ആഭ്യന്തര മ്യൂച്ചൽ ഫണ്ടുകളുടെ കരുത്തിൽ പുതിയ ഉയരങ്ങൾ തേടാൻ ഓഹരി വിപണി
text_fieldsകൊച്ചി: വിദേശ ഫണ്ടുകളെ കടത്തി വെട്ടുന്ന പ്രകടനം കാഴ്‌ച്ചവെച്ച് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിഫ്‌റ്റിയെ 18,500 ലേയ്‌ക്ക് കൈപിടിച്ച് ഉയർത്തി. ഒന്നര ശതമാനം പ്രതിവാര നേട്ടം സൂചിക നേടിയതിനൊപ്പം 281 പോയിന്റും എൻ.എസ്.ഇ സ്വന്തമാക്കി. ബോംബെ സെൻസെക്‌സ് 737 പോയിന്റ് ഉയർന്നു.
നിഫ്‌റ്റി മെയ് സീരീസ് സെറ്റിൽമെൻറ്റിന് മുന്നോടിയായി നടന്ന ഷോട്ട് കവറിങ് വിപണിക്ക് പുത്തൻ ഉണർവ് പകർന്നു. തൊട്ട് മുൻവാരത്തിൽ 18,450 ന് മുകളിൽ ഇടം പിടിക്കാൻ ക്ലേശിച്ചത് മൂലം 18,203 ലേയക്ക് തളർച്ച സൂചിക ഈ വാരം തുടക്കത്തിൽ നേട്ടത്തിലേയ്‌ക്ക് നീങ്ങിയത് ഫണ്ടുകളെ പുതിയ ബയ്യിങിന് പ്രേരിപ്പിച്ചു.
ആഭ്യന്തര വിദേശ ഫണ്ടുകൾ ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും നിക്ഷപകരായി വിപണിയിൽ അണിനിരന്നതോടെ പ്രാദേശിക ഇടപാടുകാരും വാങ്ങലുകാരായി. ഇതിനിടയിൽ 18,180 ലേയ്‌ക്ക് തളർന്ന വിപണിയെ മുൻ നിര ഓഹരികളുകളുടെ തിളക്കത്തിൽ 18,508 വരെ ഉയർത്തിയെങ്കിലും മാർക്കറ്റ് ക്ലോസിങിൽ നിഫ്‌റ്റി 18,499 ലാണ്.
ഡെയ്‌ലി ചാർട്ട് പരിശോധിച്ചാൽ സാങ്കേതികമായി വിപണി ബുള്ളിഷെങ്കിലും ഇൻഡിക്കേറ്ററുകൾ പലതും ഓവർ ബ്രോട്ടായതിനാൽ തിരുത്തൽ സാധ്യത തല ഉയർത്താം. ഈവാരം 18,280 റേഞ്ചിലെ സപ്പോർട്ട് നിലനിർത്തി 18,600 ലേയ്‌ക്ക് ഉയരാനുള്ള ശ്രമം വിജയിച്ചാൽ അടുത്ത ലക്ഷ്യം 18,725 പോയിൻറ്റായി മാറും.
സെൻസെക്‌സ് 61,729 ൽ നിന്നും മികവോടെയാണ് ഇടപാടുകൾ തുടങ്ങിയത്. ഒരുഘട്ടത്തിൽ സൂചിക 61,483 ലേയ്‌ക്ക് തളർന്ന ശേഷമുള്ള തിരിച്ചു വരവ് സൂചികയെ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരമായ 62,529 പോയിന്റിൽ എത്തിച്ചു. വ്യാപാരാന്ത്യം സെൻസെക്‌സ് 62,501 ലാണ്.
മുൻ നിര ഓഹരിയായ ഐ.ടി.സി 5.67 ശതമാനം മികവിൽ 443 രൂപയായി ഉയർന്നു. സൺ ഫാർമ്മ, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയവ നാല് ശതമാനം മുന്നേറിയപ്പോൾ ഇൻഫോസിസ്, ടി.സി.എസ്, മാരുതി ഓഹരി വിലകൾ മൂന്ന് ശതമാനം തിളക്കം കാഴ്‌ച്ചവെച്ചു.ആർ.ഐ.എൽ, എസ്.ബി.ഐ, എം ആൻറ എം, ടാറ്റാ സ്‌റ്റീൽ, ഇൻഡസ് ബാങ്ക്, എയർടെൽ, എച്ച്. യു.എൽ, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് ഓഹരി വിലകളും ഉയർന്നു.
വിദേശ ഫണ്ടുകൾ പിന്നിട്ടവാരം ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും വാങ്ങലുകാരായി. മൊത്തം 3231 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഈ മാസം അവരുടെ മൊത്തം നിക്ഷപം 20,607 കോടി രൂപയിലെത്തി. കഴിഞ്ഞ മാസം അവർ 5711 കോടിയും മാർച്ചിൽ 1997 കോടി രൂപയുടെയും ഓഹരികൾ വാങ്ങിയിരുന്നു. ആഭ്യന്തര ഫണ്ടുകൾ പോയവാരം 3482 കോടി രൂപ നിക്ഷേപിച്ചു. രൂപയുടെ മൂല്യം 82.66 ൽ നിന്നും 82.86 ലേയ്‌ക്ക് ദുർബലമായെങ്കിലും വെളളിയാഴ്‌ച്ച 82.49 ലേയ്‌ക്ക് കരുത്ത് നേടിയ ശേഷം ക്ലോസിങിൽ 82.56 ലാണ്.
ക്രൂഡ് ഓയിൽ വില ഉയർന്നു. അന്താരാഷ്‌ട്ര ഊർജ ഏജൻസിയിൽ നിന്നുള്ള അനുകൂല വിലയിരുത്തലുകൾ രാജ്യാന്തര എണ്ണ വില ഉയർത്തി. വർഷത്തിൻറ്റ രണ്ടാം പകുതിയിൽ ക്രൂഡ് ഓയിലിന് ചൈനീസ് ഡിമാൻറ് ഉയരുമെന്ന നിഗമനത്തിലാണവർ. ക്രൂഡ് ഓയിൽ വില ബാരലിന് 74.80 വരെ മുന്നേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.