണത്തിൽ തടസങ്ങളുണ്ടാവുമെന്ന ആശങ്കയാണ് എണ്ണവില ഉയരുന്നതിലേക്ക് നയിച്ചത്.
ബ്രെന്റ് ക്രൂഡിന്റെ ഭാവിവിലകൾ 2.63 ഡോളർ ഉയർന്ന് ബാരലിന് 89.74 ഡോളറായി. മൂന്ന് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 3.1 ശതമാനം ഉയർന്ന് ബാരലിന് 84.66 ഡോളറായി.
യു.എസിൽ നിന്നുള്ള എ.ബി.സി ന്യൂസാണ് ഇറാനിൽ ഇസ്രായേലിന്റെ മിസൈൽ ആക്രമണമുണ്ടായെന്ന് റിപ്പോർട്ട് പുറത്ത് വിട്ടത്. ഇറാൻ നഗരമായ ഇസാഫഹാനിലെ എയർപോർട്ടിൽ വലിയ സ്ഫോടന ശബ്ദം കേട്ടുവെന്നും നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടുവെന്ന വാർത്ത സി.എൻ.എന്നും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.