വിദേശ നിക്ഷേപത്തിന്‍റെ തിരിച്ച് വരവിൽ ഇന്ത്യൻ ഓഹരി വിപണിയിൽ കുതിപ്പ്
text_fieldsമുംബൈ: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള പണ പ്രവാഹം ഇൻഡക്‌സുകളുടെ തിളക്കം വർധിപ്പിച്ചു. നടപ്പ് വർഷം വിദേശ നിക്ഷേപം കനത്തത് ഓഹരി സൂചികയുടെ തിരിച്ച് വരവിന് വേഗത പകർന്നു. മാർച്ച്‐ഏപ്രിൽ കാലയളവിലെ വൻ തകർച്ചക്ക് ശേഷം ഇന്ത്യൻ മാർക്കറ്റ് കാഴ്‌ച്ചവെച്ച കുതിച്ചുചാട്ടം വർഷാന്ത്യം വരെ തുടരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
പിന്നിട്ട വാരം ബോംബെ സെൻസെക്‌സ് 1309 പോയിന്‍റും നിഫ്‌റ്റി സൂചിക 367 പോയിന്‍റും വർധിച്ചു. തൊട്ട് മുൻവാരം നാല് ശതമാനം ഇടിഞ്ഞ ഓഹരി സുചിക കഴിഞ്ഞ വാരം മൂന്നര ശതമാനം നേട്ടത്തിലേക്ക് തിരിഞ്ഞു. വാരത്തിന്‍റെ ആദ്യ പകുതിയിൽ പ്രമുഖ ഇൻഡക്‌സുകൾ നേരിയ റേഞ്ചിലാണ് നീങ്ങിയത്. ഇതിനിടയിൽ അപ്രതീക്ഷിതമായി കേന്ദ്ര ബാങ്ക് വായ്‌പാ അവലോകനം മാറ്റിവെച്ചത് വിപണിയെ ഞെട്ടിച്ചെങ്കിലും മുൻ നിര ഓഹരികൾ സ്വന്തമാക്കാൻ ധനകാര്യ സ്ഥാപനങ്ങൾ ഉത്സാഹിച്ചത് കുതിച്ചു ചാട്ടത്തിന് വഴിതെളിച്ചു.
ബോംബെ സെൻസെക്‌സ് മുൻ വാരത്തിലെ 37,388 പോയിന്‍റിൽ നിന്ന് 37,756ലേക്ക് ഉയർന്നാണ് ട്രേഡിങ്ങിന് തുടക്കം കുറിച്ചത്. ആദ്യ ദിനത്തിൽ തന്നെ 37,544ലേക്ക് സൂചിക ഇടിഞ്ഞങ്കിലും പിന്നീട് ചെറിയ അളവിൽ നേട്ടം നിലനിർത്തി. എന്നാൽ വാരത്തിന്‍റെ രണ്ടാം പകുതിയിൽ ബ്ലൂചിപ്പ് ഓഹരികളിൽ ദൃശ്യമായ വാങ്ങൽ താൽപര്യം ഒരുവേള സൂചികയെ 38,739 വരെ ഉയർത്തി.
മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിതാണ് ബോംബെ സെൻസെക്‌സിന് 38,753 പോയിന്‍റിൽ തടസം നേരിടുമെന്ന കാര്യം. വ്യാപാരം അവസാനിക്കുമ്പോൾ സൂചിക 38,697 പോയിന്‍റിലാണ്. ഈ വാരം സെൻസെക്‌സിന് ആദ്യ സപ്പോർട്ട് 37,914 ലും പ്രതിരോധം 39,109 പോയിന്‍റിലുമാണ്.
നിഫ്‌റ്റി സൂചിക പിന്നിട്ടവാരം 11,050‐11,425 റേഞ്ചിൽ ചാഞ്ചാടിയ ശേഷം വ്യാപാരാന്ത്യം 11,417 പോയിന്‍റിലാണ്. ഡെയ്‌ലി, വീക്കിലി ചാർട്ടുകളിൽ വിപണി സാങ്കേതികമായി ബുള്ളിഷായി മാറിയത് നിക്ഷേപകരെ വിപണിയിലേക്ക് അടുപ്പിക്കും.
മുൻ നിര ഓഹരികളായ എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സിയ.ഐ ബാങ്ക്, റ്റി.സി.എസ്, എച്ച്.സി.എൽ, ടാറ്റ സ്‌റ്റീൽ, ആർ.ഐ.എൽ, ബജാജ് ഓട്ടോ, മാരുതി, എം ആന്‍റ് എം, ഒ.എൻ.ജി.സി എന്നിവയുടെ നിരക്ക് ഉയർന്നു.
ഓട്ടോ വിഭാഗം ഓഹരികൾ വാരാവസാനം മുന്നേറി. വാഹന വിൽപന സെപ്‌റ്റംബറിൽ വർധിച്ച വിവരം നിക്ഷേപകരെ ആകർഷിച്ചു. വിപണി ഇനി ഉറ്റ് നോക്കുക സെപ്‌റ്റംബറിൽ അവസാനിച്ച ത്രൈമാസ കാലയളവിലെ കമ്പനികളുടെ കണക്കുകളെയാണ്. പ്രവർത്തന ഫലങ്ങളിൽ ഉണർവ് ദൃശ്യമാവുമെന്ന പ്രതീക്ഷയിലാണ് ഓപറേറ്റർമാർ. ടെക്‌നോളജി വിഭാഗത്തിൽ റ്റി.സി.എസ് അവരുടെ പ്രവർത്തന റിപ്പോർട്ട് ബുധനാഴ്‌ച്ച പുറത്ത് വിടും.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും താഴ്‌ന്നു. യു.എസ് തൊഴിൽ മേഖലയിലെ മരവിപ്പാണ് എണ്ണക്ക് ഡിമാൻഡ് കുറച്ചത്. എണ്ണ വില ബാരലിന് 40 ഡോളറിൽ നിന്ന് 37 ഡോളറിലേക്ക് ഇടിഞ്ഞത് അമേരിക്കൻ‐ യുറോപ്യൻ ഓഹരി വിപണികളെ ബാധിക്കും. ഇതിനിടയിൽ ജാപ്പനീസ് നാണയമായ യെന്നിന്‍റെ മൂല്യം ഡോളറിന് മുന്നിൽ മെച്ചപ്പെട്ടതും ക്രൂഡ് വിലയിൽ പ്രതിഫലിച്ചു. ഫോറെക്‌സ് മാർക്കറ്റിൽ ഇന്ത്യൻ രൂപയുടെ മൂല്യം 73.82 ൽ നിന്ന് 73.34ലേക്ക് വാരാന്ത്യം ശക്തി പ്രാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.