Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഓണപ്പൊലിമയിൽ ഗൃഹോപകരണ...

ഓണപ്പൊലിമയിൽ ഗൃഹോപകരണ വിപണി

text_fields
bookmark_border
ഓണപ്പൊലിമയിൽ ഗൃഹോപകരണ വിപണി
cancel

മലയാളി എന്തും വാങ്ങുന്ന കാലമെന്ന്​​​ ഓണ വിപണിയെ വിളിക്കാം. ഓഫറുകളും ഡിസ്​കൗണ്ടുകളും സമ്മാന പദ്ധതികളുമെല്ലാമാണ്​ ഒരു കാരണം​. ഓണക്കാലത്ത്​ കച്ചവടം പൊടിപൊടിക്കുന്ന മേഖലകളിലൊന്നാണ്​ ഗൃഹോപകരണ വിപണി. പുതിയവ വാങ്ങുന്നുവെന്ന്​ മാത്രമല്ല, പഴയത്​ മാറ്റി വാങ്ങുന്നതിനും​ മലയാളി തിരഞ്ഞെടുക്കുന്നത്​​ ഓണക്കാലമാണ്​​. ഒരാഴ്​ച മുമ്പുവരെ മന്ദഗതിയിലായിരുന്ന ഗൃഹോപകരണ വിപണി ഇപ്പോൾ കാര്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന്​ വ്യാപാരികൾ പറയുന്നു. ടി.വി, റഫ്രിജറേറ്റർ, വാഷിങ്​ മെഷീൻ, എ.സി, മിക്​സി, മൈക്രോവേവ്​ ഓവൻ, എയർ ​ഫ്രയർ എന്നിവക്കെല്ലാമാണ്​ ഓണക്കാലത്ത്​ ഡിമാൻഡ്​ കൂടുതൽ. മൊബൈൽ ഫോൺ ഏറ്റവുമധികം വിറ്റഴിക്കുന്നതും ഓണ സീസണിലാണ്.

മുമ്പ്​ 22 ഇഞ്ച്​ വലുപ്പമുള്ള ടി.വികൾക്കായിരുന്നു ഡിമാൻഡ്​. പിന്നീടത്​ 32 ഇഞ്ചായി. ഇപ്പോൾ 100 കടന്ന്​ മുന്നോട്ട്​ കുതിക്കുകയാണ്​. സവിശേഷതകൾക്കനുസരിച്ച്​ 32 ഇഞ്ച്​ ടി.വികൾക്ക്​ 5,990 രൂപ മുതൽ 32,000 രൂപ വരെയാണ് വില​. മുറിയിലെ ശബ്​ദത്തിനും വെളിച്ചത്തിനുമനുസരിച്ച്​ എ.ഐ സാ​ങ്കേതിക വിദ്യയിലൂടെ പ്രവർത്തിക്കുന്ന മൂന്ന്​ ലക്ഷം രൂപ വരെ വിലയുള്ള ടി.വികൾ വിപണിയിലെ രാജാക്കന്മാരാണ്​. യഥാർഥ കാഴ്​ചയുടെ പ്രതീതി നൽകുന്ന​ സാ​ങ്കേതികവിദ്യയാണ്​ പ്രത്യേകത. ചിത്രങ്ങളുടെ മിഴിവിനും​ ശബ്​ദത്തിന്‍റെ വ്യക്​തതക്കുമാണ്​ ഉപഭോക്​താക്കൾ പ്രാധാന്യം നൽകുന്നതെന്ന്​ വ്യാപാരികൾ പറയുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ രംഗത്തുവന്നതോടെ ഇത്തരം ടി.വികൾക്ക് ആവശ്യക്കാരും കൂടി. ടി.വിയുടെ ശരാശരി ആയുസ്സ്​ മു​മ്പത്തേക്കാൾ കുറഞ്ഞതോടെ സമ്മാനങ്ങൾക്ക്​ പകരം അധികവാറൻറിയാണ്​ കമ്പനികളുടെ വാഗ്​ദാനം.

നൂതന മാറ്റങ്ങളിൽ റഫ്രിജ​റേറ്ററുകൾ

നൂതന മാറ്റങ്ങളാണ്​ റഫ്രിജ​റേറ്ററുകളെ ശ്രദ്ധേയമാക്കുന്നത്​. സാംസങ്​ പുറത്തിറക്കിയ ഫാമിലി ഹബ്​ മോഡലിൽ ബ്ലൂടൂത്ത്​, വൈഫൈ സൗകര്യങ്ങളോടെ ടാബായി ഉപയോഗിക്കാനുള്ള സംവിധാനമുണ്ട്​. ഫ്രിഡ്​ജിലെ ടാബിൽ കുക്കിങ്​ ഷോ കണ്ടുകൊണ്ടോ പാട്ട്​ കേട്ടുകൊണ്ടോ​ അടുക്കളയിൽ പാചകം ചെയ്യാം. മൂന്നര ലക്ഷത്തോളം വില വരുന്ന റഫ്രിജറേറ്ററുകൾ വരെ വിപണിയിലുണ്ട്​. കംപ്രസറിന്​ 10 വർഷ വാറൻറി നൽകുന്ന ഇൻവെർട്ടർ ടെക്​നോളജിയുള്ള ഫോർ സ്​റ്റാർ, ഫൈവ്​ സ്​റ്റാർ മോഡലുകൾക്കാണ്​ ഡിമാൻഡ്​. വൈദ്യുതി ലാഭിക്കാമെന്നതാണ്​ മെച്ചം. കൂടാതെ ഫ്രീസർ കമ്പാർട്​​​മെന്‍റിനെ ആവശ്യമുള്ളപ്പോൾ റഫ്രിജറേറ്റർ കമ്പാർട്ടുകളാക്കി മാറ്റാവുന്ന മോഡലുകൾക്കും ആവശ്യക്കാരുണ്ട്​​. 10,000 രൂപ മുതൽ നാലുലക്ഷം രൂപവരെയുള്ള റഫ്രിജറേറ്ററുകൾ വിപണിയിൽ ലഭ്യമാണ്​.

