നാലാം വാരവും മികവ് നിലനിർത്താനുള്ള ശ്രമം വിഫലം; ഓഹരി വിപണിയിൽ ഇടിവ്
text_fieldsകൊച്ചി: ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ തുടർച്ചയായ നാലാം വാരവും മികവ് നിലനിർത്താനുള്ള ശ്രമം വിജയം കണ്ടില്ല. വിദേശ ഓപ്പറേറ്റർമാർക്ക് ഒപ്പം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും വിൽപ്പനയുടെ മാധുര്യം നുകരാൻ വിപണിയിൽ ഇറങ്ങിയത് മുൻ നിര ഇൻഡക്‌സുകളെ തളർത്തി. ബോംബെ സെൻസെക്‌സ് 721 പോയിൻറ്റും നിഫ്‌റ്റി 171 പോയിൻറ്റും പ്രതിവാ നഷ്‌ടത്തിലാണ്.
വിനിമയ വിപണിയിൽ രൂപയ്‌ക്ക് നേരിട്ട റെക്കോർഡ് മൂല്യ തകർച്ച പ്രാദേശിക ഇടപാടുകാരെ പുതിയ ബാധ്യതകളിൽ നിന്നും പല അവസരത്തിലും പിൻതിരിപ്പിച്ചു. മുൻ നിര ഓഹരികളിൽ നിക്ഷേപത്തിന് വിദേശ ധനകാര്യസ്ഥാപനങ്ങൾ ഉത്സാഹിച്ചെങ്കിലും കേവലം 309 കോടി രൂപയുടെ ഓഹരികൾ മാത്രമാണ് അവർ വാങ്ങിയത്. അതേ സമയം മറ്റ് ദിവസങ്ങളിൽ അവർ 6226 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നീണ്ട ഇടവേളയ്‌ക്ക് ശേഷം ആദ്യമായി ഒറ്റ വാരത്തിൽ രണ്ട് ദിവസങ്ങളിൽ വിൽപ്പനക്കാരായി. അവർ 853 കോടി രൂപയുടെ ബാധ്യതകൾ വിറ്റു, അതേ സമയം ശേഷിക്കുന്ന മൂന്ന് ദിവസങ്ങളിൽ 2999 കോടി രൂപയുടെ ഓഹരികളും അവർ വാരികൂട്ടി.
ഇതിനിടയിൽ വിദേശ നാണയ കരുതൽ ശേഖരം വീണ്ടും ഇടിഞ്ഞു. ജൂൺ 8 വരെ കരുതൽ ശേഖരം 580.252 ബില്യൺ ഡോളറാണ്. ഇതിൽ വിദേശ കറൻസി ആസ്തി 518.089 ബില്യൺ ഡോളറും സ്വർണത്തിലെ കരുതൽ ശേഖരം 39.186 ബില്യൺ ഡോളറുമാണ്. കഴിഞ്ഞ സെപ്തംബറിൽ കരുതൽ ധനം 642.453 ബില്യൺ ഡോളർ വരെ ഉയർന്നിരുന്നു. ഫെബ്രുവരി മുതൽ രൂപയുടെ മൂല്യ തകർച്ച തടയാനായി കേന്ദ്ര ബാങ്ക് 52 ബില്യൺ ഡോളർ ചെലവഴിച്ചു. പിന്നിട്ടവാരം രൂപയുടെ വിനിമയ മൂല്യം 79.25 ൽ നിന്നും റെക്കോർഡ് തകർച്ചയായ 80.04 വരെ ദുർബലമായ ശേഷം വാരാന്ത്യം 79.86 ലാണ്.
ബോംബെ സെൻസെക്‌സ് 54,481 പോയിന്റിൽ നിന്നും കൂടുതൽ മികവിന് അവസരം ലഭിക്കാതെ തളർച്ചയിൽ അകപ്പെട്ടതോടെ സൂചിക 53,216 വരെ ഇടിഞ്ഞങ്കിലും വാരാന്ത്യം അൽപ്പം ഉണർവ് കാണിച്ച് 53,760 ൽ ക്ലോസിങ് നടന്നു. ഈവാരം 54,400‐55,080 ൽ പ്രതിരോധവും 53,150‐52,550 ൽ താങ്ങും പ്രതീക്ഷിക്കാം.
നിഫ്‌റ്റി ഉയർന്ന നിലവാരമായ 16,235 ൽ നിന്നും 16,000 ലെ നിർണായക താങ്ങ് തകർത്ത് 15,872 വരെ തളർന്ന് ഇടപാടുകൾ നടന്നങ്കിലും വ്യാപാരാന്ത്യം 16,049 പോയിന്റിലാണ്. ഈവാരം 15,870 ലെ സപ്പോർട്ട് നിലനിർത്തി 16,230 ലേയ്‌ക്ക് ചുവടുവെക്കാനുള്ള ശ്രമം വിജയിച്ചാൽ 16,400 ലെ ലക്ഷ്യമാക്കി നിഫ്‌റ്റി നീങ്ങും.
മുൻ നിര ഓഹരികളായ ആർ.ഐ.എൽ, സൺ ഫാർമ്മ, ഡോ റെഡീസ്, എം ആൻറ് എം, മാരുതി തുടങ്ങിയവയിൽ നിക്ഷേപകർ താൽപര്യം കാണിച്ചു. അതേ സമയം എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി ഐ.സി.ഐ ബാങ്ക്, ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, വിപ്രോ, ടി.സി.എസ്, ടാറ്റാ സ്‌റ്റീൽ, എയർ ടെൽ തുടങ്ങിയവയ്‌ക്ക് തിരിച്ചടിനേരിട്ടു.
ഡോളർ സൂചിക തിളങ്ങിയതോടെ സ്വർണം തുടർച്ചയായ അഞ്ചാം വാരത്തിലും തളർന്നു. ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷ ഡോളറിനെ ശക്തിപ്പെടുത്തി. ഇതോടെ ഫണ്ടുകൾ സ്വർണത്തിലെ വാങ്ങൽ താൽപര്യം കുറച്ചതിനൊപ്പം പുതിയ ഷോട്ട് പൊസിഷനുകൾക്കും ഉത്സാഹിച്ചു. രാജ്യാന്തര മാർക്കറ്റിൽ നിരക്ക് ട്രോയ് ഔൺസിന് 1742 ഡോളറിൽ നിന്നും 1697 ഡോളറിലേയ്‌ക്ക് ഒരു വേള ഇടിഞ്ഞ ശേഷം വാരാന്ത്യം 1703 ഡോളറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.