പ്രവാസികൾക്ക് എങ്ങനെ സ്വർണ സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കാം
text_fieldsസ്വർണം വാങ്ങാൻ ഇഷ്ടമില്ലാത്ത പ്രവാസികൾ ഉണ്ടാകില്ല. ഈ വിലക്ക് എങ്ങനെ വാങ്ങും?. വില കുറയട്ടെ എന്നിട്ടാവാം. പക്ഷേ ഡിസംബർ മാസത്തിൽ ഒരു ഗ്രാമിന് 31 ഒമാനി റിയാൽ ആയിരുന്നത് ഇപ്പോൾ 35.800 നു മുകളിലായി. എപ്പോൾ വാങ്ങണം? എങ്ങനെ വാങ്ങണം? അന്താരാഷ്ട്ര മേഖലയിൽ ഉണ്ടായിട്ടുള്ള വിവിധ കാരണങ്ങൾ കൊണ്ട് സ്വർണ വില അടിക്കടി കൂടിക്കൊണ്ടിരിക്കുകയാണ്. പല കാര്യങ്ങൾക്കായി സ്വർണം വാങ്ങേണ്ടവർ വാസ്തവത്തിൽ പകച്ചുനിൽക്കുന്ന അവസ്ഥയാണിപ്പോൾ.
വിവിധമായ കാരണങ്ങളാൽ ഇന്ത്യക്കാർക്ക്, പൊതുവെ കേരളീയർക്ക് സ്വർണത്തോടുള്ള ഭ്രമം കൂടുതൽ ആണെന്നുള്ളത് എല്ലാവർക്കും അറിയുന്നതാണ്. വില ഇങ്ങനെ കൂടുന്നതുകൊണ്ട് സ്വർണം വാങ്ങാൻ ആളുകൾ മടിക്കുന്നു. വില താഴട്ടെ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അടിക്കടി വിലക്കയറ്റം ഉണ്ടാകുന്നത്.
അമേരിക്കൻ പ്രഡിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ വ്യാപാര ഇറക്കുമതി നയങ്ങൾ മൂലം നിക്ഷേപകർ അന്താരാഷ്ട്ര വിപണിയിൽനിന്നും ഓഹരികളും മറ്റു നിക്ഷേപങ്ങളും വിറ്റൊഴിഞ്ഞു സ്വർണത്തിലേക്ക് നിക്ഷേപം മാറ്റുന്നതുകൊണ്ടാണ് ഈ വിലക്കയറ്റം. ഇതിനൊരു മാറ്റം വരുമ്പോൾ വിലയിൽ ആശ്വാസം പ്രതീക്ഷിക്കാം. എന്നിരുന്നാലും നേരത്തേ പറഞ്ഞതുപോലെ ലഭ്യതക്കുറവുള്ള ഒരു ലോഹമായതുകൊണ്ടും, പൊതുവെയുള്ള വിലക്ക് ബാധിക്കാത്ത ഒരു നിക്ഷേപമെന്ന നിലയിലും സ്വർണം വാങ്ങുന്നത് മറ്റേതു നിക്ഷേപത്തേക്കാളും അഭികാമ്യമാണ് .
എങ്ങനെ സ്വർണം വാങ്ങാം
ഒരു നിക്ഷേപമെന്ന നിലയിൽ എങ്ങനെ സ്വർണം വാങ്ങാം എന്നുള്ളത് നോക്കാം. ഡിജിറ്റൽ ഗോൾഡ് /ഇ-ഗോൾഡ് എന്ന പദ്ധതിയെപ്പറ്റിയാണ് വിവരിക്കുന്നത്. ഈ പദ്ധതി വഴി വാങ്ങുന്ന സ്വർണം നിങ്ങളുടെ വിവിധ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാവുന്നതാണ്. സ്വർണത്തിന്റെ പരിശുദ്ധി, തേയ്മാനം, സൂക്ഷിപ്പ് , പണിക്കൂലി, പണിക്കുറവ് എന്നിവയൊന്നും ഇതിനു ബാധകമല്ല എന്നതാണ് പ്രധാനം.
എത്ര ചെറിയ തുകക്ക് വേണമെങ്കിലും സ്വർണം വാങ്ങാം എന്നത് ഈ പദ്ധതിയുടെ സ്വീകാര്യതയാണ്. നമ്മൾ വാങ്ങിയ ആഭരണങ്ങൾ വിൽക്കുമ്പോൾ നമ്മൾ കൊടുത്ത പണിക്കൂലിയും പണിക്കുറവും നികുതിയും മറ്റും നഷ്ടമാകുന്നു എന്ന വാസ്തവവും തിരിച്ചറിയണം. സ്വർണക്കടകളിൽനിന്നും ഒരു ഗ്രാമിൽ താഴെ സ്വർണം വാങ്ങാൻ പലർക്കും പ്രയാസമാണ്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്ഥാപനമായ മെറ്റൽ ആൻഡ് മിനറൽസ് ട്രേഡിങ്ങ് കോർപറേഷന് ഓഫ് ഇന്ത്യയും (എം.എം.ടി.സി) സ്വിസ്റ്സ്റ്റ്ലാന്റിലെ പ്രമുഖ ബുള്ളിയൻ ഡീലർസ് ആയ പാമ്പയും (PAMP SA)ചേർന്ന് ഡിജിറ്റൽ സ്വർണം ഓൺലൈനായി വാങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഈ ഒരു പ്ലാറ്റഫോം വഴി ചെറിയ തുകകൾ, ഇടവേളകളിൽ, ദീർഘ കാലത്തേക്ക് സ്വർണമായി സമ്പാദിക്കാം. ഇതുവഴി സ്വർണം വാങ്ങുമ്പോഴുള്ള ദിവസത്തെ വിലക്ക് സ്വർണമായി തന്നെ സൂക്ഷിക്കപ്പെടുന്നു എന്നതാണ് പ്രത്യേകത. എപ്പോൾ വേണമെങ്കിലും ഇത് പിൻവലിക്കാം. സ്വർണ ബാറുകൾ ആയോ, ആഭരണമായോ, ക്യാഷ് ആയോ അല്ലെങ്കിൽ ഇതെല്ലം കൂടി ചേർത്തോ നമ്മുടെ ഇഷ്ടാനുസാരം തെരഞ്ഞെടുക്കാം.