സെമി ഓ​ട്ടോമാറ്റിക്​, ഫുള്ളി ഓ​ട്ടോമാറ്റിക്​, ഫുള്ളി ഓ​ട്ടോമാറ്റിക്​ ഫ്രണ്ട്​ ലോഡ്​ എന്നീ റേ​ഞ്ചുകളിലാണ്​ വാഷിങ്​ മെഷീൻ​. സെമി ഓ​ട്ടോമാറ്റിക്കിന്​ 6990 രൂപ മുതലാണ്​ വില. ശേഷിക്കനുസരിച്ച്​ ഫുള്ളി ഓ​ട്ടോമാറ്റിക്​ ടോപ്​ ലോഡിന്​​ 13,000 മുതൽ 40,000 വരെയും ഫ്രണ്ട്​ ലോഡിന്​ 21,000 മുതൽ ഒന്നേകാൽ ലക്ഷം രൂപ വരെയും വിലയുണ്ട്​. ഒരേ സമയം ​ഫ്രണ്ട്​ ലോഡായും ടോപ്​ ലോഡായും ഉപയോഗിക്കാവുന്നവയും വിപണിയിലുണ്ട്​. ഫുള്ളി ഓ​ട്ടോമാറ്റിക്​ ടോപ്​ ലോഡിനാണ്​ ആവശ്യക്കാരേറെ. സെമി ഓ​ട്ടോമാറ്റിക്കി​ന്​ പ്രിയം കുറഞ്ഞുവരുകയാണെന്ന്​ വ്യാപാരികൾ പറയുന്നു.

എയർ കണ്ടീഷണറുകളുടെ വിൽപനയും വലിയ തോതിൽ കൂടിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കത്തുന്ന വേനലിനു ശേഷം മങ്ങിയ വിപണി ഇപ്പോൾ ഓണം ഓഫറുകളിൽ വീണ്ടും കുതിക്കുകയാണ്. 1600 രൂപ മുതൽ 9000 രൂപ വരെയുള്ള മിക്​സികളും 5,000 രൂപ മുതൽ 26,000 രൂപ വരെയുള്ള ഓവനുകളുമുണ്ട്​. എയർ ഫ്രയറുകൾക്കും വിപണിയിൽ ആവശ്യക്കാർ കൂടിവരുകയാണ്​. ചില ഉൽപന്നങ്ങളുടെ നിർമാണചെലവ്​ കൂടിയിട്ടുണ്ടെങ്കിലും വിലകളിൽ മിതമായ മാറ്റം മാത്രമാണ്​ ഉണ്ടായിരിക്കുന്നതെന്നും കമ്പനികളുടെ വക്​താക്കളും ചൂണ്ടിക്കാട്ടുന്നു.

ഓണവിപണി; പ്രതീക്ഷിക്കുന്നത്​ 30 ശതമാനത്തിന്‍റെ വളർച്ച

ഓണവിപണിക്ക്​ തുടക്കം കുറിച്ചിരിക്കെ ഗൃഹോപകരണങ്ങളുടെയും മൊബൈൽ ഫോണുകളുടെയും ഐ.ടി ഉൽപന്നങ്ങളുടെയും വിൽപന മൂല്യത്തിൽ പ്രതീക്ഷിക്കുന്ന വളർച്ച 30 ശതമാനത്തിലേറെ. ജൂലൈ മുതൽ സെപ്‌റ്റംബർ അവസാനം വരെയുള്ള കാലയളവിനെയാണ് ‘ഓണം ഷോപ്പിങ് സീസൺ’ എന്നു വ്യാപാരികൾ വിളിക്കുന്നത്. ഇത്തവണ ഓണക്കാല വിൽപന 5500 കോടിയോളം രൂപയുടേതായിരിക്കുമെന്നാണ് അനുമാനം. കോവിഡ് കാലത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന വിൽപനയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷത്തെ സീസണിൽ ഗൃഹോപകരണങ്ങളുടെയും മൊബൈൽ ഫോണുകളുടെയും ഐ.ടി ഉൽപന്നങ്ങളുടെയും വിൽപന 4197 കോടി രൂപയുടേതായിരുന്നു. ഇവയുടെ വാർഷിക വിൽപനയിൽ 30 ശതമാനത്തോളവും ലഭിച്ചത് ഓണക്കാലത്താണ്. വാർഷിക വിൽപന 14,337 കോടി രൂപയുടേതായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Business News
News Summary - Home appliance market
Next Story