നികുതി കുടിശ്ശിക പിരിക്കാൻ സംവിധാനങ്ങളില്ലാതെ ജി.എസ്.ടി
text_fieldsതൃശൂർ: ചരക്കു സേവന നികുതിയിൽ (ജി.എസ്.ടി) കൂടിശ്ശിക പിരിച്ചെടുക്കുന്നതിൽ കേരളത്തിൽ ഗുരുതര വീഴ്ച. അഞ്ചു വർഷം മുമ്പ് തുടക്കമിട്ട ജി.എസ്.ടിയിൽ ഇതിനായി കാര്യക്ഷമമായ സംവിധാനങ്ങൾ ഇതുവരെ ഒരുക്കാൻ അധികൃതർക്കായില്ല. ഖജനാവ് കാലിയായി കടത്തിൽ കേരളം മുങ്ങിയിട്ടും ഇതുമായി ബന്ധപ്പെട്ട നടപടികൾ ഇഴയുകയാണ്.
ഏതാണ്ട് 16,000 കോടിയോളം രൂപ പിരിച്ചെടുക്കാതെ കൂടിശ്ശികക്കാരെ സഹായിക്കുന്ന നയമാണ് സർക്കാർ പിന്തുടരുന്നത്. 2017 ജൂലൈ ഒന്ന് മുതൽ തുടങ്ങിയ ജി.എസ്.ടിയിൽ റവന്യു റിക്കവറി നടപടികൾ കർശനമല്ല. ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷം കണ്ടെത്തിയ നികുതി നിർണയ കുടിശ്ശികകൾ പിരിക്കുന്നതിനുള്ള സോഫ്റ്റ്വെയർ പോലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാക്കിയിട്ടില്ല. ജി.എസ്.ടി കുടിശ്ശികക്കാരിൽ ഭൂരിഭാഗവും കച്ചവടം നിർത്തിയതായാണ് വിവരം.
സോഫ്റ്റ് വെയർ പരിഷ്കരിച്ച് റിക്കവറി നടപടികൾ തുടങ്ങുമ്പോൾ ഇതര സംസ്ഥാനക്കാരായ ഇവരിൽ പലരും കേരളം വിടാനുള്ള സാധ്യതയാണ് നിഴലിക്കുന്നത്. 2018 മുതൽ കുടിശ്ശിക തീർപ്പാക്കലിനായി കൊണ്ടുവന്ന വിവിധ ആംനസ്റ്റി സ്കീമുകൾ അമ്പേ പരാജയപ്പെട്ടു. കാമ്പില്ലാത്ത നികുതി നിർണയങ്ങളാണ് ഇവ പരാജയപ്പെടുന്നതിനുള്ള പ്രധാന കാരണം. 2018, 2019ലെ പ്രളയം, 2020ലെ കോവിഡ് അടച്ചുപൂട്ടൽ തുടങ്ങി നിരവധി കാരണങ്ങൾ നിരത്തിയാണ് നടപടികൾ കർശനമാക്കാത്തത്. ഇതുമൂലം എന്ത് ഇളവ് പ്രഖ്യാപിച്ചാലും കുടിശ്ശിക അടക്കുവാൻ കച്ചവടക്കാർ മുമ്പോട്ട് വരാത്ത സാഹചര്യമാണുള്ളത്.
മൊത്തം നികുതി വരുമാനത്തിന്റെ 80 ശതമാനം പ്രതിനിധാനം ചെയ്യുന്ന ജി.എസ്.ടി വകുപ്പിന്റെ കാര്യക്ഷമതയെക്കുറിച്ച് ഒന്നാം പിണറായി സർക്കാറിന്റെ കാലത്തും ഏറെ പഴി കേട്ടിരുന്നു. ഇപ്പോഴത്തെ സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ അഞ്ചു വർഷമായി ഉയർന്ന ഉദ്യോഗസ്ഥരുടെ ചക്കിളത്തി പോരാട്ടം മൂലം വകുപ്പ് പുനഃസംഘടനയും എങ്ങുമെത്തിയിട്ടില്ല.
വകുപ്പിലെ ജീവനക്കാർ ഇപ്പോഴും പഴയ നികുതി നിയമം അനുസരിച്ചാണ് സേവനം ചെയ്യുന്നത്. ജി.എസ്.ടിക്ക് അനുസൃതമായി ജീവനക്കാരെ പുനർ വിന്യസിച്ചാലെ നികുതി പിരിവ് കാര്യക്ഷമമാകൂ. ഭീമമായ നികുതി കുടിശ്ശിക പിരിച്ചെടുക്കുവാനോ ഉദ്യോഗസ്ഥ പുനർവിന്യാസം പൂർത്തിയാക്കി നികുതി വെട്ടിപ്പ് തടയാനോ നടപടി സ്വീകരിക്കാത്ത സർക്കാർ നലപാടിൽ ജീവനക്കാർക്കും പ്രതിഷേധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.