വിദേശ നിക്ഷേപത്തിൽ കുതിച്ച് ഇന്ത്യൻ വിപണി
text_fieldsകൊച്ചി: വിദേശ നിക്ഷേപത്തിൻറ്റ തിളക്കത്തിൽ മുൻ നിര‐രണ്ടാം നിര ഓഹരി പലതും ഒരു വർഷത്തിനിടയിലെ ഉയർന്ന നിലയിലെത്തി. ധനകാര്യസ്ഥാപനങ്ങൾ വിശ്രമം മറന്ന് വാങ്ങലുകൾക്ക് ഉത്സാഹിക്കുന്നത് തുടർച്ചയായ ആറാം മാസമാണ്. മുൻ നിര ഇൻഡക്‌സുകൾ റെക്കോർഡ് നിത്യേനെ പുതുക്കിയത് വിപണിയുടെ അടിഒഴുക്ക് കൂടുതൽ ശക്തമാക്കിയതിനൊപ്പം സൂചികകൾ രണ്ട് ശതമാനം പ്രതിവാര നേട്ടം കൈവരിച്ചു.
ബോംബെ സെൻസെക്‌സ് 1019 പോയിൻറ്റും നിഫ്‌റ്റി 255 പോയിൻറ്റും കഴിഞ്ഞ വാരം ഉയർന്നു. വിദേശ നിക്ഷേപത്തിൽ ഇന്ത്യൻ മാർക്കറ്റ് സജീവമെങ്കിലും വാരാവസാനം ഏഷ്യൻ മാർക്കറ്റുകൾ പലതും തളർന്നു, ഈ അവസരത്തിൽ യുറോപ്യൻ വിപണികളിലും വിൽപ്പനക്കാർ ലാഭമെടുപ്പിന് മത്സരിച്ചു. അമേരിക്കയിൽ ഡൗ ജോൺസ് ഒഴിക്കെ മറ്റ് ഇൻഡക്‌സുകൾ വാരാന്ത്യം നഷ്‌ടത്തിലാണ്. യു.എസ് ഡോളർ സൂചികയിലെ തളർച്ച രാജ്യാന്തര ഫണ്ടുകളെ ഇന്ത്യയിലേയ്‌ക്ക് ആകർഷിച്ചു.
യൂറോ ഓഹരികൾ വാരമദ്ധ്യത്തിന് ശേഷം രണ്ടാഴ്ചയിലെ ഏറ്റവും താഴ്ന്ന റേഞ്ചിലേയ്‌ക്ക് ഇടിഞ്ഞു. അടുത്ത വർഷം വളർച്ച മന്ദഗതിയിലാകുമെന്ന് യൂറോപ്യൻ കേന്ദ്ര ബാങ്ക്പ്ര വചിച്ചത് യുറോപ്യൻ ഇൻഡക്‌സുകളെ തളർത്തി. ഇന്ത്യയുടെ വിദേശനാണ്യ കരുതൽധനം 4.5 ബില്യൺ ഡോളർ ഉയർന്ന് ഡിസംബർ നാലിന് അവസാനിച്ച വാരം റെക്കോർഡായ 579.346 ബില്യൺ ഡോളറായി. ഒരു വർഷമായി റിസർവ് ബാങ്ക് വിദേശ കരുതൽ ശേഖരം ഉയർത്തുകയാണ്. ഇതോടെ ഫോറെക്സ് കരുതൽ ധനം കൈവശമുള്ള മൂന്നാമത്തെ വലിയ രാജ്യമായി ഇന്ത്യ. തൊട്ട്‌മുന്നിൽ റഷ്യയും ദക്ഷിണ കൊറിയയുമാണ്.
ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം വാരാന്ത്യം 73.64 ലാണ്. സാധാരണ വർഷാന്ത്യം അടുക്കുമ്പോൾ വിദേശ ഫണ്ടുകൾ ഓഹരിയിൽ വിൽപ്പനക്കാരാവുന്നത് രൂപയുടെ മൂല്യതകർച്ചയ്‌ക്ക് ഇടയാക്കിയിരുന്നു. ജനുവരിയിൽ 71.25 ൽ നിലകൊണ്ട രൂപ പിന്നീട് 77.57 ലേയ്‌ക്ക് ഇടിഞ്ഞ ഏപ്രിൽ മുതലാണ് വിദേശ ഓപ്പറേറ്റർമാർ ഇന്ത്യയിൽ നിക്ഷേപംശക്തമാക്കിയത്.
ബോംബെ സെൻസെക്‌സ് 45,079 ൽ നിന്ന് നേട്ടതോടെയാണ് ട്രേഡിങിന് തുടങ്ങിയത്. ബ്ലൂചിപ്പ് ഓഹരികളുടെ കുതിപ്പിനിടയിൽ വാരത്തിൻറ്റ രണ്ടാം പകുതിയിൽ മുൻവാരം സൂചിപ്പിച്ചപ്രതിരോധമായ 45,811 ലെ തടസം മറികടന്ന് സൂചിക 46,309 വരെ കയറി. വ്യാപാരാന്ത്യം സെൻസെക്‌സ് 46,099 പോയിൻറ്റിലാണ്. ഈവാരം 45,312 ആദ്യ സപ്പോർട്ട് നിലനിർത്തി 46,600 ലേയ്‌ക്ക് ഉയരാനുള്ള ശ്രമം വിജയിച്ചാൽ അടുത്ത ലക്ഷ്യം 47,097 പോയിൻറ്റാവും. അതേ സമയം ആദ്യ താങ്ങ് നഷ്‌ടപ്പെട്ടാൽ സെൻസെക്‌സ് 44,525വരെ സാങ്കേതിക പരീക്ഷണം നടത്താം.
ചരിത്ര നേട്ടം കൈപിടിയിൽ ഒതുക്കിയ ആവേശത്തിലാണ് നിഫ്‌റ്റി സൂചിക. 13,258 ൽ നിന്ന് സർവകാല റെക്കോർഡായ 13,579പോയിൻറ്റ് വരെ സൂചിക കയറിയ ശേഷം ക്ലോസിങിൽ 13,513 ലാണ്. ക്രൂഡ് ഓയിൽ ബാരലിന് 46.56 ഡോളറിലാണ്. എണ്ണ ഉൽപാദനം ഉയർത്തുന്നത് സംബന്ധിച്ച് വ്യക്തമായ ചിത്രം ഇനിയും പുറത്തുവന്നിട്ടില്ല. എണ്ണ ബുള്ളിഷ് മൂഡിലാണെങ്കിലും 50 ഡോളറിന് മുകളിൽ വിൽപ്പന സമ്മർദ്ദത്തിന് ഇടയുണ്ട്. ആഗോള സ്വർണ വില ചാഞ്ചാടി. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1873 ഡോളർ വരെ ഉയർന്ന ശേഷം 1837 ഡോളറായി താഴ്‌ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.