ബി.എസ്.ഇയിൽ ഒഴുകിപ്പോയത് 10 ലക്ഷം കോടി; നിഫ്റ്റിയിലും തകർച്ച
text_fieldsമുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ വെള്ളിയാഴ്ചയും വൻ തകർച്ച. ബോംബെ സൂചിക സെൻസെക്സ് 600ലേറെ പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റി 24100 പോയിന്റിന് താഴെ പോയി. സാമ്പത്തിക വർഷത്തിന്റെ രണ്ടാപാദത്തിന്റെ ലാഭഫലങ്ങൾ പുറത്ത് വരുന്നതും വിദേശനിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നതും ഓഹരി വിപണിയുടെ തിരിച്ചടിക്കുള്ള കാരണങ്ങളാണ്. വെള്ളിയാഴ്ച ഒരു ഘട്ടത്തിൽ സെൻസെക്സിൽ 900 പോയിന്റിന്റെ വരെ നഷ്ടമായിരുന്നു.
ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ 9.8 ലക്ഷം കോടിയുടെ ഇടിവുണ്ടായി. ബോംബെ സൂചികയിലെ കമ്പനികളുടെ വിപണിമൂല്യം 435.1 ലക്ഷം കോടിയിലേക്ക് ഇടിഞ്ഞു. ഇൻഡസ്‍ലാൻഡ് ബാങ്ക്, എം&എം, എൽ&ടി, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ കമ്പനി ഓഹരികളുടെ ഇടിവാണ് തിരിച്ചടിയായത്. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ, എൻ.ടി.പി.സി തുടങ്ങിയ കമ്പനികളും ബോംബെ സൂചികയിൽ നഷ്ടത്തിന് സംഭാവന നൽകി.
വിവിധ ഇൻഡക്സുകളിൽ നിഫ്റ്റി ഓട്ടോ, ബാങ്ക്, മെറ്റൽ, പി.എസ്.യു ബാങ്ക്, റിയാലിറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ രണ്ട് മുതൽ 3.6 ശതമാനം വരെ ഇടിഞ്ഞു. പല ബ്ലുചിപ്പ് കമ്പനികളുടേയും രണ്ടാംപാദഫലത്തിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാകാതിരുന്നതോടെയാണ് വിപണികളിൽ തിരിച്ചടിയുണ്ടായത്.
ഇതിനൊപ്പം വിദേശനിക്ഷേപകർ വിൽപ്പനക്കാരായതും വിപണിക്ക് തിരിച്ചടിയായി. ഇതിനൊപ്പം യു.എസിൽ ട്രഷറി ബോണ്ടുകളുടെ വരുമാനം ഉയർന്നതും ഇന്ത്യൻ ഓഹരി വിപണിയുടെ തിരിച്ചടിക്കുള്ള കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.