ആറാം വാരവും നേട്ടം നിലനിർത്താനുള്ള ഓഹരി വിപണിയുടെ ശ്രമം വിജയം കണ്ടില്ല; തിങ്കളാഴ്ച നഷ്ടത്തോടെ ഓപ്പൺ ചെയ്തേക്കും
text_fieldsകൊച്ചി: ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ ആറാം വാരം നേട്ടം നിലനിർത്താനുള്ള ശ്രമം വിജയം കണ്ടില്ല. ഡെറിവേറ്റീവ് മാർക്കറ്റിൽ ആഗസ്‌റ്റ് സീരീസ് സെറ്റിൽമെൻറ് മുന്നിൽ കണ്ട് ഓപ്പറേറ്റർമാർ ലോങ് കവറിങിന് കാണിച്ച തുടക്കം ബുൾ റാലിയുടെ ആയുസിന് തിരിച്ചടിയായി. സെൻസെക്‌സ് 812 പോയിന്റും നിഫ്‌റ്റി 199 പോയിന്റും പ്രതിവാര നഷ്‌ടത്തിലാണ്.
ആഭ്യന്തര വിദേശ ഫണ്ടുകൾ വിൽപ്പനയ്‌ക്കും നിക്ഷേപത്തിനും ഒപ്പത്തിനൊപ്പം പല അവസരത്തിലും മത്സരിച്ചു. വിദേശ ഓപ്പറേറ്റർമാർ 955 കോടി രൂപയുടെ നിക്ഷേപം നടത്തിയപ്പോൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ പോയവാരം 956 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ആഗസ്‌റ്റിൽ ഇതുവരെ 18,420.9 കോടി രൂപയുടെ ഓഹരികൾ വിദേശ ഫണ്ടുകൾ വാങ്ങി കൂട്ടിയപ്പോൾ പിന്നിട്ട എട്ട് മാസത്തിൽ ഏറെയായി നിക്ഷേപത്തിന് മാത്രം മത്സരിച്ച ആഭ്യന്തര ഫണ്ടുകൾ ഈ മാസം വിറ്റഴിച്ചത് 6555.99 കോടി രൂപയുടെ ഓഹരികളാണ്.
വിനിമയ വിപണിയിൽ വാരാന്ത്യം രൂപ 79.82 ലാണ്. വിദേശ നിക്ഷേപം ഉയർന്നതും രാജ്യാന്തര വിപണിയിൽ ക്രൂഡ് വില സ്ഥിരത കൈവരിക്കുന്നതും അനുകൂലമാണെങ്കിലും ഫോറെക്‌സ് മാർക്കറ്റിൽ പ്രമുഖ കറൻസികൾക്ക് മുന്നിൽ ഡോളർ ശക്തി പ്രാപിച്ചതും രൂപയിൽ സമ്മർദ്ദം ഉളവാക്കുന്നു. ഈ നില തുടർന്നാൽ സമീപ ഭാവിയിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 80 കടന്ന് 80.20 ലേയ്‌ക്ക് സഞ്ചരിക്കാം. യു.എസ് സ്റ്റോക്ക് മാർക്കറ്റിലെ ചലനങ്ങൾ വിലയിരുത്തുമ്പോൾ തിങ്കളാഴ്‌ച്ച ഇന്ത്യൻ മാർക്കറ്റ് ഓപ്പണിങ് വേളയിൽ ശക്തമായ ചാഞ്ചാട്ടങ്ങളെ അഭിമുഖീകരിക്കാം. ആഭ്യന്തര വളർച്ചയും പണപ്പെരുപ്പവുമെല്ലാം ഭീഷണിയായി തുടരുകയാണ്.നിഫ്റ്റി ഐ.ടി സൂചിക 4.5 ശതമാനവും നിഫ്റ്റി ഫാർമ്മ സൂചിക 1.7 ശതമാനവും നിഫ്റ്റി ഹെൽത്ത് കെയർ സൂചിക ഒരു ശതമാനവും ഇടിഞ്ഞപ്പോൾ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 4.4 ശതമാനം മികവ് കാണിച്ചു.
മുൻ നിര ഓഹരികളായ ടി.സി.എസ്, ഇൻഫോസീസ്, വിപ്രാ, എച്ച് സി എൽ, എച്ച്.യു.എൽ, ടാറ്റാ സ്‌റ്റീൽ, സൺ ഫാർമ്മ, എച്ച്.ഡി.എഫ് സി ബാങ്ക്, എച്ച്.ഡി.എഫ്.സി, എൽ ആൻറ് ടി, ആക്‌സിസ് ബാങ്ക്, മാരുതി, എയർടെൽ തുടങ്ങിയവയുടെ നിരക്ക് താഴ്‌ന്നപ്പോൾ എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, എം ആൻറ് എം, ആർ.ഐ.എൽ, ഡോ: റെഡീസ്, ഇൻഡസ് ബാങ്ക്, ഐ.ടി.സി തുടങ്ങിയവയിൽ വാങ്ങൽ താൽപര്യം ദൃശ്യമായി.
ബോംബെ സെൻസെക്‌സ് 59,646 ൽ നിന്നും കൂടുതൽ മികവിന് അവസരം ലഭിക്കാതെ വന്നതോടെ മുൻ നിര ഓഹരികൾക്ക് നേരിട്ട വിൽപ്പന സമ്മർദ്ദം സൂചികയെ 58,603 പോയിന്റിലേയ്‌ക്ക് തളർത്തിയെങ്കിലും വാരാവസാനം സെൻസെക്‌സ് 58,833 പോയിന്റിലാണ്. ഈവാരം സൂചികയ്‌ക്ക് 59,300‐59,850 ൽ പ്രതിരോധവും 58,460‐58,090 ൽ താങ്ങുമുണ്ട്.
നിഫ്‌റ്റി സെപ്‌റ്റംബർ സീരീസ് മികവോടെയാണ് വെളളിയാഴ്‌ച്ച ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. നിഫ്‌റ്റി സൂചിക 17,758 ൽ നിന്നും ഒരു വേള 17,451 ലേയ്‌ക്ക് ഇടിഞ്ഞങ്കിലും വാരാന്ത്യ ക്ലോസിങിൽ സൂചിക 17,558 പോയിന്റിലാണ്. ഈ വാരം 17,430 ലെ ആദ്യ താങ്ങ് നിലനിർത്താനായാൽ 17,704 ലേയ്‌ക്കും തുടർന്ന് 17,825 ലേയ്‌ക്കും ചുവടുവെക്കാം, അതേ സമയം ആദ്യ സപ്പോർട്ട് നഷ്‌ടപ്പെട്ടാൽ നിഫ്‌റ്റി 17,300 റേഞ്ചിലേയ്‌ക്ക് തിരിയാം.
സിംഗപ്പൂർ നിഫ്‌റ്റി ഫ്യൂചറിനെ ബാധിച്ച ദുർബലാവസ്ഥ വിട്ടുമാറിയില്ല. ഇന്ത്യൻ വിപണിയെ അപേക്ഷിച്ച് 114 പോയിൻറ്റ് താഴ്‌ന്ന് 17,444 പോയിൻറ്റിലാണ് സിംഗപ്പൂർ നിഫ്‌റ്റി, അതുകൊണ്ട് തന്നെ തിങ്കളാഴ്‌ച്ച ഇന്ത്യൻ മാർക്കറ്റ് ഇടിവോടെ ഓപ്പൺ ചെയാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.