പ്രതികൂല വാർത്തകൾ സൃഷ്ടിച്ച സമ്മർദത്തിൽ നിന്നും കരകയറാതെ വിപണി
text_fieldsകൊച്ചി: കഴിഞ്ഞ ആഴ്ചയിൽ നിഫ്‌റ്റിയിൽ ഫ്ളാറ്റ് ക്ലോസിങ്. വാങ്ങലുകാരും വിൽപ്പനക്കാരും ഒപ്പത്തിനൊപ്പം ചുവടുവെച്ചത് വിപണിയിലെ മത്സരം വരും ദിനങ്ങളിൽ കുടുതൽ കടുപ്പിക്കാം. മുൻവാരത്തെ അപേക്ഷിച്ച് കേവലം രണ്ട് പോയിൻറ് മാത്രം ഉയരാനെ സൂചികയ്‌ക്കായുള്ളു. അതേ സമയം ബോംബെ സെൻസെക്‌സ് 159 പോയിൻറ് നഷ്‌ടത്തിലുമാണ്.
പ്രതികൂല വാർത്തകൾ സൃഷ്‌ടിച്ച സമ്മർദ്ദത്തിൽ നിന്നും മോചനം നേടാൻ വിപണിക്ക് ഇനിയുമായിട്ടില്ല. അതുകൊണ്ട് തന്നെ പ്രദേശിക നിക്ഷേപകർ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്. വാരത്തിൻറ ആദ്യ നാല് ദിവസങ്ങളിൽ വിൽപ്പനയിൽ പിടിച്ച് നിന്ന വിദേശ ഓപ്പറേറ്റർമാർ വെളളിയാഴ്‌ച്ച നിക്ഷേപത്തിന് ഉത്സാഹം കാണിച്ചു. അതേ സമയം വർഷാരംഭം മുതൽ നിക്ഷേപകരുടെ മേലങ്കി അണിഞ്ഞിരുന്നു ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വാരത്തിന്റെ അവസാന രണ്ട് ദിവസങ്ങളിൽ വിൽപ്പനയിലേയ്‌ക്കും ചുവടു മാറ്റി ചവിട്ടി. രണ്ട് കൂട്ടരും നടത്തിയ പാമ്പും കോണി കളിയിൽ നിന്നും പ്രദേശിക നിക്ഷേപകർ അകന്ന് നിന്നത് ഒരു പരിധി വരെ നഷ്‌ട സാധ്യത കുറക്കാൻ അവസരം ഒരുക്കി.
വിദേശനാണ്യ കരുതൽ ശേഖരത്തിൽ കുറവ് സംഭവിച്ചു. ഫെബ്രുവരി ആദ്യ വാരത്തിൽ 1.494 ബില്യൺ ഡോളർ കുറഞ്ഞ് കരുതൽ ധനം 575.267 ബില്യൺ ഡോളറായി. തൊട്ട് മുൻവാരത്തിൽ കരുതൽ ധനം 576.76 ബില്യൺ ഡോളറായിരുന്നു. 2021 ഒക്ടോബറിൽ, രാജ്യത്തിൻറ്റ കരുതൽ ധനം സർവകാല റെക്കോർഡായ 645 ബില്യൺ ഡോളർ വരെ ഉയർന്നിരുന്നു. പിന്നിട്ടവാരം വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 82.18 ൽ നിന്നും 82.86 ലേയ്‌ക്ക് ദുർബലമായ ശേഷം വാരാവസാനം 82.51 ലാണ്.
മുൻ നിര ഓഹരികളിൽ പലതിനും കാലിടറി. ടാറ്റാ സ്‌റ്റീൽ ഓഹരി വില ഒമ്പത് ശതമാനം ഇടിഞ്ഞ് 108 രൂപയായി. എയർ ടെൽ 770 രൂപയായും എച്ച്.യു.എൽ 2578 ലേയ്‌ക്കും താഴ്‌ന്നു. ടി.സി.എസ് 371 രൂപയിലും സൺ ഫാർമ്മ 1006 രുപയിലും ആക്‌സിസ് ബാങ്ക് 867 ലും എം ആൻറ എം 1365 ലും വ്യാപാരം അവസാനിപ്പിച്ചു. മാരുതി, ഐ.സി.ഐ.സി.ഐ ബാങ്ക്, വിപ്രോ, എൽ ആൻറ് ടി, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയവയ്‌ക്കും തിരിച്ചടി. അതേ സമയം എസ്.ബി.ഐ, ഇൻഫോസീസ്, ടി.സി.എസ്, ടെക് മഹീന്ദ്ര, ആർ.ഐ.എൽ, ടാറ്റാ മോട്ടേഴ്‌സ് ഓഹരി വിലകൾ ഉയർന്നു.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ റേറ്റിംഗ് വീക്ഷണം സ്ഥിരതയിൽ നിന്ന് നെഗറ്റീവ് ആയി മൂഡീസ് ഇൻവെസ്റ്റർ സർവീസ് വെള്ളിയാഴ്ച പരിഷ്കരിച്ചു.
ബോംബെ സെൻസെക്‌സ് 60,841 ൽ നിന്നും ഒരവസരത്തിൽ 60,062 ലേയ്‌ക്ക് തളർന്നങ്കിലും പിന്നീട് കരുത്ത് തിരിച്ചു പിടിച്ച് 60,874 ലേയ്‌ക്ക് ഉയർന്നശേഷം വാരാന്ത്യം 60,682 പോയിൻറ്റിലാണ്. ഈവാരം 60,200 റേഞ്ചിലേയ്‌ക്ക് സാങ്കേതിക പരീക്ഷണങ്ങൾക്ക് മുതിരാം, ഈഘട്ടത്തിൽ പുതിയ ബയ്യർമാർ വിപണിയിൽ തിരിച്ചെത്തിയാൽ സൂചിക 61,000‐61,350 റേഞ്ചിലേയ്‌ക്ക് ഉയരാം, എന്നാൽ ആദ്യ സപ്പോർട്ടിൽ പിടിച്ചു നിൽക്കാനായില്ലെങ്കിൽ സെൻസെക്‌സ് 59,725 ലേയ്‌ക്ക് തളരും.
നിഫ്‌റ്റി 17,652 വരെ താഴ്‌ന്ന ശേഷമുള്ള തിരിച്ചു വരവിൽ 17,918 വരെ ഉയർന്നു. ഏതാണ്ട് 266 പോയിൻറ് ടാർജറ്റിനുള്ളിലാണ് പിന്നിട്ടവാരം സുചിക സഞ്ചരിച്ചത്.
വിദേശ ധനകാര്യസ്ഥാപനങ്ങൾ ഈ വർഷം ഇതിനകം 840 മില്യൺ ഡോളർ മൂല്യമുള്ള ബോണ്ടുകൾ ഇന്ത്യയിൽ നിന്നും വാങ്ങി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അവർ ബോണ്ടുകളിലെ നിക്ഷേപം പിൻവലിക്കുന്നതിനാണ് ഉത്സാഹിച്ചത്. പ്രതിദിനം ശരാശരി എഴ് - എട്ട് മില്യൺ ഡോളർ വീതമായിരുന്നു അവർ വിറ്റഴിച്ചത്. 2021 ൽ 1.6 ബില്യൺ ഡോളറും 2022 ൽ 2.01 ബില്യൺ ഡോളർ ബോണ്ടുകളും വിറ്റു. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1860 ഡോളറിൽ നിന്നും 1885 വരെ ഉയർന്ന ശേഷം വാരാവസാനം 1865 ഡോളറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.