ആഭരങ്ങൾക്ക് പണിക്കൂലിയും മറ്റു അനുബന്ധ ചെലവുകളും ബാധകമാകുമെന്നുമാത്രം. ഈ പദ്ധതി പ്രകാരം സ്വർണം വാങ്ങുമ്പോൾ 24 ക്യാരറ്റിന്റെ വില കൊടുക്കണം. വിൽക്കുമ്പോഴും 24 ക്യാരറ്റിന്റെ വിൽക്കുന്ന ദിവസത്തെ വില കിട്ടും. വീട്ടിലിരുന്നു ചെറിയ തുകക്കും ഓൺലൈനായി സ്വർണം വാങ്ങാം എന്നുള്ളത് ഏറ്റവും സൗകര്യം പ്രദമാണ്.
ഒമാനിലെ പല സ്വർണ വ്യാപാര സ്ഥാപനങ്ങളും ഈ പദ്ധതിയിലൂടെ ഡിജിറ്റൽ സ്വർണം വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫിൻടെക്ക് സ്ഥാപനങ്ങളുടെ പ്ലാറ്റഫോം വഴിയും ഈ രീതിയിൽ സ്വർണ സമ്പാദ്യം നടത്താം. ഉദാഹരണമായി ഗൂഗിൾ പേ യുടെ ലോക്കർ സംവിധാനം ഉപയോഗിച്ചു 24 കാരറ്റ് സ്വർണം മേൽപറഞ്ഞ സ്ഥാപനത്തിൽനിന്നും വാങ്ങാം.
കൃത്യമായ ഇടവേളകളിൽ ചെറിയ തുക ദീർഘ കാലത്തേക്ക് വാങ്ങുക. ഇടക്ക് മൊത്തമായോ ഭാഗികമായോ പിൻവലിക്കുന്നതിന് ഒരു തടസ്സവുമില്ല . പല സമയത്തു പല വിലകളിൽ വാങ്ങുന്നതുകൊണ്ട് സ്വർണത്തിന്റെ വില മെച്ചപ്പെട്ടതായിരിക്കും എന്നതിൽ തർക്കം വേണ്ട. ഇത് ഏറ്റവും നല്ല മാർഗമായി സ്വീകരിക്കാവുന്നതാണ്.
മ്യൂച്ചൽ ഫണ്ടുകളുടെ ഗോൾഡ് സേവിങ്സ് സ്കീം വഴിയും അതുപോലെ തന്നെ സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയും (ഗോൾഡ് ഇ.ടി.ഇ) കുറേശ്ശേ സ്വർണ നിക്ഷേപം നടത്താം. പക്ഷേ ഇങ്ങനെ നടത്തുന്ന നിക്ഷേപങ്ങൾ ക്യാഷ് ആയി മാത്രെമേ കിട്ടുകയുള്ളു. സ്വർണമായി കിട്ടില്ല എന്നർഥം.
നാട്ടിലെ പല സ്വർണ നിക്ഷേപ പദ്ധതികളിൽ ചേർന്ന് സാധാരണ പ്രവാസികൾ നിരവധി തട്ടിപ്പുകൾക്ക് വിധയമായിട്ടുണ്ട്. എന്നിരുന്നാലും വീണ്ടും വീണ്ടും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നു എന്നത് കഷ്ടമാണ്. ഒരുപക്ഷേ മേൽപറഞ്ഞ സ്വർണ നിക്ഷേപ പദ്ധതികളെപ്പറ്റിയുള്ള അറിവില്ലായ്മയാകാം പ്രധന കാരണം.
ആയതുകൊണ്ട് ആഭരണങ്ങൾ ആവശ്യത്തിന് വാങ്ങുന്നതോടൊപ്പം, നിക്ഷേപമെന്ന നിലയിൽ, മേൽ പറഞ്ഞതുപോലെ ചെറിയ തുകകൾ ദീർഘ കാലത്തേക്ക് കൃത്യമായ ഇടവേളകളിൽ ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിച്ചു നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടാവുന്നതാണ്.
(ലേഖകൻ ഒമാനിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ് അഡ്വൈസർ ആണ് )

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.