വാരാന്ത്യത്തിൽ നേട്ടത്തോടെ വിപണി; ട്രെൻറ് തുടർന്നേക്കും
text_fieldsമുംബൈ: പ്രദേശിക നിക്ഷേപകരിൽ ആത്മവിശ്വാസവുമായി വിതറി ഇന്ത്യൻ സൂചികകൾ ഒരിക്കൽ കൂടി പ്രതിവാര നേട്ടം സ്വന്തമാക്കി. തുടർച്ചയായ രണ്ടാം വാരമാണ് സൂചികകൾ തിളക്കം നിലനിർത്തുന്നത്. ബോംബെ സൂചിക സെൻസെക്‌സ് 1032 പോയിൻറ്റും നിഫ്‌റ്റി സൂചിക 275 പോയിൻറ്റും പിന്നിട്ടവാരം ഉയർന്നു.
കോവിഡ് സൃഷ്‌ടിച്ച ആഘാതം മൂലം ആഗോള സാമ്പത്തിക രംഗം തളർച്ചയിലാണെങ്കിലും വിദേശ ധനകാര്യസ്ഥാപനങ്ങൾ ഇന്ത്യൻ മാർക്കറ്റിൽ നിക്ഷേപത്തിന് ഉത്സാഹിച്ചു. പ്രമുഖ കറൻസികൾക്ക് മുന്നിൽ ഡോളറിന്നേരിട്ട തളർച്ചയാണ് അവരുടെ ശ്രദ്ധ ഇന്ത്യയിലേയ്‌ക്ക് തിരിച്ചത്.സുരക്ഷിത നിക്ഷേപ മേഖലയായി വിദേശ ഓപ്പറേറ്റർമാർ ഇന്ത്യൻ വിപണിയെ വിലയിരുത്തുന്നത്.
ഏതാണ്ട് 42,000 കോടി രൂപയാണ് കഴിഞ്ഞ അഞ്ച് മാസകാലയളവിൽ അവർ ഓഹരിയിലും കടപത്രത്തിലുമായി നിക്ഷേപിച്ചത്. വിദേശ പണം പ്രവഹിച്ചതോടെ ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യവും ഉയർന്നു. ഏഷ്യൻ കറൻസികളിൽ ഇന്ത്യൻ നാണയം ഏറെ തിളങ്ങിയതും ഫണ്ടുകളെ ആകർഷിച്ചു.
പിന്നിട്ടവാരം ഡെറിവേറ്റീവ് മാർക്കറ്റിൽ ആഗസ്‌റ്റ് സെറ്റിൽമെൻറ് മികവിലാണ് അവസാനിച്ചത്. തുടർച്ചയായ മൂന്നം മാസമാണ് ഫ്യൂച്വർ ആൻറ് ഓപ്‌ഷൻസിൽ കട്ടിങ്ങിൽ വിപണി നേട്ടം കൈവരിക്കുന്നത്. ഒപ്പം സെപ്‌റ്റംബർ സീരീസും വൻ കുതിപ്പിൽ വ്യാപാരത്തിന് തുടക്കം കുറിക്കാനായത് ഇന്ത്യൻ മാർക്കറ്റിലെ ബുൾ തരംഗം തുടരുമെന്ന നിഷേപകരുടെ വിശ്വാസം ശക്തമാക്കി.
മുൻ നിര ഓഹരികളിലെ വാങ്ങൽ താൽപര്യത്തിൽ നിഫ്‌റ്റിയെ 11,371 പോയിൻറ്റിൽ നിന്ന് 11,686 വരെ ഉയർത്തിയ ശേഷം വാരാന്ത്യം 11,647 പോയിൻറ്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയുടെ ചലനങ്ങൾ സാങ്കേതികമായി വീക്ഷിച്ചാൽ തിങ്കളാഴ്‌ച്ച നിഫ്‌റ്റിക്ക് 11,692 പോയിൻറ്റിലും 11,737 പോയിൻറ്റിലും പ്രതിരോധം നേരിടാം. വിപണി ഒരു തിരുത്തലിന് ശ്രമിച്ചാൽ 11,595 ലും 11,543 പോയിൻറ് റേഞ്ചിൽ താങ്ങ് പ്രതീക്ഷിക്കാം.
ബോംബെ സെൻസെക്‌സ് 38,434 പോയിൻറ്റിൽ നിന്നുള്ള കുതിപ്പിൽ ഫെബ്രുവരിക്ക് ശേഷം ആദ്യമായി 39,579 പോയിൻറ് വരെ മുന്നേറി. വാരാന്ത്യ സെറ്റിൽമെൻറ് നടക്കുമ്പോൾ സെൻസെക്‌സ് 39,467 പോയിൻറ്റിലാണ്. ബാങ്ക് നിഫ്‌റ്റി 22,257 പോയിൻറ്റിൽ നിന്ന് 24,588 ലേയ്‌ക്ക് ഉയർന്നു. മാർക്കറ്റ് ക്ലോസിങിൽ സൂചിക 24,523 പോയിൻറ്റിലാണ്. ഏതാണ്ട് 2300 പോയിൻറ്റാണ് ഒരാഴ്‌ച്ചക്കിടയിൽ ബാങ്ക് നിഫ്‌റ്റി വാരികൂട്ടിയത്.
ബാങ്ക് നിഫ്‌റ്റിയുടെ മികവിൽ ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഡസ് ഇൻബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ,എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി വിലകൾ ഉയർന്നു. സൺ ഫാർമ്മ, ടാറ്റാ മോട്ടേഴ്‌സ്, എൽ ആൻഡ് ടി, ഐ.ടിസി തുടങ്ങിയ മുൻ നിര ഓഹരികളും മികവ് കാണിച്ചു. ഫോറെക്‌സ് മാർക്കറ്റിൽ അമേരിക്കൻ ഡോളറിന് മുന്നിൽ രൂപയുടെ മൂലത്തിൽ ശ്രദ്ധേയമായ ഉണർവ് ദൃശ്യമായി. ഒരാഴ്‌ച്ചകൊണ്ട് രൂപയുടെ മൂല്യം ഒരു രൂപ 72 പൈസ മെച്ചപ്പെട്ടു. വാരാന്ത്യം വിനിമയ മൂല്യം 73.20 ലാണ്.
രൂപയുടെ മൂല്യം ഉയർന്നത് പ്രവാസികൾക്ക് കനത്ത പ്രഹരമായി. നാട്ടിലേയ്‌ക്ക് അയക്കുന്ന പണത്തിൻറ്റ തോത് ഇത് മൂലം കുറഞ്ഞു. മാർച്ചിൽ ഓഹരി സൂചികയ്‌ക്ക് നേരിട്ട വൻ തകർച്ചയ്‌ക്ക്‌ഇടയിൽ രൂപയുടെ വിനിമയ നിരക്ക് 76.97 ലേയ്‌ക്ക് ഇടിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.