അറ്റകൈക്ക് ഇന്ത്യ; എണ്ണവില കുറക്കാൻ കരുതൽ നിക്ഷേപം പുറത്തെടുക്കുന്നു
text_fieldsന്യൂഡൽഹി: എണ്ണവില കുറക്കുന്നതിനായി കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാനൊരുങ്ങി ഇന്ത്യ. യു.എസിന്‍റെ പദ്ധതിയനുസരിച്ച് മറ്റു രാജ്യങ്ങളുമായി ചേർന്ന് കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാനാണ് ഇന്ത്യയുടെ നീക്കം. എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നൽകുന്നതിനായാണ് കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാൻ യു.എസ് തീരുമാനിച്ചത്. വിതരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി എണ്ണ ഉൽപാദക രാജ്യങ്ങൾ വില ഉയർത്തുന്നുവെന്നാണ് അമേരിക്കൻ ആരോപണം.
ബൈഡൻ ഭരണകൂടത്തിന്‍റെ നിർദേശം നടപ്പാക്കാൻ പെട്രോളിയം-വിദേശകാര്യ മന്ത്രാലയങ്ങൾ ഒരുമിച്ച് പ്രവർത്തനം തുടങ്ങിയെന്നാണ് റിപ്പോർട്ട്. വൈകാതെ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് സൂചന. യു.എസിന്‍റെ നിർദേശത്തിന് പിന്നാലെ ചൈന ഇതിനുള്ള നടപടികൾ ആരംഭിച്ചു. ജപ്പാൻ നിർദേശം പരിഗണിക്കുന്നുവെന്നാണ് വിവരം. യു.എസ്, ചൈന, ജപ്പാൻ, ഇന്ത്യ, ദക്ഷിണകൊറിയ രാജ്യങ്ങൾ ഒരുമിച്ച് നീങ്ങിയാൽ അത് എണ്ണ വ്യവസായത്തിൽ പുതിയ ചരിത്രമാവും കുറിക്കുക.
കരുതൽ ശേഖരത്തിൽ നിന്നും പുറത്തെടുക്കുന്ന എണ്ണയുടെ അളവ് താരതമ്യേന കുറവായിരിക്കുമെന്നാണ് റിപ്പോർട്ട്. എങ്കിലും ശക്തമായ മുന്നറിയിപ്പ് ഒപെക് രാജ്യങ്ങൾക്ക് നൽകുകയാണ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുടെ ലക്ഷ്യം.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും കുറഞ്ഞു. ബ്രെന്‍റ് ക്രൂഡിന്‍റെ വില 79.04 ഡോളറായാണ് കുറഞ്ഞത്. യു.എസ് ഉപയോഗിക്കുന വെസ്റ്റ് ടെക്സാസ് ഇന്‍റർമീഡിയേറ്റ് ക്രൂഡോയിലിന്‍റെ വില 75.90 ഡോളറായും കുറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.